വല്ലപ്പോഴും തൃശ്ശൂര്‍-എറണാകുളം പഴയ ദേശീയപാതയിലൂടെ യാത്രചെയ്യുമ്പോള്‍, ഒല്ലൂര്‍ കവല കഴിഞ്ഞാല്‍ ഇടത്തോട്ടു അറിയാതെ നോക്കിപ്പോകും.
ബാല്യത്തിലെ എന്റെ പഴയ പള്ളിക്കൂടത്തിന്റെ പുറകുവശം കാണാം അവിടെ.
ഇപ്പോള്‍ അവിടെയും ഒരു പ്രവേശനകവാടം ഉണ്ട്.
വഴിയില്‍കാണുന്നവരില്‍ പരിചിതമായ മുഖങ്ങള്‍ വെറുതെ പരതും.മുതിര്‍ന്നതിനുശേഷം അവിടത്തെ പഴയ സഹപാഠികളെയാരെയും കണ്ടിട്ടില്ല.കണ്ടാൽ തിരിച്ചറിയുമോ?
(അക്കാലത്തു ഒല്ലൂരായിരുന്നു താമസം. പിന്നീടാണു വിയ്യൂരിലേക്കു മാറിയത്.)
ആ സാധാരണ സര്‍ക്കാര്‍ പള്ളിക്കൂടത്തിന്റെ ലാളിത്യത്തിനു തണല്‍ വിരിച്ച്, പടര്‍ന്ന് പന്തലിച്ച വലിയരണ്ട് മദിരാശിമരങ്ങളുണ്ടായിരുന്നു ,പനംകുറ്റിച്ചിറ യു. പി. സ്കൂള്‍ മുറ്റത്ത്.
നിറയെ മദിരാശിക്കായ്കള്‍ വീണുകിടക്കുന്ന ആ മുറ്റത്തായിരുന്നു ഞാന്‍ ഗോട്ടികളിച്ചിരുന്നതും, വലിയ വേരുകല്‍ക്കിടയില്‍ ഒളിച്ചു കളിച്ചിരുന്നതും ഓടിക്കളിച്ചിരുന്നതും, വീണുമുട്ടുപൊട്ടിയതും, ചളിവെള്ളത്തില്‍ വീണു കരഞ്ഞതും, മദിരാശിമരത്തിൽ മുഖം അമര്‍ത്തി കരച്ചിൽ അടക്കിയതും. ....
രസമായിരുന്നു, വഴിയിലെ കല്ലുകള്‍ പന്തുപോലെ തട്ടിയുരുട്ടിയുരുട്ടി.., കുടതിരിച്ച് തിരിച്ച്., ചളിവെള്ളത്തില്‍ കാല്‍കുതിര്‍ത്ത്., കൊണ്ടുള്ള എന്റെ സ്കൂളിലേക്കുള്ള യാത്രകള്‍.
രാജുവും ഷാജനുമൊക്കെ പുസ്തകം കക്ഷത്ത് വച്ച് ഗോലിയിട്ടുകളിച്ചുരസിച്ചാണു സ്കൂളിലേക്ക് നടന്നുവരുന്നത്.
ക്ലാസ്സ് ലീഡറായതുകൊണ്ട് എനിക്ക് ക്ലാസ്സില്‍ വൈകിയെത്താന് പറ്റില്ല.
അക്കാലത്ത് അവിടെ L.P. ക്ലാസ്സുകാര്‍ക്ക് ഉപ്പുമാവു വിതരണമുണ്ടായിരുന്നു.
ഒരു 11 മണിയാവുമ്പോള്‍ ഉപ്പുമാവുണ്ടാക്കാന്‍ സഹായിക്കാന്‍ അന്നത്തെ കുട്ടികളിലെ ആജാനു ബാഹുവായ ലോറന്‍സ് കുട്ടികളുടെ അസൂയാകടാക്ഷങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ക്ലാസ്സിനു പുറത്തേക്കു പോവും.( മാഷിന്റെ, ചൂരൽ ഭീതിയിൽ നിന്നും രക്ഷപ്പെടുന്നതിന്റെ .!).
മിക്കവാറും പരീക്ഷക്കൊക്കെ 'സമ്പൂജ്യന്‍'അയിരുന്ന ലോറന്‍സിനു എന്റെ 50/50 കാണുമ്പോള്‍ ദേഷ്യം വരും.
"ക്ടാവേ, നിന്റെ മാര്‍ക്കീന്നേ അഞ്ചു മാര്‍ക്കാ കള്‍ഞ്ഞാ എന്റെ മാര്‍ക്കായി. പോട, ഒരു പഠിപ്പുകാരന്‍ !. നീയൊക്കെ പഠിച്ചു പഠിച്ച് ബീയേക്കാരനാവ് !!.".
( ഇന്ത്യന്‍ പ്രസിഡന്റ് കഴിഞ്ഞാല്‍ അടുത്തപദവിയാണ് 'B.A'ക്കാരന് എന്ന് അവൻ ഉറച്ചു വിശ്വസിച്ചിരുന്നു.)
രണ്ടാം ക്ലാസ്സിന്റെ പിന്നിലെ ഡോക്ടറുടെ പറമ്പില്‍ ഒരു മാവുണ്ട്.
ഉച്ചയ്ക്കു ഞാന്‍ വീട്ടില്‍പ്പോയി ഊ ണു കഴിച്ചു തിരിച്ചുവരുമ്പൊള്‍ പരമേശ്വരനും കൂട്ടരും മാവില്‍ കല്ലെറിയുന്നത് കാണാം.
വല്ലപ്പൊഴും വീണു കിട്ടുന്ന ഒരു മാങ്ങാകഷ്ണം പരമേശ്വരന് എനിക്കു തരും.പോക്കറ്റിൽ നിന്നും അല്പം ഉപ്പും. മദിരാശി കായ്കള്‍ തരാറുണ്ടെങ്കിലും അതു കഴിക്കാന്‍ കൊള്ളാവുന്നതാണെന്ന് എനിക്ക് തോന്നിയിരുന്നില്ല.
പരമേശ്വരന്റെ അച്ചന് നേരത്തേ മരിച്ചുപോയിരുന്നു.
ഹോട്ടലില്‍ പാത്രം കഴുകലായിരുന്നു പിന്നെ അവന്റെ അമ്മക്ക്.
മിക്ക ദിവസവും സ്കൂളിലേക്കുള്ള യാത്രയില്‍ പരമേശ്വരന് വഴിയില്‍ വച്ചു ഒപ്പം കൂടും. പിഞ്ഞിത്തുടങ്ങിയ ഇളം നീല ഷര്‍ട്ടും നിക്കറുമാണ് സ്ഥിരം വേഷം.
പുസ്തകങ്ങള്‍ ഇലാസ്റ്റിക് നാടയിട്ട് തോളില്‍ വച്ചാണ് വരവ്.
(വലയും ഇലാസ്റ്റിക് നാടയുമൊക്കെയാണ് അന്നത്തെ പാവപ്പെട്ടവരുടെ ബാഗ്.) .
തോളിള്‍ കൈയിട്ട്, നടക്കുമ്പോള്‍ അവന് ജയന്റെ സിനിമാകഥകള്‍ പറഞ്ഞു തരും.
ഉച്ചക്ക് മദിരാശിത്തണലില്‍ വലിയ വേരില്‍ ഇരുന്ന് താഴെവീണ മദിരാശിക്കായകള്‍ തിന്നുകൊണ്ടാണ് കഥയുടെ ബാക്കിപറയാറ്.
ഒരിക്കല്‍ ഒരു അവധി കഴിഞ്ഞ് അല്പം വൈകി സ്കൂളിലെത്തിയപ്പൊള്‍, മുറ്റം നിറയെ കിടക്കുന്ന കായ്കള്‍ക്കു മീതെ ,മദിരാശിമുത്തശ്ശി വീണു കിടക്കുന്നതാണു കണ്ടത്.
മരം വെട്ടുകാരുടെ അടുത്ത് വെയിലത്ത് കായ്കള്‍ പെറുക്കികൊണ്ടു നിന്ന പരമേശ്വരന് ഓടിവന്നു.
"ആന വന്നിട്ടാത്രെ തടികൊണ്ടോണത്. പിന്നെ ദേ ഇതു കണ്ടോ?" .
കൈ നിവര്‍ത്തിക്കാണിച്ചപ്പോള്‍ ഒരു കുഞ്ഞു കിളിക്കുഞ്ഞ്.
"ഇത്രേം പൊക്കത്തീന്നു വീണിട്ടും ഇതു ചത്തിട്ടില്ല്യ."
തുടരും ....
********* ******** ******** *****
നേരം വെളുത്തത് അറിഞ്ഞില്ല. സ്ക്കൂളുള്ള ദിവസം അമ്മ വിളിച്ചുണര്‍ത്താറാണ് പതിവ്. ഏണിറ്റപ്പൊള്‍ 8 മണികഴിഞ്ഞു.
പിന്നിലെ ഉമ്മറത്തു വന്നിരുന്നിട്ടാണ് കണ്ണു മുഴുവന്‍ തുറന്നത്. അവിടെ കുറച്ചു നേരം ഇരുന്നു. എന്തോ ഒരു വല്ലായ്മ.
ഉമിക്കരിയെടുത്ത് പല്ലു തേച്ചുകൊണ്ടിരിക്കുമ്പോള്‍ ഇന്നലത്തെ സ്വപ്നത്തെക്കുറിച്ചോര്‍ത്തു. ഒര്‍ത്തപ്പൊഴേ സങ്കടം വരുന്നു..
-- അമ്മയുടെ കയ്യും പിടിച്ചു അമ്പലതില്‍ ഉത്സവത്തിനു പോയതായിരുന്നു.
ഒരു തിരക്കു കഴിഞ്ഞു നോക്കുമ്പൊള്‍ കൂടെ വന്നവരാരെയും കാണനില്ല!.
തിരക്കിലൂടെ ഓടി മതില്‍ക്കെട്ടിനുപുറത്തു വന്നുനൊക്കിയപ്പൊ അതു പരിചയമില്ലാത്ത എതോ ഒരു സ്ഥലം !.
അമ്മയെ വിളിച്ച് ഓട്ടം തുടങ്ങിയപ്പൊളതാ, ഒരാന കുത്താന്‍ വരണു.
സര്‍വശക്തിയും സംഭരിച്ച് ഓടി.
അമ്പലക്കുളം കഴിഞ്ഞു മുളംക്കൂട്ടത്തിലൂടെ..,
പുല്ലാനി പൊന്തയിലൂടെ...
കണ്ണടച്ചോടിയതാണ് കുഴപ്പായത്! . കണ്ണുതുറന്നുനോക്കിയപ്പോ എന്താ കഥ! .
വേറെ എതൊ ഭാഷ സംസാരിക്കുന്ന എതൊ ആളുകളുള്ള ഒരു സ്ഥലം !.
എത്ര കരഞ്ഞിട്ടും ഒരാളും നോക്കുന്നില്ല. !--
സ്വപ്നമാണെന്നറിഞ്ഞിട്ടും കരച്ചില് വരണു.
അമ്മയുടെ അടുത്തു നില്ക്കാന് തോന്നി.
മുഖം എത്രശോകഭാവത്തില്‍ ആക്കീട്ടും അമ്മ നോക്കണില്ല്യ.
മുറ്റത്തിരുന്ന് അമ്മ മീന്‍ നന്നാക്കുന്നതും നോക്കി വാഴത്തണ്ടിലിരിക്കുന്ന ഒരു കാക്ക മാത്രം ഇടക്ക് ചെരിഞ്ഞു നൊക്കണുണ്ട്.
അമ്മ ചോദിച്ചാല്‍ പറയായിരുന്നു, ഇന്നലത്തെ സ്വപ്നത്തെ പറ്റി.
"വേഗം പല്ലുതേക്കടാ ചെക്കാ. കാപ്പി പച്ചെള്ളായിണ്ടാവും".
അമ്മക്കു ദേഷ്യം വരുന്നതിനു മുന്‍പ് ഒറ്റവലിക്ക് കാപ്പികുടിച്ച് ഉമ്മറത്തു പോയി 'മാതൃഭൂമി'യില്‍ കണ്ണോടിച്ചു.
സിനിമാപരസ്യങ്ങളൊക്കെ ഇന്നു കുറവാണല്ലോ?.
ഇന്നു ശനിയാഴ്ച്ചയാണല്ലേ. സ്ക്കൂളില്‍ പോണ്ട.
കുറച്ചു കൂടി കിടന്നാലോ?. വേണ്ട. ഷാജിയും ഷാഫിയുമുണ്ടെങ്കില്‍ കളിക്കാമായിരുന്നു.തലോരിലെ 'നല്ല സ്കൂളില്‍' ആണ് അവര്‍ പഠിക്കുന്നത്.പക്ഷേ,5 മണിയായാലെ ഷാജിയുടെ അമ്മ അവനെയും അനിയനേയും കളിക്കന്‍ വിടുള്ളൂ, റ്റ്യൂഷനൊക്കെ കഴിഞ്ഞ്.
പുതിയ 'പൂമ്പാറ്റ' ഷാജി നാളെയെ വായിക്ക്ക്കാന്‍ തരുള്ളൂ.
വേറെയൊന്നും വായക്കാനില്ല . ഇനി എന്തു ചെയ്യും?.
തുരുമിച്ച്ച ജനലഴിയിലൂടെ പുറത്തേക്ക് നോക്കിനിന്നു .
മുന്പില് കുറച്ചപ്പുറത്ത് സലേഷിന്റെ വീടുകാണാം.
കഴിഞ്ഞ മാസമാണ് സലേഷിന്റെ വീട്ടുകാര്‍ സ്ഥലം മാറി പോയത്. അവര്‍ പൊയപ്പോള്‍ ഉള്ളില്‍ എന്തോ പറിച്ചുമാറ്റുന്നതുപോലെ തോന്നിയിരുന്നു.അതിനു പുറകിൽ ദൂരെ നരച്ച തെങ്ങുകൾക്ക് പിന്നിൽ ഓട്ടുകമ്പനിയുടെ പുക കാണാം.
മുൻപ് അതിന്റെ അപ്പുറത്ത് , സ്കൂള്‍മുറ്റത്തെ മദിരാശിമരത്തിന്റെ തുമ്പ് കാണാമായിരുന്നു.
ഇപ്പോല്‍ അതില്ല. ആ മദിരാശി മരം വെട്ടിയപ്പോഴാണു പരമേശ്വരന് കിളികുഞ്ഞിനെ വീണു കിട്ടിയത്. അന്ന് ബെല്ലടിച്ചപ്പോള്‍ അതിനെ രണ്ടാം ക്ലാസ്സിനു പിന്നിലെ മാവിഞ്ചുവട്ടില്‍ കൊണ്ടുവച്ചു എന്നോര്‍ക്കുന്നു.
അതിന് കൊക്കിലൂടെ അല്പം വെള്ളവും ഇറ്റിച്ചു കൊടുത്തിരുന്നു.
ഉച്ചഭക്ഷണസമയത്ത് അവന് അതിനെ നോക്കാന്‍ പോയപ്പോള്‍ എന്താണു കണ്ടത്....?
ഞാന്‍ ചോദിച്ചില്ല. പരമേശ്വരന് പറഞ്ഞുമില്ല.
തുടരും.....