സ്വാഗതം .സുധീര്‍.

28.12.06

സ്ക്കൂള്‍ കഥകള്‍-1.

ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന ദിവസം അമ്മയുണ്ടായിരുന്നു കൂടെ.
നേരിയ മഴയുമുണ്ടായിരുന്നു.
അമ്മമാരുടെ ബലപ്രയോഗത്തിലുടെയാണ്‌ പലരും ആദ്യദിനത്തില്‍ ക്ലാസ്സിലിരിക്കാന്‍ കൂട്ടാക്കിയത്‌. കരയുന്നത്‌ മോശമാണെന്ന്‌ അമ്മ പറഞ്ഞു തന്നിരുന്നു.
കുറച്ചു മാസങ്ങള്‍ നഴ്‌സറിയിലെ മുന്‍പരിചയവും ഉണ്ടായിരുന്നതുകൊണ്ട്‌ എനിക്ക്‌ ക്ലാസ്സിലിരിക്കാന്‍ വലിയ മടിയൊന്നുമുണ്ടായിരുന്നില്ല. മറിച്ചായിരുന്നു ഭൂരിപക്ഷത്തിന്റെയുമവസ്ഥ. അലമുറക്കാരുടെ അമ്മമാര്‍ ജനലിലൂടെ കണ്ണുരുട്ടി വശം കെട്ടു..

അന്ന്‌ ടീച്ചര്‍ ഒന്നും പഠിപ്പിച്ചിക്കാതെ കടലാസ്സില്‍ എന്തോ കുത്തിവരച്ചുകൊണ്ടിരുന്നു.
ക്ലാസ്‌ മുറിയുടെ ചുമരില്‍ സങ്കലനപ്പട്ടിക ഒട്ടിച്ചു വച്ചിരുന്നു. മുക്കാലി ബോര്‍ഡിനു താഴെ കൂജയും  നോക്കിക്കൊണ്ട്‌ ഞാന്‍ ഇരുന്നു.
അന്ന്‌ ക്ലാസ്സ്‌ നേരത്തെ വിട്ടു.

റാകിപറക്കുന്ന ചെമ്പരുന്തേ..., മൂളുന്ന വണ്ടേ..., മേരിക്കുണ്ടൊരു കുഞ്ഞാട്‌..., തുടങ്ങിയ പദ്യങ്ങള്‍ ഈണത്തില്‍ ചൊല്ലിത്തന്നിരുന്ന ആനി ടീച്ചര്‍ കുട്ടികളെ തല്ലുകയോ ചീത്ത പറയുകയോ ചെയ്തിരുന്നില്ല.

വിമാനത്തിന്റെ ശബ്ദം കേട്ടാല്‍,അതു കാണാന്‍ പുറത്തേക്കോടുന്ന ഞങ്ങളെ ടീച്ചര്‍ തടഞ്ഞിരുന്നുമില്ല.


രണ്ടാം ക്ലാസ്സിലെ നമ്പൂതിരിമാഷെ പക്ഷേ ഞങ്ങള്‍ക്ക്‌ അല്‍പം പേടിയുണ്ടായിരുന്നു.
ചെറുതാക്കി വെട്ടിയ നരച്ച മുടി യുള്ള മാഷിനെകണ്ടാല്‍ നല്ല പ്രായം തോന്നിക്കും.
ആഴ്ച്ചയിലൊരിക്കല്‍ നഖം, കൈപ്പത്തി, നാക്ക്‌`ഇത്യാദി അവയവങ്ങളുടെ വൃത്തി പരിശോധിക്കല്‍ മാഷുടെ ഒരു ഹോബിയായിരുന്നു.വൃത്തിയാക്കാന്‍ മറന്നുപോയവരുടെ പേടിയും . അവര്‍   പതുക്കെ ഓരോറൊ ബെഞ്ചായി പിന്‍ബഞ്ചിലേക്കുമാറും.
മുന്‍ബെഞ്ചില്‍ നിന്നും ആരംഭിക്കുന്ന പരിശോധന അടുത്തെത്തും മുന്‍പെ സ്വന്തം പല്ലുകള്‍ കൊണ്ട്‌ നഖങ്ങള്‍ കടിച്ചുതുപ്പിക്കളയാനുള്ള്ള സാവകാശം കണ്ടെത്തും .
നാവിനേയും  പല്ലിനാല്‍ അത്യാവശ്യം ശുചിയാക്കാന്‍ പിന്‍ബഞ്ചുകാര്‍ക്ക്‌ സമയം കിട്ടിയിരുന്നു.
(റാങ്കിന്റെ അടിസ്ഥാനത്തിലായിരുന്നില്ല അന്ന്‌ ഇരിപ്പിടങ്ങള്‍. തോന്നുന്നിടത്ത്‌ ഇരിക്കുകയാണ്‌ പതിവ്‌) .
മാഷ്‌ അത്യാവശം ചൂരല്‍ പ്രയോഗം നടത്തിയിരുന്നു. ചെവിയില്‍ പിടിച്ച്‌ 'പൂരം കാണിക്കുക' എന്നൊരു രസകരമായ(കാണുന്നവര്‍ക്ക്‌)ശിക്ഷാനടപടിയും മാഷിന്റെ മെനുവില്‍ ഉണ്ടായിരുന്നു.
ചെവിപിടിച്ച്‌ പതുക്കെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തുകൊണ്ട്‌ നിക്കറിനുപിന്നില്‍ ചൂരല്‍ കൊണ്ട്‌ പതിയെ പഞ്ചവാദ്യത്തിന്റെ താളത്തില്‍ കൊട്ടിക്കൊണ്ടിരിക്കും.മാഷിന്റെ വക വായ്ത്താരിയും ഉണ്ടാവും കൂടെ.
എന്നാലും അധികം വേദനിപ്പിക്കാറില്ല.

ശിക്ഷാവിധികളില്‍ അഗ്രഗണ്യന്‍ പക്ഷെ ,നാലം ക്ലാസ്സിലെ ക്ളാസ്സു മാഷായ രാഘവന്‍ മാഷായിരുന്നു. അന്ന്‌ ബാലന്‍.കെ നായര്‍ കഴിഞ്ഞാല്‍ അടുത്തയാളായിട്ടാണ്‌ ഞങ്ങള്‍  അദ്ദേഹത്തെ കണ്ടിരുന്നത്‌.
ഞാന്‍ കന്നി അടി ഏറ്റുവാങ്ങിയതും രാഘവന്‍ മാഷുടെ കയ്യില്‍ നിന്നായിരുന്നു.
അടിയുടെ ആഘാതം കുറക്കാന്‍ രണ്ടു നിക്കര്‍ ധരിച്ചായിരുന്നു ചില വിദ്വാന്മാര്‍(ഞാനല്ല) ക്ലാസ്സില്‍ വന്നിരുന്നത്‌ എന്നോര്‍ക്കുന്നു. എല്ലാവര്‍ക്കും രാഘവന്‍ മാഷ്‌ പേടിസ്വപ്നമായിരുന്നു.

ബോര്‍ഡില്‍ ചില കണക്കുകളും മറ്റും ഇട്ടു തന്ന്‌ അത്യാവശ്യം ഉറങ്ങാനും മാഷ്‌ സമയം കണ്ടെത്തും.
ആ വേളകളില്‍ മേശപ്പുരത്തു സ്ഥാപിക്കപ്പെടുന്ന ഒരു ജോടി നഗ്നപാദങ്ങള്‍ കണ്ടുകൊണ്ടിരിക്കാന്‍ ഞങ്ങള്‍ ബാദ്ധ്യസ്ഥരായിരുന്നു. തന്റെ ആത്മ മിത്രമായ ചൂരലിനു പണികൊടുക്കാനായി  ബഹളമുണ്ടാക്കുന്നവരെ ലക്ഷ്യമിട്ട് രാഘവന്‍ മാഷ്‌ ക്ലാസ്സിലേക്കു വരുന്നത്‌ ഒച്ചയുണ്ടാക്കാതെ മാര്‍ജ്ജാരനടയോടെയാണ്‌.

പക്ഷേ, പൂച്ചക്കണ്ണാണെങ്കിലും  മൂന്ന്  ബി  ക്ലാസ്സിലെ ക്ലാസ്സ്‌ ടീച്ചറായ സുമതിടീച്ചര്‍ വരുന്നത്‌ മാര്‍ജ്ജാര നടയായിട്ടല്ല. കറുത്ത ചെരിപ്പിന്റെ അറ്റം കാലിന്റെ ഉപ്പൂറ്റിയില്‍ ടപ്‌,ടാപ്‌ എന്ന്‌ താളാത്മകമായി തട്ടിച്ച്‌ ആയിരുന്നു. പലവട്ടം ശ്രമിച്ചിട്ടും എനിക്കാ ശബ്ദം ഉണ്ടാക്കാന്‍ പറ്റിയില്ല. നല്ല വെളുത്ത നിറമായിരുന്നു റ്റീച്ചറിന്‌. പലതരം പൂക്കളുടെ പടമുള്ള  ഭംഗിയുള്ള സാരി ധരിച്ചാണ്‌ ടീച്ചര്‍ ക്ലാസ്സില്‍ വരിക. സെന്റിന്റെ മണവും കൂടെ വരും. മണം പിടിക്കേണ്ടതുള്ളതിനാല്‍ എനിക്ക്  നമസ്തേ ടീച്ചര്‍ എന്നു ശരിയായി പറയാന്‍ സാധിക്കാറില്ല. 

ക്ലാസ്സില്‍ സംസാരിച്ചിരിക്കുന്നവരെയും ഉറങ്ങുന്നവരേയും   ചോക്കു കഷ്ണം പൊട്ടിച്ച്‌ എറിയുകയായിരുന്നു ടീച്ചറുടെ വിനോദം.
ഉദ്ദേശിച്ച ആളുടെ മേല്‍ കൊണ്ടാല്‍ ടീച്ചര്‍ പുഞ്ചിരിക്കും.  അതിനായി  ചിലര്‍  ശരീരത്തെ ചോക്കില്‍ കൊള്ളിക്കുകയും ചെയ്യും. ഒന്നിലധികം കഷ്ണങ്ങള്‍ കിട്ടുക അഭിമാനജനകമായിരുന്നു പലര്‍ക്കും.

അരക്കൊല്ലപ്പരീക്ഷക്ക്‌ ഏറ്റവും  കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിയതിന്‌ ടീച്ചര്‍ എനിക്ക്‌ ഒരു പേനയുടെ റീഫില്‍ തന്നു.  എനിക്കു കിട്ടിയ ആദ്യ സമ്മാനമായിരുന്നു അത്.
" 3-എ ക്ലാസില്‍ ചെയ്തപോലെ  സീനറിയോ ഫ്ളവേഴ്സിന്റേ ചിത്രങ്ങളോ  നിങ്ങള്‍ക്ക് ചുമരില്‍ ഒട്ടിച്ചുകൂടെ?"-ടീച്ചര്‍ ഒരു ദിവസം ചോദിച്ചു. സീനറി എന്നാലെന്തെന്ന്  ആര്‍ക്കും മനസ്സിലായില്ല എങ്കിലും
3 എ ക്കാരുടെ  മുന്നില്‍ അഭിമാനം വ്രണപ്പെടാതിരിക്കാന്‍ 'പീക്കിരിസുരേഷ്‌' പിറ്റേ ദിവസം തന്നെ അലുമിനിയം പെട്ടി നിറച്ച്‌ ചിത്രങ്ങള്‍ കൊണ്ടു വന്നു.
ആവേശഭരിതരായ ഞങ്ങള്‍ കലാകാരന്മാര്‍ ഉച്ചഭക്ഷണ ഇടവേളയില്‍ എതാനും പിടി ചോറിന്‍ വറ്റുകളുടെ സഹായത്തോടെ (പലര്‍ക്കും അന്ന് വിശപ്പ് മാറിയില്ല!) യുദ്ധകാലാടിസ്ഥാനതില്‍  ചിത്രങ്ങള്‍ ചുമരു നിറയെ അതൊരു ചുമരാണെന്ന് തിരിച്ചറിയാനാവാത്ത വിധത്തില്‍ പതിച്ചു വച്ചു. ഉച്ചക്കുശേെഷം ക്ലാസ്സിലെത്തിയ ടീച്ചര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങളെ അഭിനന്ദിക്കുന്നതിനു പകരം അമ്പരക്കുകയും പിന്നെ വളരെ പ്രത്യേകമായ ഒരു പുഞ്ചിരിപൊഴിക്കുകയുമാണുണ്ടായത്‌.


'അമ്പിളി അമ്മാവന്‍' എന്ന കുട്ടികളുടെ മാസികയിലെ കഥകളില്‍ നിന്നും വെട്ടിയെടുത്ത ഇളം നീല നിറത്തിലുള്ള രാജാവിന്റെയും മന്ത്രിയുടേയും വിക്രമാദിത്യന്റെയും വേതാളത്തിന്റെയും, പിന്നെ രത്ന സിംഹന്‍,   ഗുണപാലന്‍, ലോഭമിത്രന്‍ എന്നൊക്കെ പേരുള്ള പാളത്താറുടുത്ത ഗ്രാമീണ കഥാപാത്രങ്ങളുടേതുമൊക്കെ ചിത്രങ്ങള്‍ ചുമരില്‍ നിന്നും പറിച്ചു  മാറ്റുമ്പോഴും റ്റീച്ചര്‍ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. ടീച്ചറെ പുഞ്ചിരിക്കാന്‍ സഹായിച്ചു കൊണ്ട് ഞങ്ങളും ചുമര്‍ വെടിപ്പാക്കി.
സുരേഷുമാത്രം പുഞ്ചിരിച്ചില്ല.

അധിക വായന

13 അഭിപ്രായങ്ങള്‍ ഇതുവരെ കിട്ടി. നിങ്ങളും പറയൂ:

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

കമന്റുകളൊന്നും വരാത്തതിനാല്‍ എഴുതാന്‍ തോന്നുന്നില്ല. ടെമ്പ്ലേറ്റില്‍ 'മറുമൊഴികള്‍' എന്നത്‌ ഞാന്‍ 'അഭിപ്രായങ്ങള്‍' എന്നു മാറ്റിയതു കൊണ്ട്‌ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായതാണോ..? സംശയം തീര്‍ക്കുമോ ആരെങ്കിലും..?

sandoz പറഞ്ഞു... മറുപടി

ഞാനൊന്ന് ശ്രമിക്കട്ടെ.ഇങ്ങനെ പാതിരാത്രി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഒരു കരക്ക്‌ എത്തിക്കാനല്ലേ ഉറക്കോം കളഞ്ഞ്‌ ഞങ്ങള്‍ ഇവിടിരിക്കുന്നത്‌...ഏത്‌.കമന്റ്‌ എത്തിയോ-എത്തിയെങ്കില്‍ അറിയിക്കണം.[ക്ഷമിക്കണം,പോസ്റ്റ്‌ കമന്റിനു ശേഷം വായിക്കാം]

ജ്യോതിര്‍മയി /ज्योतिर्मयी പറഞ്ഞു... മറുപടി

സ്കൂളിലെ ആദ്യത്തെ ദിവസമൊക്കെ ഇത്രയും ഓര്‍മ്മയുണ്ടൊ? 'തുടരന്‍' തയ്യാറാക്കുന്നുണ്ടോ?
എനിയ്ക്കാദ്യമായി അടികിട്ടിയത്‌, വിമാനം കാണാനോടിയതിനാണ്‌:))ഇപ്പോള്‍ ചിരിവരുന്നു...
ആദ്യമായിട്ടാണിവിടെ. എല്ലാ ഭാവുകങ്ങളും ആശംസിയ്ക്കുന്നു.

കരീം മാഷ്‌ പറഞ്ഞു... മറുപടി

കമണ്ടു വിന്‍ഡോ പോപ്പപ്പില്‍ നിന്നു മാറ്റിയാല്‍ കമണ്ടുന്നവര്‍ക്കു സുഖമായിരിക്കും
മുന്‍പു വായിച്ചിരുന്നു, ക്മന്റു ചെയ്യാന്‍ പറ്റതിരുന്നതിനാലാണ് മിണ്ടാതെ പോയത്.

വേണു venu പറഞ്ഞു... മറുപടി

ഓര്‍മ്മകള്‍ ഓടിക്കളിക്കുമാ മുറ്റത്തെ..
നന്നായെഴുതിയിരിക്കുന്നു.

Visala Manaskan പറഞ്ഞു... മറുപടി

നല്ല ഓര്‍മ്മയാണല്ലോ ചുള്ളാ..
കൊള്ളാം കൊള്ളാം. കൂടുതല്‍ കൂടുതല്‍ എഴുതുക. ഈ ഓര്‍മ്മകളുടെ സുഗന്ധം ഒരിക്കലും മടുക്കില്ല.

മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന് കേട്ടപ്പോള്‍‍ മൂന്നാം ക്ലാസില്‍ എന്റെ കൂടെ പഠിച്ച മേരിക്കുട്ടിയെ ഓര്‍മ്മവന്നു. മൂലം കുടം സ്കൂളില്‍ നിന്ന് ടി.സി. വാങ്ങി വന്നതായിരുന്നു മേരിക്കുട്ടി.

അന്നേ എനിക്കറിയാമായിരുന്നു, അവള്‍ കെട്ടിക്കാറാവുമ്പോഴേക്കും ഒരു സുന്ദരിമണി ആകുമായിരുന്നെന്ന്.

ഞങ്ങള്‍ പ്രണയ ബദ്ധരാകുന്നതും ലാമ്പി സ്കൂട്ടറിന്റെ പിറകില്‍ അവളെയിരുത്തി പോകുന്നതും പോണവഴിക്ക് പഞ്ഞിമിഠായി വാങ്ങി രണ്ടുപേരും കൂടി ഷെയര്‍ ചെയ്ത് കഴിക്കണതും ഒക്കെ എത്ര സ്വപ്നം കണ്ടിരിക്കുന്നു. ഒക്കെ വെറുതെയായി. ഏഴാം ക്ലാസായപ്പോഴേക്കും ബാന്റ് സെറ്റ് ടീമില്‍ പെട്ടതുകൊണ്ടാണ് അവള്‍ ആറാം ക്ലാസില്‍ തോറ്റതെന്ന് പറഞ്ഞ് അവളുടെ അച്ഛന്‍ ടി.സി. വാങ്ങി വീണ്ടും മൂലം കുടം സ്കൂളിലേക്ക് തന്നെ കൊണ്ടുപോയി.

മേരിക്കുട്ടി ഞാന്‍ പ്രതീക്ഷിച്ച പോലെ സുന്ദരിയായിരുന്നിരിക്കുമോ? അവളുടെ കല്യാണം കഴിഞ്ഞിട്ടുണ്ടാകുമോ? ഒന്നുമറിയില്ല. (ഇനിയും കല്യാണം കഴിഞ്ഞിട്ടില്ലെങ്കില്‍ എന്നാ ഇനി എളുപ്പമല്ല. കാരണം മേരിക്കുട്ടിക്ക് ഇപ്പോള്‍ പ്രായം 35 വയസ്സിന് മോളിലേ ആവാന്‍ തരമുള്ളൂ!)

ദേവന്‍ പറഞ്ഞു... മറുപടി

നന്നായി മല്‍ഹാറേ
ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകള്‍ ഒന്നെഴുതണമെന്ന് ഞാനും വിചാരിച്ചതാ. ഇപ്പോ ഇതതിനൊരു ബൂസ്റ്റ്‌ ആയി. ഒടനേ തുടങ്ങണം.

വിശാലാ, രണ്ടില്‍ പഠിക്കുമ്പോ ഞാന്‍ അങ്ങു കല്യാണം കഴിച്ചു. റേഷങ്കടയണ്ണന്റെ മോള്‍ കവിതയെ. നല്ല അസ്സല്‍ ആമ്പലിലയുടെ തണ്ട്‌ ഒടിച്ചൊടിച്ച്‌ ഉണ്ടാക്കിയ താലിമാലേം കെട്ടി നാലാം ക്ലാസ്സ്‌ അടക്കം നാലാളറിയെ കയ്യും പിടിച്ച്‌ കൂട്ടുകാരു മിമിക്രിയ നാദസ്വരത്തിന്റെ അകമ്പടിയോടെ നടന്നങ്ങു പോയി. സമൂഹം അംഗീകരിക്കില്ലെന്നും പിന്നെ തല്‍ക്കാലം സാമ്പത്തികമായി സ്വാശ്രയത്വം നേടിയിട്ടില്ലെന്നും ഭയന്നാവും ഞാന്‍ വധുവിനെ വീട്ടില്‍ വിളിച്ചുകോണ്ട്‌ പോയില്ല.

അടുത്ത സമയത്ത്‌ പോയപ്പോ അവളുടെ "രണ്ടാം കെട്ട്‌" ഭര്‍ത്താവിനേം അതിലെ എന്നെക്കാളും വലിപ്പത്തില്‍ വളര്‍ന്ന ഒരു മോനേം കണ്ടു. എന്താ രസം.

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

നന്ദി (സാന്‍ഡോസ്‌ മുതല്‍ എല്ലവര്‍ക്കും). ഇപ്പൊ കമന്റ്‌ കിട്ടി. എന്റെ അരുമയായ ഒര്‍മക്കുഞ്ഞുങ്ങള്‍ ഇതെഴുതുമ്പോഴും എന്റെയരികെ നില്‍ക്കുന്നുണ്ട്‌ 'എന്നെ വിളിക്കില്ലേ, പകര്‍ത്തില്ലെ' എന്നും ചോദിച്ചുകൊണ്ട്‌, തിക്കിത്തിരക്കി.... 'എന്റെ കൂട്ടുകര്‍ക്ക്‌ നിങ്ങളെ ഇഷ്ടപ്പെട്ടില്ലെന്ന്‌ തോന്നുന്നു. അതാ കമന്റൊന്നും വരാത്തത്‌' എന്നു ഞനവരോട്‌ പറയുകയും ചെയ്തിരുന്നു. ഞാന്‍ തിരുത്താം. ഓര്‍മകള്‍ എനിക്കേറെയിഷ്ടം.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

സ്കൂള്‍ കഥകള്‍ -2 നേക്കാള്‍ സ്കൂള്‍ കഥകള്‍ -1 ആണ്‌ എനിക്ക്‌ കൂടുതല്‍ ഇഷ്ടമായത്‌. വായിക്കുമ്പോള്‍ മനസ്സിലേക്ക്‌ ഗൃഹാതുരത്വത്തിന്റെ ഇളം തെന്നല്‍ വീശുന്നത്‌ അറിയുന്നു. എന്നാലും അദ്ധ്യാപകരോടുള്ള ബഹുമാനക്കുറവുണ്ടോ എന്നൊരു സംശയം.

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

സത്യമായും ഇല്ല്യട്ടോ. മാതാപിതാക്കളും ഗുരുക്കന്മാരേയും ദൈവതുല്യരായി തന്നെയാണ്‌ കാണേണ്ടത്‌.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

'skul kathhakal' is very good.carry on..

Jijo പറഞ്ഞു... മറുപടി

സുധീര്‍, വളരെ അധികം ഇഷ്ടമായി. സ്കൂളും മഴയും എല്ലാം. സമയ ചക്രം പിന്നോട്ടു തിരിക്കാന്‍ സാധിക്കതെ പോകുന്നത് ഒരു ദുഖമായി മനസ്സില്‍ നില്‍ക്കുന്നു. എനിക്കുമുണ്ടായിരുന്നു ഇതു പോലെ ഒരു സ്കൂളും കുട്ട്യോളും.

ശ്രീ പറഞ്ഞു... മറുപടി

വളരെ നന്നായി എഴുതിയിരിയ്ക്കുന്നു മാഷേ.
ഞാനും എന്റെ സ്കൂള്‍ സ്മരണകള്‍ സമയം പോലെ എഴുതണമെന്നു കരുതാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. ഇതൊക്കെ വായിയ്ക്കുമ്പോള്‍ കൂടൂതല്‍ ആവേശം തോന്നുന്നു.

വളരെ ഇഷ്ടമായി, പോസ്റ്റ്.
:)

Related Posts with Thumbnails