സ്വാഗതം .സുധീര്‍.

15.11.08

രായിരനെല്ലൂര്‍ മലകയറ്റം





വളാഞ്ചേരി പട്ടാമ്പി റൂട്ടില്‍ അര മണിക്കൂര്‍ യാത്ര ചെയ്താല്‍ തിരുവേഗപ്പുറ എന്ന സ്ഥലത്തെത്തും. ഇതിനടുത്താണ്‌ നാരായണത്തു ഭ്രാന്തനാല്‍ അറിയപ്പെടുന്ന രായിരനെല്ലൂര്‍ മല  പണ്ടു പണ്ടു പന്തിരുകുല പെരുമയുടെ പഴയ നാളുകളില്‍, മലക്കു മുകളില്‍ വച്ച് നാറാണത്തുഭ്രാന്തന്‌ ദേവീദര്‍ശനമുണ്ടായെന്നു പറയപ്പെടുന്ന ദിവസമായ തുലാം ഒന്നിന്‌ എല്ലാ വര്‍ഷവും ഈ മല കയറുവാൻ ധാരാളം ജനങ്ങള്‍ എത്തുക പതിവാണ്. .
പണ്ടു മുതല്‍ക്കേ വേദപണ്ഠിതന്മാർക്ക്‌ പേരുകേട്ട സ്ഥലമാണ്‌ തിരുവേഗപ്പുറ.
പണ്ട്‌.. പണ്ട്‌, ചെർപ്പുളശ്ശേരിക്കടുത്തുള്ള ചെത്തല്ലൂര്‍ഗ്രാമത്തിലെ നാരായണമംഗലം മനയില്‍നിന്ന്‌ വേദപഠനത്തിനാണ്‌ നാറാണത്തുഭ്രാന്തന്‍ രായിരനെല്ലൂര്‍മലക്കടുത്തുള്ള തിരുവേഗപ്പുറ എന്ന സ്ഥലത്തെത്തിയതെന്ന് പറയപ്പെടുന്നു. 'നാരായണ മംഗലത്ത്‌ 'ലോപിച്ചാണ്‌ 'നാറാണത്ത്‌' ആയത്‌!. (ഒന്നാം തരം പേരുകളെ ലോപിപ്പിച്ച്‌ ലോപിപ്പിച്ച്‌ ഒരു പരുവമാക്കുക എന്നത്‌ നമ്മുടെ പൂർവ്വ സൂരികളുടെ ഒരു ഹോബിയായിരുന്നു എന്നു തോന്നിയിട്ടുണ്ട്‌. 'രണരാഘവനെല്ലൂര്‍' എന്ന ഒന്നാം തരക്കാരനെയാണ്‌ രായിരനെല്ലൂര്‍ എന്നാക്കികളഞ്ഞത്‌!. കഷ്ടം തന്നെ!.)

 ഞാനും ചങ്ങാതിയും കൂടി  തുലാം ഒന്നിന്‌ ട്രെയിനില്‍ കുറ്റിപ്പുറം  സ്റ്റേഷനിലിറങ്ങി, വളാഞ്ചേരി വന്ന്‌ പട്ടാമ്പിറൂട്ടില്‍ തിരുവേഗപ്പുറക്ക്‌ അടുത്തുള്ള ഒന്നാം മല എന്നയിടത്ത്‌  ബസ് ഇറങ്ങി. പ്രശാന്തസുന്ദരമായ ഗ്രാമീണ ക്കാഴ്ചകൾ കണ്ട്  യാത്രചെയ്യാൻ  ബസിനെ ക്കാൾ നല്ല വാഹനമില്ല!
അവിടെ നിന്നു നോക്കിയപ്പോള്‍ കണ്ടു ; ജനത്തിരക്കിനിടയിലൂടെ ദൂരെ തലയുയർത്തിക്കൊണ്ട്‌ നില്‍ക്കുന്ന രായിരനെല്ലൂര്‍ മലയെ . താഴ്വാരത്തിലെ വള്ളുവനാടന്‍   പ്രകൃതി ഭംഗി  നിറഞ്ഞ ഗ്രാമീണ വെട്ടു വഴിയിലൂടെ പതുക്കെ നടന്നുതുടങ്ങി , മുകളിലേക്ക് .
മലയിലേക്കുള്ള ഇടുങ്ങിയ വഴിയുടെ സിംഹഭാഗവും കയ്യടക്കി കരിമ്പും   പൊരിയും മുറുക്കും ഈത്തപ്പഴവും ജിലേബിയും മറ്റും കാട്ടി പ്രലോഭിപ്പിച്ചുകൊണ്ടിരുന്ന വഴിവാണിഭക്കാരെ തൃണവല്‍ഗണിച്ച്‌ ഞങ്ങൾ മല കയറുവാന്‍    തുടങ്ങി. ആബാലവൃദ്ധം ജനങ്ങള്‍ മല കയറിയിറങ്ങുന്ന കാഴ്ച നമ്മെ സന്തോഷമുണ്ടാക്കുന്ന ഒന്നാണ് . ( കുറഞ്ഞത്‌ നമ്മുടെ മലകയറ്റം തുടങ്ങുന്നതു വരേയ്ക്കെങ്കിലും !).
തെക്കുഭാഗത്തുകൂടെ കയറി പടിഞ്ഞാറു ഭാഗത്തൂടെ ഇറങ്ങുന്നതാണ്‌ നല്ലതെന്ന്‌പഴമക്കാര്‍ പറഞ്ഞു. പക്ഷെ ഞങ്ങള്‍ 'മുന്‍പേ ഗമിക്കുന്ന ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം' എന്ന മട്ടില്‍ ഒരു ദിശ നോക്കി നടന്നു.രായിരനെല്ലൂര്‍ മല  'മിനി ശബരിമല' പോലെയെന്നു ചിലര്‍  പറഞ്ഞു. പക്ഷേ ആരുടെ പേരില്‍ ശരണം വിളിക്കണമെന്ന കണ്‍ഫൂഷ്യന്‍കാരണമാകാം ആരും ശരണം വിളിക്കുന്നുണ്ടായിരുന്നില്ല. ശബരിമല   കയറാന്‍ സമ്മതിക്കാത്തതിന്റെ പ്രതിഷേധം   എന്ന വണ്ണം   ധാരാളം സ്ത്രീകള്‍  കുട്ടികളെയും  കൊണ്ടു  രണ്ടും കല്പിച്ചു മല കയറുന്നുണ്ടായിരുന്നു.

 മലകയറ്റക്കാരില്‍ കൂടുതലും ചെറുപ്പക്കാരായിരുന്നു എന്ന് തോന്നി.   ചിലര്‍ കരിമ്പിന്‍ കഷണം മൃഗീയമായി കടിച്ചു പറിച്ചാണ്‌ നടന്നിരുന്നത്‌. മറ്റു ചിലര്‍ കരിമ്പു വടി തന്നെ കുത്തിപ്പിടിച്ചു നടക്കുന്നതു കണ്ടു. അവ പലതും പക്ഷെ ,മല കയറും തോറും ചെറുതായി വരുകയും മുകളിലെത്തുമ്പോഴേക്കും ഇല്ലാതാവുകയും ചെയ്തിരുന്നു എന്നത് വസ്തുത !. കാട്ടു പുല്ലുകളും കല്ലുകളും  നിറഞ്ഞതാണെങ്കിലും വലിയ കുഴപ്പമില്ലാത്ത വഴി മുന്നിലുള്ളപ്പോള്‍ ചില വിദ്വാന്മാര്‍ പാറകളിൽ അള്ളിപ്പിടിച്ചു കേറുന്നതു കണ്ടു!. മുകളിലേക്കു കയറാനും ഇറങ്ങാനും ഒരേ വഴിയാണ്‌ പലരും തിരഞ്ഞെടുത്തത് എന്നത്‌ പലര്‍ക്കും ഒരു പ്രശ്നമായിരുന്നു.താഴോട്ടു ടോപ്‌ ഗീറില്‍ വരുന്നവര്‍ക്ക് വേണ്ടി ഞങ്ങള്‍ 'മല കയറ്റക്കാര്‍ക്ക്' പലപ്പോഴും ഒതുങ്ങി മാറേണ്ടിയും  വന്നു.
താഴോട്ടുള്ള വരവില്‍ നിയന്ത്രണം നഷ്ടപെടുന്ന ചില 'അബല'കളെ സഹായിക്കാനും ചിലര്‍ സമയം കണ്ടെത്തി എന്നത് പ്രസ്താവ്യമത്രേ  .
വെള്ളക്കുപ്പി എടുക്കാന്‍ മറന്നത്  ചെറിയ പ്രശ്നമായി തോന്നി . ഈ വഴി മൊത്തം നാരാണതു  ഭ്രാന്തന്‍ ദിവസേന കല്ലുരുട്ടിക്കയറ്റിയതാണല്ലോ എന്നോര്‍ത്തപ്പോള്‍ പക്ഷെ, ക്ഷീണം പമ്പ കടന്ന്‌ ശബരി മലയും കടന്നു എവിടെയ്ക്കോ പോയി..
കിതപ്പു മറയ്ക്കാനെന്ന വ്യാജേനെ വഴിയില്‍ നിന്ന്‌ ചിത്രങ്ങള്‍ പകര്‍ത്തുന്നവരെയും, ഫോട്ടോ ഏടുക്കാനെന്ന വ്യാജേന വഴിയില്‍ നിന്ന്‌ കിതപ്പാറ്റുന്നവരെയും, സീനറി നോക്കുന്നവരെയും, കയറിയ സ്പീഡില്‍ ഇറങ്ങാന്‍  പറ്റാതെ കുത്തനെയുള്ള ഇറക്കത്തിൽ നിശ്ചലരായി നിന്നു പരിസരം വീക്ഷിക്കുന്നതായി ഭാവിക്കുന്ന   വല്ല്യമ്മമാരെയും മറികടന്ന്‌ ഞങ്ങള്‍ മുകളിലേക്കു തന്നെ കയറി. പിന്നെയും കയറി... കയറിക്കൊണ്ടേയിരുന്നു. . .
കുറേയെത്തിയപ്പോള്‍ അതാ ഒരു കൊച്ചുകിണര്‍ !. കഷ്ടിച്ച്‌ രണ്ടോ, മൂന്നോ അടി താഴ്ചയില്‍ തെളിഞ്ഞ വെള്ളം!.കുന്നിന്‍ മുകളിൽ ഒരുക്ഷേത്രമുണ്ടത്രേ, എങ്കിൽ ക്ഷേത്രത്തിലേക്ക്  ജലമെടുക്കുന്നത്  ഇവിടെ നിന്നായിരിക്കും .പ്രതീക്ഷ തെറ്റിയില്ല. ശുദ്ധജലം . ദാഹം മാറ്റി മുഖം കഴുകി കുറച്ചു നടന്നപ്പോഴേക്കും മുകള്‍പ്പരപ്പെത്തി.  'അമ്പട ഞാനേ' എന്ന മട്ടില്‍ പരിസരം വീക്ഷിച്ചു.
മുകൾപരപ്പിലെ വിശാലതയിൽ എത്തിയപ്പോൾ നല്ല വെയില്  ആയിരുന്നു ‍. ഏതാണ്ട്‌ ഈ  സമയത്താണ്‌ നാറാണത്തിന്‌ ദേവീദര്‍ശനമുണ്ടായതെന്നു പറയപ്പെടുന്നു. ഒരു ആൽ മരത്തണലിലേക്ക്  മാറി നിന്നു.
അവിടെ  ഒരു ചെറിയ ക്ഷേത്രം  ഉണ്ട് .ക്ഷേത്രത്തില്‍ ശ്രീകോവിലിന്‌ മേല്ക്കൂരയില്ല  എന്നത്    പ്രത്യേകത  ആയി തോന്നി. എന്നാൽ ശ്രീകോവിൽ ഒഴിച്ചുള്ള ഭാഗത്തെല്ലാം മേൽക്കൂരയുണ്ട്‌ !.
മഴയും മഞ്ഞും വെയിലും കൊണ്ട്‌ പ്രകൃതിയോട്‌ താദാത്മ്യം പ്രാപിച്ചുകൊണ്ട്‌ നിൽക്കുന്ന ദേവി..!.

നാറാണത്ത്‌ ഭ്രാന്തനാണ്‌ ദേവീ വിഗ്രഹത്തെ പ്രതിഷ്ടിച്ചതെന്ന്‌ പറയപ്പെടുന്നു.
മലമുകളിൽ 5- 6 ഏക്കറോളം സ്ഥലമുണ്ട്‌. കേറിച്ചെല്ലുന്നിടത്ത്‌ തന്നെ ആണ്  ഈ ദുര്‍ഗാക്ഷേത്രം . അവിടെ ദര്‍ശനത്തിന്‌ നില്‍ക്കുന്നവരുടെ ഒരു ഗംഭീര ക്യൂ!. 'ക്യു 'നില്‍ക്കാന്‍  ആയിരുന്നെങ്കില്‍  ഈ  മല കയറി വരേണ്ട  ആവശ്യമില്ലല്ലോ എന്നോര്‍ത്ത  ഞാനും സുഹൃത്തും ശുദ്ധവായു ശ്വസിച്ച് ആൽത്തറയിലിരുന്നു  അല്പനേരം. തുലാം ഒന്നിനു അതിരാവിലേ സൂര്യോദയത്തിനു മുന്‍പ്‌  ക്ഷേത്രത്തില്‍ പൂജയുണ്ട്‌. ആ സമയത്തും നല്ല തിരക്കാണത്രേ. അതിരാവിലെ മല കയറുന്നതിന്റെ ഹരം അറിയാനായില്ല എന്നതില്‍ അല്പം നിരാശ തോന്നാതിരുന്നില്ല . അത്  മാറ്റാൻ , ഉള്ള സമയം സ്ഥലം ചുറ്റി ക്കാണാന്‍   തിരുമാനിച്ചു.


നാലുപാടും പച്ചപ്പ് . മുകളിൽ നീലാകാശം, സൂര്യൻ. കുറച്ചു കൂടി മരങ്ങൾ  ആവാമായിരുന്നു എന്ന് തോന്നി. മുകളില്‍ നിന്നു താഴേക്കു നോക്കി. വൃക്ഷത്തലപ്പുകൾക്കപ്പുറം   പച്ചപ്പാടം , ദൂരെ ഒരു കൊച്ചു വീട് .  പുകക്കുഴലിൽ നിന്ന് അല്പം പുക ഉയരുന്നുണ്ട്. ദൂരെ നിന്നു  നോക്കുമ്പോൾ അകലത്തിനോടു വല്ലാത്തൊരടുപ്പം തോന്നും. ചുറ്റും  രായിരനെല്ലൂര്‍മലയുടെ സംരക്ഷകരെന്നോണം നില്‍ക്കുന്ന കുന്നുകള്‍ കാണാം. ഭ്രാന്താചലം, മുത്തശ്ശിയാർക്കുന്ന്‌ , ചളമ്പ്രകുന്ന്‌, പടവെട്ടിക്കുന്ന്‌, എന്നീ നാല്‌ ചെറുകുന്നുകള്‍ . തൂതപ്പുഴ  വടക്കുഭാഗത്തുകൂടെ ഒഴുകി ഈ പ്രദേശത്തെ വലം വച്ച്‌ പടിഞ്ഞാറോട്ടു ഒഴുകി ഈ പ്രദേശത്തിന്റെ തെക്കുഭാഗത്തുകൂടെ ഒഴുകി വരുന്ന ഭാരതപ്പുഴയുമായി കൂട്ടുകടവിൽ വച്ച്‌ ചേരുന്നു.
ഇവിടെ  നിന്നാണ്   താഴേക്കു കല്ലുകള്‍     ഉരുട്ടിയിട്ട്  നാറാണത്തു കൈ കൊട്ടി ചിരിച്ചിരുന്നത് .
കുറച്ചുമാറി ഒരു മൂലയില്‍ കല്ലുരുട്ടിയിടാനൊരുങ്ങി നില്‍ക്കുന്ന നാറാണത്ത്‌ ഭ്രാന്തന്റെ ഇരുപതടിയോളം പൊക്കമുള്ള പ്രതിമ കണ്ടു .




മലകേറിവന്നപ്പോഴത്തെ മൂഡിനു എന്തോ, അപ്പോഴേക്കും മാറ്റം വന്നിരുന്നു.മനോരാജ്യം വാരികയിൽ കരുവാറ്റ ചന്ദ്രന്റെ നിരവധി വർഷങ്ങളോളം പ്രസിദ്ധീകരിച്ച  ചിത്രക്കഥയിലൂടെ ആണ്  കുട്ടിക്കാലത്ത്  നാറാണത്ത്‌ ഭ്രാന്തനെ അറിഞ്ഞത്. പിന്നീട്  കവി മധുസൂദനൻ നായരിലൂടെ ഭ്രാന്തന്‍  ഉള്ളിലൊരു തിതിരിയായെരിഞ്ഞു .
ശാന്ത ഗംഭീരനായി നില്‍ക്കുന്ന പ്രതിമയുടെ അടുത്തു നിന്നപ്പോൾ പണ്ടു കേട്ട് മറന്ന 'പറയിപെറ്റ പന്തിരുകുലപ്പെരുമ'യിലേക്ക്‌ മനസ്സു മടങ്ങി. വിവിധ ജാതികളില്‍ വളര്‍ന്ന, പാക്കനാര്‍ . നാറാണത്ത്‌`,രചകന്‍ , പാണനാര്‍ , വള്ളുവന്‍ , അകവൂര്‍ ചാത്തന്‍ , വടുതല നായര്‍  , ഉപ്പുകുറ്റന്‍ , തച്ചന്‍ , കാരയ്ക്കലമ്മ, വായില്ലകുന്നിലപ്പന്‍ ...
വിഭിന്ന ജാതികളില്‍ വളര്‍ന്ന ഇവരെല്ലാം അഗ്നിഹോത്രിയുടെ ഇല്ലത്ത്‌ വരരുചിയുടെ ശ്രാദ്ധമൂട്ടാൻ (അന്നത്തെ സാമൂഹ്യ വ്യവസ്ഥയിലും )നില്‍ക്കുന്ന ഉജ്ജ്വല ദൃശ്യം മനസ്സില്‍ തെളിഞ്ഞു....., ഒപ്പം,
'വാഴ്‌വിന്‍ ചെതുമ്പിച്ച വാതിലുകളടയുന്ന,

പാഴ്‌നിഴല്‍ പുറ്റുകള്‍ കിതപ്പാറ്റിയുടയുന്ന,

ചിറകെട്ടി കേവലത ധ്യാനത്തിലുറയുന്ന,

ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌, നേരു ചികയുന്ന', കവി മധുസൂദനൻ നായരുടെ 'നാറാണത്ത്‌ ഭ്രാന്തൻ'  ചിത്രവും.

അന്ന്.. , ചുടുകാട്ടില്‍ വച്ച്‌ ദേവി വാങ്ങാനായി നിര്‍ബന്ധിച്ച വരത്തെ അരുചിയോടെ തള്ളിക്കളഞ്ഞ വരരുചീപുത്രൻ , വലതുകാലിലെ മന്ത്‌ ഇടതുകാലിലേയ്ക്കു മാറ്റിവാങ്ങിക്കൊണ്ട്‌`, അനിവരതം സ്വാര്‍ഥ മോഹങ്ങളുടെ കല്ലുകളുരുട്ടിക്കേറ്റുന്ന സമൂഹത്തിനോട്‌ പറയാന്‍ ശ്രമിച്ച കാര്യങ്ങൾക്ക്‌ ഇന്നാണ്‌ കൂടുതൽ പ്രസക്തി എന്നു തോന്നി.-   വെട്ടുപാതയ്ക്ക് പുറത്ത് കൂടെ ചരിക്കുന്നവരെ നോക്കി അറിവില്ലായ്മയുടെ കല്ലെടുത്തെറിഞ്ഞ്‌ സമൂഹം ഇന്നും ചിരിക്കു ന്നുണ്ടല്ലോ,.. ഭ്രാന്തൻ ,ഭ്രാന്തൻ.. !!.

താഴ്‌വരയിലേക്ക്‌ ഗാംഭീര്യതോടെ നോക്കുന്ന ശില്‍പത്തിന്റെ പശ്ചാത്തലമായി നീലവാനില്‍വെണ്മേഘങ്ങളെ കണ്ടപ്പോൾ വീണ്ടും ഓര്‍ത്തു ആ വരികൾ...

'കോയ്മയുടെ കോലങ്ങലെരിയുന്ന ജീവിത-

ച്ചുടലക്കു കൂട്ടിരിക്കുമ്പോൾ,

കോവിലുകളെല്ലാമൊതുങ്ങുന്ന കോവിലില്‍

കഴകത്തിനെത്തി നില്‍ക്കുമ്പോള്‍

കോലായിലീക്കാലമൊരു മന്തുകാലുമായ്‌ തീക്കായുവാനിരിക്കുന്നു,

ചീര്‍ത്ത കൂനന്‍ കിനാക്കള്‍തന്‍ കുന്നിലേക്കീ, മേഘകാമങ്ങള്‍ കല്ലുരുട്ടുന്നു.' .
ഈ  .

ഇവിടെ   അടുത്തു തന്നെയുള്ള മറ്റൊരു സ്ഥലമാണ് ഭ്രാന്താചലം.  ഭ്രാന്തനെ കെട്ടിയിട്ടതെന്ന് കരുതപ്പെടുന്ന ചങ്ങലയും അത് കെട്ടിയിട്ട കാഞ്ഞിരമരവും മറ്റും ഇപ്പോഴും അവിടെ  കാണാം ..       
...പിന്നെയും കുറേ കഴിഞ്ഞ്‌..., മദ്ധ്യാഹ്ന തീക്ഷണത കഴിഞ്ഞ്‌, വെയിൽ  ചാഞ്ഞു ,മെല്ലെ മലയിറങ്ങുമ്പോൾ വീണ്ടും മനസ്സില്‍ അലയടിച്ചുണർന്നു, കവിയുടെ മുഴങ്ങുന്ന ശബ്ദം...
പൊട്ടിവലിയുയുന്ന നിശയെട്ടുമുപശാന്തിയുടെ ,

മൊട്ടുകള്‍ തിരഞ്ഞു നടകൊള്‍കേ,

ഓര്‍മയിലൊരൂടുവഴി വരരുചിപ്പഴമയുടെ

നേര്‍വരയിലേക്കു തിരിയുന്നു..


വാല്‍കഷണം:- ഭാരതപ്പുഴയുടെയും, പെരിയാറിന്റെയും തീരത്തായി ചിതറിക്കിടക്കുന്ന പന്തിരുകുലത്തിലെ പിന്‌ഗാമികളെന്നവകാശപ്പെടുന്ന 9 തറവാട്ടുകാരുടെ ജീന്‍ മാപ്പിംഗ്‌ പഠനം തിരുവന്തപുരത്തെ R.G.C.B.T യിലെ DNA വിദഗ്ദ്ധർ നടത്തുന്നുവത്രേ . വംശങ്ങള്‍   തമ്മില്‍ ജനിതക ബന്ധമുണ്ടോ എന്നറിയാന്‍.
കീഴ്ജാതിക്കാരിൽ ചിലരെല്ലാം ഓരോരോ മേഖലകളിൽ തെളിഞ്ഞു വന്നപ്പോൾ പിതൃത്വം ബ്രാഹ്മണനിരിക്കട്ടെ എന്നായതാണ്‌ പന്തിരുകുല സങ്കൽപമെന്ന്‌ എം.ടി. 'പെരുംതച്ചനിൽ' പറയുന്നു . ഫലം എന്തെന്നറിയാന്‍ മനസ്സില്‍ ആകാംക്ഷ .പന്തിരുകുലസങ്കൽപ്പം ഐതിഹ്യമോ അതോ ചരിത്രമോ? ഐതിഹ്യമെന്ന്‌ മനസ്സുപറയുമ്പോൾ ചരിത്രമാകട്ടെയെന്ന്‌ ഹൃദയം പറയുന്നു...
പന്തിരുകുലത്തിലെ ഒന്നാമന്റെ സ്ഥലമായ വേമഞ്ചേരി മനയും രണ്ടാമന്റെ സ്ഥലമായ ഈരാറ്റിങ്ങൾ മനയും പട്ടാമ്പിയിൽ നിന്നും 8 കി.മീ. തെക്കുപടിഞ്ഞാറായുള്ള തൃത്താല എന്ന ഗ്രാമത്തിനടുത്താണ്‌. നാറാണത്ത്‌ ഭ്രാന്തന്റെ മനയും ഇതിനടുത്തായതിനാൽ ചരിത്ര കുതുകികൾക്ക്‌ പന്തിരു കുല പിതാവായ വരരുചിയുടെ യാത്രയുടെ റൂട്‌ മാപ്പ്‌ കണ്ടെത്താവുന്നതാണ്‌. :)
വാലറ്റം:
ചിത്രം 3-ല്‍ നാറാണത്തിന്റെ അനുഗൃഹം തൊപ്പിയില്‍ എറ്റുവാങ്ങാനായി നില്‍ക്കുന്നത്‌ ലേഖകന്‍.

26.9.08

സ്കൂള്‍ കഥകള്‍-3. -ഏഴിലം പാല

25 വര്‍ഷങ്ങള്‍ക്കുമുന്‍പാണ്‌. അന്ന്‌ ഞാന്‍ പനംകുറ്റിച്ചിറ യു. പി. സ്കൂളില്‍ അഞ്ചില്‍ പഠിക്കുന്നു. സ്കൂളിന്റെ കിഴക്കെ ഭാഗത്തുള്ള വീടിന്റെ പറമ്പില്‍ അതിര്‍ത്തിയോടു ചേര്‍ന്ന്‌ ഒരു വലിയ മാവുണ്ടായിരുന്നു.
ഒരു ദിവസം ഉച്ചക്ക്‌ ഇന്റര്‍വെല്‍ സമയത്ത്‌ ഞാന്‍ ബൈജുവിനോട്‌ പറഞ്ഞു.
"ഇന്നലെ രാത്രി നല്ല കാറ്റ്‌ വിശീട്ടിണ്ട്‌ നമുക്ക്‌ കണ്ണി മാങ്ങ പെറക്കാന്‍ പൂവ്വാ..".
"റെഡീ വണ്‍.. ,റ്റു..,ത്രീ..".
ഒന്നാം ക്ലാസിന്റെ പിന്നിലാണ്‌ പ്രസ്തുത സ്ഥലം. ഒന്നാംക്ലാസിന്റെ ഉള്ളിലൂടെ ജനല ചാടി പോയാല്‍ തരക്കേടില്ല എന്നു തോന്നിയ   ഞങ്ങള്‍ മൂന്നു നാലു പേര്‍ അടങ്ങിയ  ആ റേസിംഗ്‌ റ്റീം ഒന്നാം ക്ലാസില്‍ കുതിച്ചെത്തിയപ്പോള്‍ അവിടെ അതാ ഒരു ഘോര സങ്കട്ടനം നടക്കുന്ന കാഴ്ചയാണ് കണ്ടത് ..
ഒന്നാം ക്ലാസിലെ കുഞ്ഞന്മാരൊടൊക്കെ പരമ പുച്ഛമായിരുന്നു ഞങ്ങള്‍ അഞ്ചാം ക്ലാസ്സിലെ 'സീനിയേര്‍സ്‌'കാര്‍ക്കെങ്കിലും, ഞങ്ങള്‍ ഉത്തരവാദിത്വത്തോടെ ഉടന്‍ അവിടെ ബ്രേയ്ക്കിട്ട്‌ നിര്‍ത്തി.
"ആരാണ്ടാ അലമ്പ്‌ ഇണ്ടാക്കണേ" എന്നും ചോദിച്ച്‌ , ഞങ്ങള്‍ ചേട്ടന്മാര്‍ ആ 'നസീറിനെയും ജയനെയും' കോളറില്‍ പിടിച്ച്‌ മാറ്റി. വേര്‍പ്പെട്ട രണ്ടും പിപ്പിരി..പീ എന്നു കരയാന്‍ തുടങ്ങിയപ്പൊ ഞാന്‍ പതുക്കെ ജനല ചാടി പതുങ്ങി ഇരുന്നു..
ഒരു മിനിറ്റ്‌ കഴിഞ്ഞപ്പൊള്‍ കരച്ചില്‍ കെള്‍ക്കാനില്ല എന്നുറപ്പ് വരുത്തിയ ഞാന്‍  തലപൊക്കി നോക്കിയപ്പോളതാ എന്റെ കൂടെ ഉണ്ടായിരുന്ന ബൈജുവും മനോജും ബാബുവും ബഞ്ചിനു മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും തികഞ്ഞ അഭ്യാസികളെ പ്പോലെ ചാടി മറിയുന്നു. "ഇതെന്താദ്‌"എന്ന മട്ടില്‍ കരച്ചിലുകാരടക്കം എല്ലാരും ആരാധനയൊടെ നോക്കി നില്‍ക്കുന്നുണ്ട്‌. ഇടക്കിടക്ക്‌ സൈക്കിള്‍ചവിട്ട്‌ കൂത്തുകാരെപ്പോലെ കൈകള്‍ കുത്തിമറയുന്നു. അഭ്യാസക്കാഴ്ച്ചക്ക്‌ വേണ്ടത്ര സഹായം നല്‍കി കൊണ്ട്‌ ബാബു കാണികളെ പിടിച്ചു മാറ്റി ഒതുക്കി നിര്‍ത്തുന്നുണ്ട്‌.
അവര്‍ അങ്ങിനെ ഷൈന്‍ ചെയ്യുന്നതു കണ്ടപ്പോള്‍ എന്നിലെ അഭ്യാസിയും വെറുതെയിരുന്നില്ല. ഫുഡടിച്ചത്‌ മുഴുവന്‍ ദഹിച്ചു എന്ന് ഉറപ്പു വരുത്തി, കാണികളെയൊക്കെ ഒന്നുകൂടി നോക്കിയശേഷം, 'ഇതൊന്നും നിങ്ങള്‍ക്കൊന്നും കൂട്ട്യാ കൂടില്ല്യാട്ടാ പിള്ളേരേ,വല്ലതും നാലക്ഷരം പഠിക്കാന്‍ നോക്ക്‌' എന്നും പറഞ്ഞ്‌ ഞങ്ങള്‍ ജനല്‍ താണ്ടി .മാങ്ങക്കായി വേലിക്കരികെ മാവിന്‍ പക്ഷെ , ചുവട്ടിലെത്തിയപ്പോഴെക്കും മാങ്ങയൊക്കെ ആമ്പിള്ളേര്‍ കൊണ്ടുപോയിരുന്നു. അപ്പുറത്തെ വീട്ടിലെ വേലക്കാരത്തി തള്ള( ഫിലോമിനക്ക്‌ ദ്യേഷം പിടിച്ച പോലെയുള്ള ലുക്കുള്ള ) വേലിക്കലേക്കും നോക്കി കൈ പുറകില്‍ കെട്ടി നില്‍പ്പുണ്ട്‌. മാത്രമല്ല ,മാള അരവിന്ദന്‍ പറഞ്ഞപോലെ ഒരു 'ശശ്മാന മൂകത'അവിടെ കളിയാടിയിരുന്നു.
'നീ ക്ലാസ്സ്‌ ലീഡര്‍ അല്ലേ? ആ തള്ളയോട്  ചോദിച്ചു നോക്ക്‌ മാങ്ങ കിട്ടും .ഇന്നാളൊരുദിവസം എനിക്ക്‌ 'കിട്ടി'.

ബാബു നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ പതുക്കെ വേലിക്കരികെ ചെന്ന് ചോദിക്കാന്‍ തുടങ്ങിയതു മാത്രം ഒോര്‍മ്മയുണ്ട്‌. പിന്നെ നൊക്കിയപ്പോള്‍ എല്ലാവരുടെയും പിന്നില്‍ ഞാനും ഓടുന്നതാണ്‌ കണ്ടത്‌. മാങ്ങകിട്ടാത്ത നിരാശ തീര്‍ക്കാന്‍ ഞങ്ങള്‍ക്ക്‌ സ്കൂള്‍ കോമ്പൌണ്ടിന്റെ വടക്കു കിഴക്കു മൂലക്ക്‌ വേലിക്കരികെയുള്ള ഏഴിലം പാലമരത്തെയാണ്‌ കിട്ടിയത്‌. അതാവുമ്പോ ആര്‍ക്കും പരാതിയില്ലല്ലോ. മരത്തില്‍ മാങ്ങയില്ലാത്തതിനാല്‍ ഉന്നം തെറ്റുന്ന പ്രശ്നവുമില്ല. തുരു തുരെ കല്ലുകള്‍ പ്രസ്തുത പാലമരം എട്ടു വാങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് .

'കണ്ടാ.. കണ്ടാ.. യക്ഷീടെ ചോര വരുന്നത്‌ കണ്ടാ.!!'
'അതാ മരത്തിന്റെ പശയാടാ.'

അപ്പോള്‍ എതോ ഒരു അരസികന്‍ പറഞ്ഞു- 'കല്ലെറിഞ്ഞവരൊക്കെ പെട്ടു മക്കളേ,.ഇന്നു വെള്ളിയാഴ്ചയാ.പാലപൂത്ത ദിവസൂം.. നന്നായിട്ടുണ്ട്‌..!!. യക്ഷി വരണ ദിവസാണ്‌ വെള്ളിയാഴ്ച'.

ഞങ്ങളാരും അത്‌ വിശ്വസിച്ച ഭാവം നടിച്ചില്ല അഥവാ വിശ്വസിക്കാത്ത ഭാവം നടിച്ചു!!. മനോജിനും സുഭാഷിനും പേടിയില്ലെങ്കില്‍ പിന്നെ 5 എ യില്‍ ലീഡര്‍ ആയ   എനിക്കാണോ യക്ഷിയെ പേടി?
'മാങ്ങയുള്ള മാവിനേ ഏറുകിട്ടൂ' എന്ന പഴംചൊല്ലിനെ പുച്ഛിച്ചുതള്ളിക്കൊണ്ട്‌ ഞാനും പാലമരത്തെ ലക്ഷ്യമാക്കി കല്ലെറിയാന്‍ തുടങ്ങി.

...പിറ്റേന്നു ശനിയാഴ്ച. രാവിലെ ഡയറിയില്‍ നിന്നും മോരുവാങ്ങി സ്കൂളിനു മുന്നിലൂടെയണ്‌ ഞാന്‍ വീട്ടിലേക്കു വന്നത്‌ . വഴിയില്‍ ആള്‍ സഞ്ചാരം കുറവായിരുന്നു. സ്കൂളിനു മുറ്റത്തെത്തിയപ്പോള്‍ എനിക്ക്‌ പാലച്ചുവട്ടിലേക്ക്‌  90  ഡിഗ്രിയില്‍  തല മാത്രം തിരിച്ചു  നോക്കാതിരിക്കാനായില്ല. അവിടെ കണ്ട ആ കാഴ്ച എന്നെ ഞെട്ടിച്ചുകളഞ്ഞു!!

..പാലപ്പൂക്കള്‍ നിറയെ വീണുകിടക്കുന്നപാലച്ചുവട്ടില്‍ വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീരൂപം !!.
പെരുവിരലില്‍ നിന്ന്‌ ഒരു തരിപ്പു കേറിയപോലെ തോന്നി.സര്‍വശക്തിയുമെടുത്‌ ഓടാനൊരുങ്ങവേ പിന്നില്‍ നിന്നും ഒരു വിളി." കുട്ട്യേ.. പൂയ്യ്‌...".
പേടി മാറാന്‍ ഒരു ശ്ലോകമുണ്ടെന്ന് പ്രദീപ്‌ പറഞ്ഞു കേട്ടിട്ടുണ്ട്‌. ആ ശ്ലോകം എനിക്കെന്തുകൊണ്ടോ തീരെ ഇഷ്ടമല്ലായിരുന്നെങ്കിലും പാടാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല.
'അര്‍ജുനന്‍,പല്‍ഗുണന്‍, പ്രാന്തന്‍ കരടിയും....'
എന്നുജപിച്‌ കണ്ണടച്ചുകൊണ്ടോടിയതുകൊണ്ട്‌ ഞാന്‍ വേഗം വീടെത്തി. മോരിന്റെ പകുതി പക്ഷേ, വീടെത്തിയില്ല!

ഞാന്‍ അയ്യപ്പസ്വാമീടെ ഫോട്ടോയുടെ തൊട്ടരികിലുള്ള ജനലിനരുകില്‍ കണ്ണടച്ചു കിടന്നു. കൈ ജനലിന്റെ ഇരുമ്പു കമ്പിയിലും പിടിച്ചു (പേടിച്ചിട്ടൊന്നുമല്ല.ചുമ്മാ ഒരു ധൈര്യത്തിന്‌!). അമ്മ മോരുകടക്കാരനെ ചീത്ത പറയുന്നതു കേട്ടുകൊണ്ട്‌ ഞാന്‍ പതുക്കെ മയങ്ങി.

ഞായര്‍ കഴിഞ്ഞു തിങ്കളാഴ്ച സ്കൂളിലെത്തിയത്‌ സ്വല്‍പം നേരെത്തെയായി. തലേ ദിവസത്തെ മഴയില്‍ നനഞ്ഞ്‌ റോഡില്‍ വീണു കിടക്കുന്ന മണം പോയിട്ടില്ലാത്ത പാലപ്പൂക്കളില്‍ ചവിട്ടി സ്കൂള്‍ മതിലിനടുത്തെത്തി. കുട്ടികള്‍ അധികം പേര്‍ വന്നു തുടങ്ങിയിട്ടില്ല.. മാവിഞ്ചുവട്ടില്‍ അടിച്ചുവൃത്തിയാക്കിക്കൊണ്ട്‌ 'ഫിലോമിനത്തള്ള' മതിലിനരികെ മാറി നില്‍പുണ്ട്‌.
'കുട്ട്യേ,...പൂയ്യ്‌....'.
'ഫിലോമിനത്തള്ള' ആണ്‌.
ഉടുത്തിരുന്ന വെള്ളമുണ്ടിന്റെ കോന്തലയില്‍ നിന്ന് എന്തോ എടുത്ത്‌ നീട്ടികൊണ്ട്‌ അവര്‍ പറഞ്ഞു.
"എന്തേ കുട്ട്യേ ഞാന്‍ വിളിച്ചപ്പോ മിനിഞ്ഞാന്ന് ഓടിപ്പോയത്‌?..ഇതു തരാനാ വിളിച്ചത്‌..".
ഒരു മാമ്പഴമായിരുന്നു അത്‌ .
വാങ്ങി മണത്തുനോക്കിയപ്പോള്‍ അതിന്‌ പാലപ്പൂവിനേക്കാള്‍ മണമുണ്ടായിരുന്നു....

20.2.07

ഒരു പട്ടത്തിന്റെ കഥ

എന്റെ ' സ്കൂള്‍ കഥകള്‍-1 ' എന്ന പോസ്റ്റിന്റെ' കമന്റായി ഒരു സുഹൃത്ത്‌, ഗുരുനാഥന്‍ മാരോടു എനിക്ക്‌ ബഹുമാനക്കുറവുണ്ടോ എന്നു സംശയം പ്രകടിപ്പിച്ചിരിക്കുന്നു.
സത്യമായും ഇല്ല്യട്ടോ. മാതാപിതാക്കളും ഗുരുക്കന്മാരേയും ദൈവതുല്യരായി തന്നെയാണ്‌ കാണേണ്ടത്‌.

കമന്റ്‌ വായിച്ചപ്പോള്‍ താഴെപറയുന്ന കാര്യം ഒരു പോസ്റ്റായി എഴുതാന്‍ തോന്നി.ഈ പോസ്ട്‌ എന്റെ ഗുരുക്കന്മാര്‍ക്കും, മാതാപിതാക്കള്‍ക്കും സമര്‍പ്പിക്കുന്നു.

'തനിയാവര്‍ത്തന'ത്തിലെ ബാലന്‍ മാഷ്‌ കുട്ടികളോട്‌ പറയുന്ന ഒരു കഥയുണ്ട്‌. അതിങ്ങനെ-ഒരിക്കല്‍,. ഒരിടത്ത്‌, ഒരു സുന്ദരന്‍ പട്ടം ഉണ്ടായിരുന്നു.
കുട്ടി എന്നും പട്ടത്തിനെ ആകാശത്ത്  പറത്തും. അതങ്ങനെ വിശാലമായ നീലാകാശത്ത്‌ പറന്നു കളിക്കും..., ഇളം കാറ്റേറ്റ്‌, ഇളം വെയിലേറ്റ്‌...
ഒരിക്കല്‍,പട്ടം ആകാശത്ത്‌ വച്ച്‌ ഒരു സുന്ദരി തത്തയെ കണ്ടുമുട്ടി,അവര്‍ കൂട്ടുകാരായി. തത്ത നമ്മുടെ പട്ടത്തിനോട്‌ പറഞ്ഞു .
" നീ എത്ര സുന്ദരനും കരുത്തനുമാണ്‌. നിനക്കിനിയും ദൂരത്തേക്കു പറക്കാമല്ലോ?".
പട്ടം പറഞ്ഞു.
"പക്ഷേ എന്റെ വാലില്‍ ഒരു നൂലുണ്ട്‌. താഴെ ഒരാള്‍ എന്നെ മുറുക്കെ പിടിച്ചിട്ടുണ്ട്‌.എനിക്കു ഇനിയും ദൂരേക്കു പറക്കന്‍ പറ്റില്ല. ഇടക്കിടക്കു താഴേക്കു പിടിച്ചു വലിച്ച്‌ എന്നെ ശല്യപ്പെടുത്തും ".
അപ്പോള്‍ തത്തമ്മ പറഞ്ഞു.
"നിനക്കു തനിയെ  പറക്കാന്‍ പറ്റുമല്ലോ . നല്ല കാറ്റുണ്ടല്ലോ. ഈ ചരടിന്റെ ആവശ്യമില്ല.".
പട്ടത്തിന്‌ അത്‌ ശരിയെന്നു തോന്നി.പട്ടം കാറ്റിലൂടെ മുകളിലെക്കു പറക്കാന്‍ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ നൂലിന്റെ അറ്റമായി. താഴെ കുട്ടി പട്ടത്തിനെ താഴേക്കു വലിച്ചെങ്കിലും പട്ടം അതു ശ്രദ്ധിക്കാതെ മുകളിലേക്ക്‌ പറക്കാന്‍ ശ്രമിച്ചു.ഒടുവില്‍ എന്തുണ്ടായി. ചരടു പൊട്ടിച്ച്‌ പട്ടം മുകളിലേക്ക്‌ പോയി.ആദ്യം നല്ല രസമായിരുന്നു. പിന്നെ കാഴ്‌ചകള്‍ കണ്ട്‌ പറക്കാന്‍. കുറച്ചു കഴിഞ്ഞ്‌ താഴേക്കു വരാന്‍ നൊക്കിയെങ്കിലും പട്ടത്തിന്‌ അതിനു കഴിഞ്ഞില്ല.പട്ടം ഉയര്‍ന്നുയര്‍ന്ന്‌ കാടില്‍ വട്ടം ചുറ്റി,ചുറ്റി.കൊടുങ്കാറ്റില്‍ പെട്ട പട്ടം ഒടുവില്‍ കീറിപ്പോയി...

ബാലന്‍ മാഷ്‌ കുട്ടികളോട്‌ പറയുന്നു. കുട്ടികളെ, നിങ്ങള്‍ ഈ പട്ടത്തിനെ പോലെയാണ്‌. താഴെനിന്ന്‌ ചരടില്‍ പിടിച്ച്‌ നിയന്ത്രിക്കുന്ന കുട്ടി നിങ്ങളൂടെ മാതാപിതാക്കളേയും ഗുരുനാഥന്മാരേയും പോലേയാണ്‌.
നിങ്ങളുടെ സന്തോഷത്തിനു വേണ്ടി നിങ്ങളുടെ കുതിപ്പിനൊപ്പം നല്ലകാറ്റുള്ള  ദിശയും സമയവും നോക്കി അവര്‍ നൂല്‌ അയച്ചുവിടും . കാറ്റിന്റെ ഗതിക്കനുസ്സരിച്ച്‌ ചിലപ്പോള്‍ താഴേക്കു വലിക്കും.
പട്ടം ഉയര്‍ന്നുയര്‍ന്ന്‌ പറക്കുന്നതുകാണാനാണ്‌ താഴെനില്‍ക്കുന്ന ആള്‍ക്കുമിഷ്ടം. എന്നാല്‍, സ്നേഹത്തിന്റെ, കരുതലിന്റെ, ഒരു നൂലും പിടിച്ചു്‌ നിയന്ത്രിക്കാന്‍ താഴെ നില്‍ക്കുമെന്നു മാത്രം...

ഈ കഥ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌  കേട്ടപ്പോള്‍, കണ്‍കോണില്‍ ഒരു നനവ്‌ ഞാനറിഞ്ഞിരുന്നു.....

17.2.07

സ്കൂള്‍ കഥകള്‍-2. ഒരു കളവും 41 കള്ളങ്ങളും.



ഞാനന്ന്‌ നാലാം ക്ലാസ്സിലോ മറ്റോ ആയിരുന്നു.
ഒരു സുപ്രഭാതത്തില്‍ പള്ളിക്കൂടത്തിലെത്തിയ എന്നെ എതിരേറ്റത്‌,
"നമ്മള്‍ടെ സ്കൂളില്‍ കള്ളന്‍ കടന്നു.!", എന്ന വാര്‍ത്തയാണ്‌.
ടീച്ചര്‍മാരും,മാഷുമാരും സ്റ്റാഫ്‌ റൂമിനടുത്തും മറ്റും നിന്ന്‌ ഗംഭീര ചര്‍ച്ചയിലാണ്‌.
"ഭാഗ്യം! കാര്യയിട്ട്‌ ഒന്നും പോയിട്ടില്ല്യാന്നാ തോന്നണെ മാഷേ",
എന്നൊക്കെ പറയുന്നുണ്ട്‌.
ഓഫീസ്‌ മുറിയുടെ മുന്നിലും, അവിടെയുമിവിടേയും കുട്ടികള്‍ കൂടി നില്‍ക്കുന്നുണ്ട്‌.
"ഇന്നലെ രാത്ര്യാത്രേ കള്ളന്‍ കടന്നത്‌. പോലീസ്‌ ഇപ്പ്പ്പൊ വരും. സംശയിള്ളോരെ ഒക്കേ പിടിച്ചോണ്ടോവും".

"അതിന്‌ ഞാന്‍ ഇന്നലെ സ്കൂളില്‌ക്ക്‌ വന്നിട്ടില്യല്ലോ. എനിക്കേ പന്യാര്‍ന്നു.".
"വന്നില്ല്യേ? എന്നാല്‍  നീ പെട്ടു മോനേ..!"

ജനലിന്റെ ഉള്ളിലൂടെ എത്തിനോക്കി തിരിച്ചു വന്ന രാജു പരഞ്ഞു- "ഓഫീസ്‌ മുറീലെ അലമാര മറിഞ്ഞ്‌ കിടക്കിണ്ട്‌. ചിലപ്പോ കള്ളന്‍ അരകൊല്ല പരീക്ഷേടെ ഉത്തരപേപ്പൊറൊക്കെ എടുത്തു കൊണ്ടോയീണ്ടാവും.".
" നിന്റെ പേപ്പര്‍ ചെലെപ്പൊ കൊണ്ടോയീണ്ടാവും. അതില്‍ത്തെ കോഴിമുട്ട പുഴുങ്ങിതിന്നാലോ.".
ഓഫിസിന്‌ തൊട്ടപ്പുറത്ത്‌ ഏഴാം ക്ലാസ്സാണ്‌. വിരലടയാളം വല്ലതുമുണ്ടെങ്കില്‍ മായാതിരിക്കാനായി ആ ക്ലാസ്സിലുള്ള ചേട്ടന്മാര്‍ വരാന്തയില്‍ ചവിട്ടാതെ,(വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ ഇന്നസെന്റ്‌ ഇത്‌ അനുകരിച്ചിട്ടിട്ടുണ്ട്‌.) ചവിട്ടുപടിയില്‍ നിന്ന്‌ അഭ്യാസികളെപ്പോലെ ക്ലാസ്സിലേക്ക്ക്ക്‌ കാലുകള്‍ നീട്ടിവച്ചു കേറുന്നത്‌ നോക്കിനില്‍ക്കുമ്പോഴാണ്‌ പുതിയ ന്യൂസെത്തിയത്‌.-
"ഒരു സാധനം അവിടെ ചാലില്‍ കെടുക്കുണൂ.കള്ളന്‍ ഇട്ടതാത്രെ".
"ഞാന്‍ ഇല്ല്യ. വല്ല ബോംബാവും".
" ബോംബൊന്നും ആവില്ല്യ.അതെന്തിന ചാലില്‍ ഇടണേ.ഒഫീസ്‌ സ്റ്റാഫ്‌ റൂമില്‍ അല്ലെ   വയ്ക്കാ.  ഇത്‌ കള്ളന്റെ കയ്യീന്ന്` വീണു പോയതാവും."
.നിമിഷ നേരം കൊണ്ട്‌ ഞങ്ങളെല്ലാവരും സ്കൂളിന്റെ അതിര്‍ത്തിയിലെ മതിലിനോട്‌ ചേര്‍ന്ന്‌ ചാലിനടുത്തെത്തി. ആ ചാലിന്റെ അപ്പുറത്ത്‌ ഒരു ഒരു ബാര്‍ ഹോട്ടല്‍ ആയിരുന്നു.
(അതിന്റെ 100 മീറ്ററിനുള്ളില്‍ തന്നെയായിരുന്നു എടക്കുന്നി ക്ഷേത്രവും!. ബാര്‍ ഇപ്പോഴും അവിടെ ഉണ്ടോ ആവോ?).
ചാലില്‍ നോക്കിയപ്പോള്‍ കറുത്തൊരു സാധനം കിടക്കുന്നുണ്ട്‌..
"ദിദെന്തൂട്ടണ്ടാ സാധനം?".
"ഇതൊരു മൈക്രോസ്കോപ്പാണല്ലോ".
"അദെന്തൂട്ട്‌ കോപ്പാ?".
" ഇത്‌ ആകാശത്തേക്ക്‌ നോക്ക്ക്കണ സാധനണ്‌. നമുക്കത്‌ പഠിക്കാന്‍ ഇല്ല്യ.ശാസ്ത്രജ്ഞന്‍   മാരാണ് അത് നോക്ക്വാ "-
"അപ്പൊ ശാസ്ത്രജ്ഞന്‍ ആണോ  കട്ടത്?"
 "ഇന്നാളു സയന്‍സ്  ടീച്ചര്‍ ഇതിലൂടെ മേശപ്പുറത്തു   ഉള്ളിതൊലി നോക്കണ കണ്ടു ഞാന്‍ ."
"ഉള്ളി തൊലി അല്ലാതെ നോക്കിയാലും കാണും. സൂക്ഷിച്ചു നോക്കിയാ മതീടാ."
"ഇതെടുക്കാനാ കള്ളന്‍ വന്നെ?".
"അവശ്യം കഴിഞ്ഞ്‌ കളഞ്ഞിട്ട്‌ പോയതാവും."
എന്നിലെ അപസര്‍പ്പകന്‍ ഉണര്‍ന്നു. കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ ഞാന്‍ തൊണ്ടി മുതലിനടുത്തേക്ക്‌ നടന്നു.പക്ഷേ ചാലിനടുത്ത്‌ കുറ്റിചെടികള്‍ക്കിടക്ക്‌ കുപ്പിചില്ലുകള്‍ക്കൊപ്പം സര്‍പ്പങ്ങളും ഉണ്ടായാലൊ എന്നോര്‍ത്തപ്പോള്‍ അപസര്‍പ്പകനെ ഉറക്കി.
അപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു.-"നീ അതിന്റെ അട്‌ത്തേക്ക്‌ പോണ്ടാ.പോലീസ്‌ നായ വന്നാലിണ്ടല്ലോ, മണം പിടിച്ച്‌ കള്ളനെ പിടിക്കും.അപ്പൊ നമുക്ക്‌ കള്ളനെ കാണാം.".
"അതൊക്കെ സിന്മേലല്ലേ".

"അല്ലടാ സുധീറേ. അതേയ്‌, എന്റെ വീടിനടുത്ത്‌ വീട്ടില്‍ ഒരു കള്ളന്‍  താമസിക്കിണ്ട്‌. അയാള്‍ കറുത്ത ഡ്രെസ്സിട്ട്‌ മേലൊക്കെ എണ്ണ തേച്ച്‌ എന്നും രാത്രി പോവും. പിന്നെ പുലര്‍ച്ചയ്ക്കാ വരവ്‌. കയ്യില്‌ ഒരു ഭാണ്ഡകെട്ടിണ്ടാവും.".

"അ കള്ളന്‍ നിന്റെ വീട്ടില്‌ കക്കാന്‍ വരില്ലേ?.".
" ഏയ്‌. വന്നാലും കാര്യില്ല്യ.എന്റെ ചേട്ടനും ഞാനും കരാട്ടേ പഠിച്ചിട്ടിണ്ട്‌.".
"നിനക്ക്‌ അല്ലെകിലും ബ്രൂസിലീടെ ഒരു കട്ട്‌ണ്ട്‌.".
" അതേയ്‌ നീ പറഞ്ഞാവിശ്വസിക്കില്ല്യ, അതാ ഞാന്‍ പറയാഞ്ഞേ, ഞാനെ, ബ്രൂസിലീടെ പുനര്‍ജന്മാണത്രേ.  വീടിന്റടുത്തുള്ള ഒരു ചേട്ടനും പറഞ്ഞു.ഞാന്‍ ജനിച്ചതും, ബ്രൂസിലി മരിച്ചതും 1973 ലാണ്‌.".
"ഞാനും 1973 തന്ന്യാ". ആഹ്ലാദത്തോടെ ഞാന്‍ പറഞ്ഞു.
"എന്താ ഗുണം. നിനക്ക്‌ എന്റത്ര ഇടിക്കാന്‍ അറിയില്ലല്ലോ" എന്നു പറഞ്ഞ്‌ അവനെന്റെ വയറ്റില്‍ ചെറിയ ഒരിടിയും തന്നപ്പോള്‍ എനിക്കെല്ലാം സമ്മതിക്കേണ്ടിവന്നു.

തിരിച്ച്‌ ക്ലാസ്സിലേക്ക്‌ നടക്കുമ്പോള്‍ ഒരു കാര്യം ഷൈജനോട്‌ പരഞ്ഞുതീര്‍ത്തപ്പോഴാണ്‌ എനിക്കു ആശ്വാസമായത്‌.- "അതേയ്‌, വേറാരോടും പറയണ്ട,ഇന്നാളൊരൂസം,ഞാന്‍ ഒറ്റക്ക്‌ മുറ്റത്ത്‌ നിക്കായിരുന്നൂട്ടാ, അപ്പ്‌ളേ, ഒരു ഹെലികോപ്റ്ററ്‌ മോളീക്കൂടെ വരണ്‌ കണ്ടു.
എന്റെ കയ്യില്‌ ഒരു കവണ ഇണ്ടാര്‍ന്നു. ഞാന്‍ ഒരു വല്യേ കല്ല്‌ വച്ച്‌ ഇള്ള ശക്തി ഒക്കെ എടുത്ത്‌ അതിന്റെ നേരെ ഒറ്റ അലക്കാ അലക്കി. കൊള്ളില്ല്യാന്നാ വിചാരിച്ചത്‌. എനിക്ക്‌ അത്ര ഉന്നം ഒന്നും ഇല്ല്യാട്ടാ.
കൊര്‍ച്ച്‌ കഴിഞ്ഞപ്പ്‌ളേ, ഠേ!! എന്നൊരു ശബ്ദം. ആകെ പൊക. ഞാന്‍ വേഗം വീട്ടിലിക്ക്‌ ഓടിപ്പോയി.സത്യം!. ഞാനിത്‌ ആരോടും പറഞ്ഞില്ല. നീയ്യും ആരോടും പറയണ്ടാട്ടാ".

2.2.07

അന്തപ്പേട്ടന്റെ ഒരു കാര്യം.!





ലഹരിപ്പുറത്തായാല്‍ നാട്ടുകാരെ മുഴുവന്‍  വീട്ടു പടിക്കൽ വന്നു അസഭ്യം പറയുമെന്നല്ലാതെ ഒരു ദൂഷ്യവും ഇല്ലാത്ത, എന്റെ കുട്ടിക്കാലത്ത്  ഞങ്ങളുടെ നാട്ടിലെ നിരുപദ്രവകാരി ആയ ഒരു സാധൂബീഡിക്കാരൻ ആയിരുന്നു അന്തപ്പേട്ടൻ.മറ്റുസമയത്തൊക്കെ ഇഷ്ടന്‍ സല്‍സ്വഭാവി.

മേല്‍പറഞ്ഞ വികൃതിക്കുള്ള 'പ്രതിഫലങ്ങള്‍' , നാളെയാകാം,മറ്റന്നാളാകം എന്ന്
മടിച്ചുനില്‍ക്കാതെ ചിലര്‍  അപ്പപ്പോളും  കൊടുത്തുപോന്നിരുന്നു.
അന്തപ്പേട്ടന്‍ അവയൊക്കെ സന്തോഷത്തോടെ വാങ്ങി വയ്ക്കും.ഇങ്ങിനെ ഏതാനും പല്ലുകള്‍ നഷ്ടപ്പെട്ടതിന്റെ   വേദനഅന്തപ്പേട്ടന്‍  പുറത്തു കാണിച്ചിരുന്നില്ല .പല്ല് നഷ്ടപ്പെട്ട വിടവ് തീർച്ചയായും മറ്റുള്ളവരുടെ മുന്നില്  അഭിമാനത്തോടെ  കാണിച്ചിരുന്നു.'കടം വാങ്ങിയാലും അടി വാങ്ങിയാലും തിരിച്ചുകോടുക്കരുത്‌' എന്നാണ്‌ ഇഷ്ടന്റെ ഒരു പോളിസി.

അന്തപ്പേട്ടനെ ഓര്‍ത്താല്‍ എനിക്ക് ഓര്‍മയില്‍ അദ്യം കടന്നു വരുന്നത്‌'ബാലരമ'യിലെ ശിക്കാരി ശംഭുവിന്റേതുപോലെ, ദേഷ്യം വരുമ്പോള്‍ നിവരുകയും,പേടിക്കുമ്പോള്‍ താഴേക്കു വളയുകയും ചെയ്തിരുന്നു എന്ന്‌ അസൂയക്കാര്‍ പലരും പറഞ്ഞുപരത്തിയിരുന്ന, പ്രത്യേകമായി നിര്‍മ്മിച്ച  മീശയാണ്‌. അതിനു കണ്ണുപറ്റാതിരിക്കാനുതകുന്ന ഒരു ജാതി മൂക്കും അദ്ദേഹത്തിനുണ്ടായിരുന്നു.


മൂവന്തികള്ളുകുടിക്കുന്ന അവസരത്തില്‍ , അതിലടങ്ങിയിട്ടുള്ള ഈച്ച,ഉറുമ്പ്‌ തുടങ്ങിയ ഹിംസ്ര ജന്തുക്കളെ വായിലെത്തുന്നതിനു മുന്‍പേ അരിച്ചുമാറ്റാനുള്ള ഒരു ഫില്‍ട്ടര്‍ ആയി വര്‍ത്തിച്ചിരുന്നു, പ്രസ്തുത  മീശ , എന്ന വസ്തുത അദ്ദേഹം പലപ്പോഴും നന്ദിയോടെ ഓര്‍മ്മിച്ചിരുന്നു.

അമ്പിളി അമ്മാവനെ പിടിച്ചുകൊടുക്കാമെന്ന്‌ വാഗ്ദാനം ചെയ്തിട്ടുപൊലും 'മാമുണ്ണാന്‍' കൂട്ടാക്കാത്ത കുട്ടിക്കുറുമ്പന്മാരെയും, ചാറ്റല്‍മഴയത്ത്‌ ദിഗംബരരായി ചളിയില്‍ കുത്തിമറിയുന്ന വികൃതികളേയും  പേടിപ്പിക്കാന്‍ നാട്ടിലെ യുവ മ്മമാര്‍ അന്തപ്പേട്ടന്റെ സഹായം തേടാറുണ്ട് .

"അന്തപ്പേട്ടാ, ഈ ചെക്കനെ പിടിച്ചൊണ്ടക്കോട്ടാ.." വടക്കേലെ  മേര്യീച്ചി പറഞ്ഞു..

ഇതു കേട്ട പാതി കേള്‍ക്കാത്ത പാതി   അന്തപ്പേട്ടന്‍ മീശപിരിച്ചുകൊണ്ട്‌ ,ഐതിഹാസികമായ ഒരു പോസ്‌ കാണിച്ചു .പക്ഷേ....,
നിങ്ങള്‍ക്കറിയോ, മീശയുടെ മാഹാത്മ്യം മനസ്സിലാക്കിയിട്ടില്ലാത  ആ പീറ ചെക്കൻ ഒരു ജാതി 'ആക്കി ചിരി'  ചിരിക്കുകയാണ് ചെയതത് !കഷ്ടം തന്നെ .
" പിള്ളാര്ക്ക് പഴേ പോലെ പേട്യൊന്നും ഇല്ല്യണ്ടായി " അന്തപ്പേട്ടൻ ഒരു സാധു ബീഡി കൊളുത്തി.
"മീശകണ്ടാല്‍ മനസ്സിലാകണ പ്രായൊന്നും ഈ ക്‍ടാങ്ങള്‍ക്ക്ക്കായിട്ട്‌ല്ല്യ അന്തപ്പേട്ടാ"
ആരോ  സമാധാനിപ്പിച്ചു.


" ഈ മീശക്കെന്താ വളം?.ഒരു അരക്കിലോ കിട്ട്വോ?.അംബൈസ തരാം." . എന്ന് ഇവന്റെ ചേട്ടൻ ഒരുത്തൻ.

" പോടാ ചെക്കാ അവിട്‌ന്ന്‌, നിന്റെ പോലെ മൂക്കിള ഒലിപ്പിച്ച്‌ നടന്നാലൊന്നും വളരണ
സാധനല്ല ഇത്‌.  കൊറച്ചു  മൊള്‍ക്‌പൊടീം, ഡി ഡി റ്റീം കൂടി തേച്ചാമതീടാ വേഗം വളരും".
******

 മൂവന്തിക്ക്  ഷാപ്പില്‍ നിന്നിറങ്ങി മുന്നിലെ  ഇടവഴിയില്‍   അന്തപ്പേട്ടന്‍ കുറച്ചുനേരം  ബാലന്‍സ് ചെയ്ത് ഒരു നില്‍പ്പ്‌ പതിവുണ്ട്‌. ആ അവസരത്തില്‍ ഇഷ്ടന്റെ മുഖത്ത് 'ചുണ്ടെലിക്കു ദേഷ്യം വന്ന പോലെ‌'എന്ന്‌  തോന്നുമാറ്‌  ആ മീശ വിറ കൊണ്ടിരുന്നു.

5 മിനിട്ടോളം നിന്നശേഷം എന്തൊക്കെയോ പിടികിട്ടിയെന്ന ഭാവേന 'ഒല്ലൂര്‍ ഡേവീസി'ലേക്ക് ഒരു പോക്കാണ്‌.
ആഴ്ച്ചയില്‍ രണ്ടു മൂന്ന് സിനിമകളെങ്കിലും ചങ്ങായി കാണാതിരിക്കില്ല.
ഒരു ദിവസം ഒരു ഞായറാഴ്ച ബോറടിച്ചിരുന്ന എന്റെ മുൻപിൽ അന്തപ്പെട്ടാൻ ഹെര്‍ക്കുലീസിൽ വന്നിറങ്ങി.
"ഇന്ന് ഏതു സിന്മ്യാ കണ്ടേ ചേട്ടാ ".

"പഴേ സിന്മ്യാണ്‌ ഇമ്മടെ വീക്‌ക്‍നെസ്സ്‌.  പഴേ സിന്മ മാത്രേ എനിക്ക് ഇഷ്ടള്ളോ . ജയനും നസീറിന്റെയും ഒന്നും ആക്ഷന്‍ സീന്‍  ഒന്നും ശര്യല്ല.. എം.ജി.ആറിന്റെ വാലില്  തൊടാന്‍പോലും പറ്റില്ല്യ ക്ടാവേ ഇപ്ലത്തേ നടന്മാക്ക്‌ " .


"അതിന്‌ എം.ജി.ആറിന്‌  വാല്‌ ഇണ്ടാര്‍ന്നോ  അന്തപ്പേട്ടാ ? ".


"*#$**£;;". 
ഒരു ദിവസം   പതിവു തെറ്റിക്കാതെ,വര്‍ഗീസിന്റെ കള്ളുഷാപ്പില്‍ ദാഹം തീർത്ത് , വഴിയില്‍  5 മിനുറ്റ്‌ ഹാള്‍ട്ട്‌ ചെയ്തതിനുശേഷം ,ജാംബവാന്‍ ഉപയോഗിച്ചിരുന്നതെന്ന്‌ നാട്ടുകാരാൽ പറയപ്പെടുന്ന തന്റെ സൈക്കിളിനടുത്തു ചെന്ന്‌ ,

" പടം തൊടങ്ങണ  നേരാവുംബ്ലക്കും എന്നെ സിനിമാ കൊട്ടായീലിക്ക് എത്തിച്ചീല്യെങ്ങീ  നിന്നെ ഞാന്‍ ചവിട്ടിക്കൂട്ടി പപ്പ്‌ട പരുവാക്കൂട്ടാ" 

എന്നു അന്തപ്പെട്ടാൻ പറഞ്ഞപ്പോഴേക്കും.., ...പറഞ്ഞാല്‍ വിശ്വസിക്കില്ല.., പാപ്പാനെ ആന പുറത്തുകേറ്റാനെന്നവണ്ണം,  പാവം ശകടം, അനുസരണയോടെ ചരിഞ്ഞ്‌ ഒരു പെഡല്‍ പൊക്കി, നിന്നു.
സീറ്റിൽ തൊട്ടു കുരിശു വരച്ചശേഷം സീറ്റിൽ കേറിയിരുന്നതിനുശേഷം , തികഞ്ഞ ഒരു അഭ്യാസിയെ പോലെ, അന്തപ്പേട്ടന്‍ തിയേറ്ററിലേക്ക്  കുതിച്ചു. തിയേറ്ററില്‍ നിന്നും " ഞാന്‍ അണയിട്ടാള്‍ അത്‌ നടത്തിവിട്ടാല്‍" എന്ന പാട്ടും പാടികൊണ്ട്‌ ,സീറ്റിനടിയില്‍ സ്പ്രിങ്ങില്ലാത്ത സൈക്കിളിലേറിയുള്ള ആ  വരവില്‍,കുതിരപ്പുറത്ത്‌ വരുന്ന എം.ജി. ആര്‍ ആണ്‌ താന്‍ എന്ന്‌ അന്തപ്പേട്ടന്‌ തോന്നിയത് ഒരു തെറ്റാണോ ?  റോഡുവക്കില്‍ എന്തോ നഷ്ടപ്പെട്ടതുപോലെ തിരഞ്ഞു കൊണ്ടിരുന്ന ശ്വാനവര്‍ഗത്തിലെ ഒരു ജൂനിയര്‍ മെമ്പര്‍, ഈ പാട്ടിലാകൃഷ്ടനായി ഒന്നു തിരിഞ്ഞു നോക്കി; അന്തപ്പേട്ടനെ.

എം.ജി.ആറിന്റെ സിനിമ കണ്ടിട്ടില്ലാതിരുന്നആ പട്ടി നിര്‍ഭാഗ്യവശാല്‍ ചിരി അടക്കാനാവാതെ ഒന്ന് കുരച്ചുപോയി.
...പക്ഷേ,അന്തപ്പേട്ടന്‍  കണ്ടതെന്താ...?! ..

....തന്റെ കുതിരയുടെ മാര്‍ഗം തടസ്സപ്പെടുത്തിക്കൊണ്ട്‌ ദാ കിടക്കുന്നു ഒരു ഭയങ്കരന്‍ മുതല...
"ഹൂം.. എന്നോടാ  കളി.."
എന്നും പറഞ്ഞ്‌അന്തപ്പേട്ടന്‍ സൈക്കിളിന്റെ കടിഞ്ഞാണ്‍ വലിച്ച്‌, ചാടിയിറങ്ങി..

"ഇനി എനിക്കെന്റെ വഴി.., നിനക്കു നിന്റെ വഴി" എന്നു പറഞ്ഞ്‌ സൈക്കിള്‍ ചാടി തുള്ളി വടക്കോട്ടു പോയപ്പോള്‍ അന്തപ്പേട്ടന്‍ പട്ടീടെ മുന്നിലോട്ടും പോകപ്പെട്ടു.

"മുതലയുമായുള്ള മല്‍പ്പിടുത്തമൊന്നും എനിക്കു പുത്തരിയല്ലെടാ".

മറുപടിയായി പട്ടി വെറുതെ ഒന്നു മുരണ്ടു.

...അന്തപ്പേട്ടന്‍ പിന്നോട്ടുപോയില്ല.., പോകില്ല..കാരണം,
വെറുംകൈ കൊണ്ട്‌ മുതലയുടെ വായ്‌ പിടിച്ചുകീറിയ
എം.ജി.ആറാണ്‌ അന്തപ്പേട്ടന്റെ മനസ്സില്‍.!..

ഒരു വ്യാഘ്രത്തെപ്പോലെ അന്തപ്പേട്ടന്‍ മുഴുനീള ഡൈവ്‌ ചെയ്തു.
ഇടം കൈ കൊണ്ട്‌ പിടിച്ചത്‌ പട്ടിയുടെ മേല്‍ത്താടിയില്‍;വലം കൈകൊണ്ട്‌ കീഴ്‌ത്താടിയിലും.

ചിരിക്കാനൊരുങ്ങിയ ആ നായകുമാരന്‍ പക്ഷെ വേദനയെടുത്തപ്പോള്‍ പ്രതിരോധിച്ചു.  10 മിനിട്ട്‌ നീണ്ടു നിന്ന സങ്കട്ടനം  മടുത്ത്, മുതലയുടെ വായ്‌ രണ്ടായികീറല്‍  വിചരിച്ചത്ര എളുപ്പമല്ല എന്നു മനസ്സിലാക്കി, "നിന്നെ പിന്നെ കണ്ടോളാടാ "എന്നും പറഞ്ഞ്‌ വിട്ടുപോരാന്‍ തുനിഞ്ഞ അന്തപ്പേട്ടനെ , ഇതിനോടകം പല്ലില്‍ വെല്‍ഡ്‌ ചെയ്യപ്പെട്ട കൈകള്‍ അതിനു സമ്മതിച്ചില്ല.

ഒരുവിധം രണ്ടിനേയും രണ്ടാക്കി മാറ്റി ഒലക്കവാസ്വേട്ടന്‍ ചോദിച്ചു.

" എന്തൂട്ടാ അന്തപ്പേട്ടാ ഈ കാണിച്ചേ ?, ആ പാവം പട്ടിടെ മെയ്ക്കട്ടുകേറണ്ട വല്ല ആവശ്യൂണ്ടാര്‍ന്നോ?. " .

" പട്ട്യായാലും, മൊതല്യായാലും ആ ശവീടെ രണ്ട്‌ പല്ല്‌ ഞാന്‍ പറിച്ചെട്ത്തിട്ട്‌ണ്ട്‌.. ദാ .." .

" അത്‌ പല്ലൊന്നല്ലടോ . തന്റെ വെരലിന്റെ കഷ്ണാണ്".


രണ്ടു  ദിവസം കഴിഞ് അന്തപ്പെട്ടന്‍  ആരാധകരോട് പറഞ്ഞു.

"ഞാന്‍ മുതലയ്ക്കിള്ള പിട്യാ പിടിച്ചെ,കൈ സ്ലിപ്പായീ, പട്ട്യാന്നു പിന്നെ അല്ലെ മനസ്സിലായത് . അപ്പൊ ഞാനാകെ അന്തം വിട്ടുപോയീടാ .അതോണ്ടണ് , അല്ലെങ്കി ഞാൻ ആ ശവീനെ ചവിട്ടിക്കൂട്ടി... ".

7.1.07

വിയ്യൂര്‍ വിശേഷങ്ങള്‍.

സാംബശിവന്റെ ഭാഷയില്‍ പറഞ്ഞാല്‍ , തൃശ്ശിവപെരൂരില്‍ നിന്ന്‌5 കിലോമീറ്റര്‍ വടക്കോട്ടു മാറി സ്ഥിതി ചെയ്യുന്ന വിയ്യുര്‍ ഗ്രാമത്തെ രണ്ടായി വിഭജിച്ചു കൊണ്ട്‌ഷൊര്‍ണൂര്‍ റോഡ്‌ തെക്കുവടക്കായി നീണ്ട്‌ കിടക്കുന്നു.

വടക്കേയറ്റത്ത്‌ ശിവക്ഷേത്രവും തെക്ക്‌ മണലാര്‍ക്കാവ്‌ ക്ഷേത്രവും ഇതിനു നടുക്കായി വിയ്യുര്‍ പള്ളിയും ഉണ്ടെങ്കിലും വടക്കെയറ്റത്തുള്ള സെന്റ്രല്‍ ജയിലാണ്‌ വിയ്യൂരിന്റെ പേര്‌ പ്രശസ്തമാക്കിയത്‌.

തൃശ്ശൂര്‍ കോര്‍പ്പറേഷനായതോടെ ഇവിടത്തെ ജനസാന്ദ്രത വളരെ വര്‍ദ്ധിച്ചിരിക്കുന്നു. ഗവ: എഞ്ചിനീയറിംഗ്‌ കോളേജ്‌,വിമല കോളേജ്‌, ആകാശവാണി, എന്നിവ തൊട്ടടുത്ത്‌ കിടക്കുന്നു. വിപുലമായ ഗ്രന്ഥസമ്പത്തുള്ള ഒരു ഗ്രാമീണ വായനശാലയും വിയ്യൂരുണ്ട്‌.
(ചുമ്മാതല്ല അഴിക്കോടും,പവനനും ഒക്കെ വിയ്യുര്‍ വാസികളായത്‌.) .

പണ്ട്‌ അര്‍ജ്ജുനന്‍ വില്ലുകുത്തി ചാടുകയുണ്ടായത്രെ.
കുത്തിയത്‌ വടക്കുന്നാഥന്‍ ക്ഷേത്രാങ്കണത്തിലും, വന്നുവീണത്‌ വിയ്യൂര്‍ ശിവക്ഷേത്രത്തിലും !.

ഈ രണ്ട്‌ സ്ഥലങ്ങളേയും തമ്മില്‍ ബന്ധിപ്പിച്‌ ഒരു ചാപം(വില്ല്) വരച്ചാല്‍ കിട്ടുന്ന ഇടമാണ്‌ വില്‍ വട്ടം- ഞങ്ങളുടെ പഞ്ചായത്ത്‌.

വില്ലൂരിയ സ്ഥലമത്രെ വില്ലൂര്‍.പിന്നെയത്‌ വിയ്യൂരായി!!.
( വന വാസകാലത്‌ പാണ്ഡവരുടെ മുഖ്യ ഹോബി ഇങ്ങനെ സ്ഥലനാമീകരണത്തിന്‌ പാത്രീഭൂതരാകുക എന്നതായിരുന്നുവത്രെ.).

ഞങ്ങള്‍ വിയ്യൂര്‍ക്കാരുടെ ദേശീയോത്സവമെന്ന്‌ മണലാര്‍ക്കാവ്‌ വേല.

തുലാമാസത്തിലെ തിരുവോണം നളിലെ പോത്തോട്ടം വേലയാഘോഷതിന്റെ നാന്ദി കുറിക്കുന്നു.പഴയ കാര്‍ഷിക സംസ്കാരത്തിന്റെ ഭാഗമായിരുന്നു ഈ ആചാരം.

ധനുമാസത്തിന്റെ അവസാനവാരത്തിലെ പറയെടുപ്പിന്റെ മേളമാണു പൂരത്തിന്റെ കേളികൊട്ട്‌. മണലാര്‍ക്കാവ്‌` വേലയെ വിയ്യൂര്‍ പൂരം എന്നും, വിയ്യൂര്‍കാവടിയെന്നും അഭിരുചിക്കനുസരിച്‌ ചിലര്‍ വിളിക്കാറുണ്ട്‌.

പത്തിലധികം അരുന്ന വിഭാഗക്കാരുടെ കാവടികളിലൊന്നിലും ബാന്റ്‌ വാദ്യം ഉണ്ടാവില്ല എന്നത്‌ പ്രത്യേകത. മത്സരാടിസ്ഥാനത്തിലല്ല കാവടി ആഘോഷിക്കുന്നത്‌.

എങ്കിലും ആരോഗ്യകരമായ ചെറിയൊരു മത്സരം ഇല്ലാതില്ല.
പൊതുവെ എല്ലാ വിഭാഗക്കാറും അച്ചടക്കം പാലിക്കുന്നു എന്നു പറയാം.

(കത്തിക്കുത്ത്‌, തൊഴുത്തില്‍ കുത്ത്‌ ഇവയൊന്നും ഇല്ല. വെള്ളമടിച്ചാല്‍ ചാലില്‍ കിടക്കണം.അല്ലാതെ അടികൂടാന്‍ പോകരുത്‌ എന്നാണ്‌ വിയ്യൂരിലെ വേലദിന മദ്യപന്മാരുടെ പോളിസി.) .

തുടരും...
Related Posts with Thumbnails