9.9.11

ഞാനും ഓണത്തല്ലും"ഈ വൈറ്റ് കളറിനു ഏത് പൂവാ ഇട്വാ മാമാ  ? "
"ജമന്തി ഇട്ടോക്ക്"
"അത്  ശരിക്ക്  വെള്ളയല്ലല്ലോ ."
"ഞങ്ങളുടെ കുട്ടിക്കാലത്ത്  തുമ്പപ്പൂ , കാശിത്തുമ്പ  ഒക്കെയാ"
  "എന്താ മാമാ എന്നാ തുമ്പപ്പൂ വാങ്ങാത്തെ ?"   .
" പൈസ കൊടുത്തു വാങ്ങാന്‍ സാധിക്കാത്ത സാധനങ്ങളും ഉണ്ട്  മക്കളേ . നിനക്കൊന്നും അത് പറഞ്ഞാ മനസ്സിലാവില്ല. നിങ്ങക്കറിയോ , ഓണപ്പൂക്കള്‍ എന്ന് പറഞ്ഞാല്‍ ഈ ജമന്തി , ചെണ്ടുമല്ലി, കോഴിവാലന്‍ ഇതൊന്ന്വല്ല . .  തുമ്പപ്പൂ , മുക്കുറ്റിപ്പൂ  , കുംബളപ്പൂ , മത്താപ്പൂ , ഒടിച്ചു  കുത്തിപ്പൂ , ചെമ്പരത്തിപ്പൂ , അലരിപ്പൂ , ചെമ്പരത്തിപ്പൂ , പൂവാങ്കുരുന്നില , കയ്യുണ്ണി , കറുക , ഉഴിഞ്ഞ ,നിലപ്പന , കൃഷ്ണകാന്തി , നളനീലി , കണ്ണാന്തളി  , കിളിപ്പൂ  , കാക്കപ്പൂവ് ,കലമ്പോട്ടി ,കദളി ,കായാമ്പൂ , കോളാമ്പിപ്പൂ , നെല്ലിപ്പൂ ,അരിപ്പൂ ,ഇതൊക്കെണു ...."
"എന്നാ അതും കൂടി അര  കിലോ വാങ്ങിക്കോ"
   " അതൊക്കെ പറമ്പില്‍ നിന്ന് പൊട്ടിച്ചു കൊണ്ടുവരേണ്ടത്  നിങ്ങള്‍ പിള്ളേരാ."
" ഞങ്ങള്‍ക്ക് വയ്യ കൊതുക് കടി കൊള്ളാന്‍ . പറമ്പില്  പൂവെവിടെ ?   മാമന്‍ കുട്ടിക്കാലത്ത്  ഇതൊക്കെ പറിച്ചു നടന്നിട്ടുണ്ടോ ?  "
"ഇല്ലാതെ  പിന്നെ!. പൂവേ പൊലി പൂവേ  എന്നും പാടി നടന്ന്‍ !"..
"ഉവ്വുവ്വ് ...ഈ പൊളി    എന്ന് പറഞ്ഞാല്‍ എന്താ ? "
" ഇനിയും ഇങ്ങിനെ ഉള്ള സംശയങ്ങള്‍ ചോദിക്ക് . 'പൊളി' അല്ല 'പൊലി'. 'പൊലി' എന്ന് പറഞ്ഞാ 'വര്‍ദ്ധനവ്' . പൂവേ പൊലി പൂവേ  എന്ന്  പാടി നടന്നാ കൂടുതല്‍ പൂ കിട്ടും "
 "അടിപൊളി !.അങ്ങിനെ വെറുതെ പാട്യാല്‍ പൂ  കിട്ടിയാല്‍ ഞങ്ങള്  ഓക്കേ."
"വെറുതെ പാട്യാല്‍ വട്ടാന്നെ വിചാരിക്കു ഓണപൊട്ടാ..നീ എവിടെ പോയി പൊട്ടിച്ചെടുക്കും പൂവ് ?"     "ഈ തുമ്പ ച്ചെടി നമ്മള്‍ടെ വീടിന്റെ പൊറകില്‍ ഉള്ള ചെടിയല്ലേ മാമാ "
" അത്  കടിത്തുമ്പയാടാ   ചെക്കാ .അത് പറിച്ചാല്‍ പൂക്കളം  ദേഹത്ത് തന്നെ തെളിഞ്ഞു വരും." 

"സത്യം പറയണം, നേരത്തെ പറഞ്ഞ പൂക്കള്  ഏതെങ്കിലും മാമൻ നേരിട്ടു കണ്ടിട്ട്ണ്ടാ?"
"അത് പിന്നെ ...ഈ.. ഈ  ജമന്തി ഇവിടെ വച്ചാല്‍ നല്ല ഭംഗി ഇണ്ടാവുംല്ലേ? ."
" ഓഹോ അപ്പൊ അങ്ങിനെ ആണല്ലേ." 
 "അമ്പട നിനക്കതെങ്ങിനെ മനസ്സിലായി?മതി മതി പൂവിട്ടത്. പോയി കളിക്കാന്‍ നോക്ക് പിള്ളേരെ ."
"മാമന്‍ ബൌള്‍ ചെയ്യോ"
"ഓണായിട്ട് ക്രിക്കറ്റ്‌ അല്ലാട്ടാ പിള്ളേരെ  കളിക്ക്യ. തലപ്പന്തുകളി  , കുട്ടീം കോലും,ചെമ്പഴുക്ക , കൊത്തംകല്ല് , കിളിത്തട്ട്, വട്ടുകളി ,തായം ,പമ്പരം  കൊത്ത്  , കടുവാകളി , കുമ്മാട്ടിക്കളി ,ഓണവില്ല് , തുമ്പി തുള്ളല്‍ , ഉഞ്ഞാലാട്ടം, ഓണപ്പട.എങ്ങിനെ എത്ര  കളികളാ .."
"ഓണപ്പടയോ 'ഓണപ്പുടവ' എന്നല്ലേ മാമ "
" 'ഓണപ്പട' എന്ന് പറഞ്ഞാ 'ഓണത്തല്ല് ' അത് മിക്കവാറും ഉടന്‍  വേണ്ടിവരും ഇവടെ . .ഓണപ്പുടവ എന്ന് പറഞ്ഞാല്‍ കുട്ടികള്‍ക്ക് കസവ്  കരയുള്ള  മഞ്ഞപ്പാവ് മുണ്ടും  പുരുഷന്മാര്‍ക്ക്  ജഗന്‍ നാഥന്‍   മല്ലും ഒക്കെ ആയിരുന്നൂത്രെ പണ്ട് ."
"പൂ വേണം പൂപ്പടവേണം ,പൂക്കുടവേണം ....ഈ പാട്ടു മാമന്‍ പാടി കേട്ടിട്ടുണ്ട് . 'പൂപ്പട' എന്താ സാധനം? തിന്നണ സാധനാണോ?"
" തുമ്പി തുള്ളലില്‍ തുമ്പിയായിരിക്കുന്ന പെണ്‍കുട്ടി ചുറ്റും വിതറിയിരിക്കുന്ന പൂക്കള്‍ വാരുന്നതിനെ 'പൂപ്പട വാരുക '  എന്ന് പറയും."  
"മാമാ ഈ തൃക്കാരപ്പന്റെ ആരായിട്ടു വരും ഗുരുവായൂരപ്പന്‍ ? 
  " കുഞ്ഞമ്മേടെ മോൻ! , ഡാ, മധ്യകേരളത്തിലെ ജില്ലകളിൽ  എല്ലാവരും ഓണത്തിനു  മുറ്റത്ത് ഇലയിൽ പൂകുത്തി പ്രതീകാത്മകമായി വയ്ക്കുന്ന സംബവണ് തൃക്കാക്കപ്പൻ . മതി .ഇനി കളിക്കാന്‍ നോക്ക് .."
"എന്തൂട്ട് കളി ..മാമന്‍  എനിക്ക്  ഊഞ്ഞാല്‍ കേട്ടിത്താരോ. ?"
     "ഉഞ്ഞാല്‍ ഒന്നും  ആര്‍ക്കും വേണ്ടാതായി. ഓണമായാല്‍ ഊഞ്ഞാല്‍ ഇല്ലാതെ തന്നെ ആടാനാ താല്പര്യം പലര്‍ക്കും . അല്ലെങ്കിലും ഊഞ്ഞാല്‍ കെട്ടാന്‍ പറ്റിയ മരങ്ങളൊന്നും ഇബടെ ഇല്ല്യ.   "
"ഈ തെങ്ങുമ്മേ കെട്ടിക്കൂടെ..?"
"നിന്നെ പോലത്തെ ക്ടാങ്ങളെ     പിടിച്ചു കെട്ടി ഇടാനുള്ള മരാണ് തെങ്ങ്. അല്ലാതെ.." "
"മാമന് മരം കേറാന്‍ അറിയില്ല്യാലേ..കഷ്ടം ?ഞങ്ങള് കളിക്കാന്‍ പോട്ടെ. ?"
     "പിള്ളേരെ, ഇപ്പോഴത്തെ ക്രിക്കറ്റ്‌ പോലെ പണ്ടത്തെ ഒരു കളി ഉണ്ടായിരുന്നുട്ടാ .-തലപ്പന്ത്  ന്നാ പേര് !.ഓല കൊണ്ടോ കയറു കൊണ്ടോണ്  പന്ത് ഉണ്ടാക്കാ ,. 2 ടീമുകള്‍  ഉണ്ടാവുംട്ടാ ഒരു കൂട്ടര്‍ പന്ത് കാക്കുന്നവരും മറു  ടീം   പന്തടിക്കുന്നവരും. ക്രിക്കറ്റിനെ പോലെ bowler ഉണ്ടാവില്ല.അടിക്കുന്ന ആള്‍ ഒരു കോലിനു  ( stumps ) അഭിമുഖമായി നിന്ന്‍ പന്ത് മുകളിലേക്ക് എറിഞ്ഞു മറു കൈ കൊണ്ടു  പിന്നിലേക്ക്‌   ഇങ്ങനെ  അടിക്കും.പന്ത് കാക്കണോർ അത് പിടിക്കുകയോ തടഞ്ഞു കോലില്‍ എറിഞ്ഞു കൊള്ളിക്കുകയോ ചെയ്‌താല്‍ കളിക്കാരന്‍ പുറത്താവും.അല്ലെങ്കില്‍ പിന്നെയും   അടിക്കും.3 തവണ അഴിഞ്ഞാല്‍ അടുത്ത ഘട്ടം .നമുക്ക് അത് കളിച്ചാലോ?   അല്ലെങ്കി .."
"അതിനു ക്രിക്കറ്റ്‌  കളിച്ചാല്‍ പോരെ?  മാമനു പുലിക്കളി  അറിയാമോ?  "
      "പിന്നല്ലാതെ. ഒരുമ  പുലിക്കളി  സംഘം,ഒരുമ  പുലിക്കളി  സംഘം...  എന്ന്  കേട്ടിട്ടുണ്ടോ. ഞാന്‍ പണ്ടു ..  ?"
"  ഇല്ല ,ധാരാവി , ധാരാവി...  എന്ന്   കേട്ടിട്ടുണ്ട്  . "
      " ഡാ... ഡാ ..ഇബടെ വാ ..,മാമന്‍ ഓണത്തല്ല്     കാണിച്ചുതരാം. !.
ശ്ശെ,വന്നു വന്നു കുട്ടികള്‍ക്ക് മാമന്മാരെ    പേടി ഇല്ല്യ ണ്ടായല്ലോ. കഷ്ടം തന്നെ !."


 
 
15 അഭിപ്രായങ്ങള്‍ ഇതുവരെ കിട്ടി. നിങ്ങളും പറയൂ:

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

കുട്ടികള്‍ക്കൊക്കെ വിവരം വച്ചു . മാമന്മാരുടെ കാര്യം .

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
rahul sudhir പറഞ്ഞു... മറുപടി

AN EXCELLENT BLOG

Kattil Abdul Nissar പറഞ്ഞു... മറുപടി

ഓണ സ്മൃതികളുടെ മനോഹരമായ ആവിഷ്ക്കരണം .
സുധീറിന്റെ കാഴ്ച്ചകളോടെ എനിക്ക് കുറച്ചു ഇഷ്ടം തോന്നുന്നു. സമാനമായ കാഴ്ച പ്പാടിന്റെ ഒരു സുഖം തോന്നുന്നു.വീണ്ടും വരിക .സ്നേഹ പൂര്‍വം

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

@rahul .
രാഹുല്‍ എന്റെ അനന്തിരവന്‍ .ഈ പോസ്റ്റിലെ ഒരു കഥാപാത്രം .
@nissar. നന്ദി

നൊച്ചിൽക്കാട് പറഞ്ഞു... മറുപടി

മേഘമൽഹാർ മനോഹരമായിരിക്കുന്നു.അഭിനന്ദനങ്ങൾ....

സ്മിത പറഞ്ഞു... മറുപടി

''ഓ൪മ്മയ്കു പേരാണിതോണം!
അച്ഛന്‍ ഉടുപ്പിച്ച കൊച്ചു മഞ്ഞക്കോടി ചുറ്റി
ക്കിളിത്തട്ടുലഞ്ഞ കാലം!
..............
............ ''

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

@സ്മിത, നന്ദി സ്മിത.
@ നോച്ചില്‍ . സന്തോഷം

ചിരുതക്കുട്ടി/chiruthakutty പറഞ്ഞു... മറുപടി

"ഉഞ്ഞാല്‍ ഒന്നും ആര്‍ക്കും വേണ്ടാതായി. ഓണമായാല്‍ ഉഞ്ഞാല്‍ ഇല്ലാതെ തന്നെ ആടാനാ താല്പര്യം പലര്‍ക്കും
ഇതാണ് കിടിലന്‍ എന്ന് പറയണത് ...

ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍ പറഞ്ഞു... മറുപടി

ആന പോവുന്ന പൂമരത്തിന്റെ ചോടെ പോവുന്നതാരെടാ...........
ആരാനുമല്ല കൂരാനുമല്ല കുറ്റിക്കാട്ടിലെ ചിരുതേവി.......
പൂവേ പൊലി,പൂവേ പൊലി,പൂവേ പൊലി പൂവേ.........
[ഇഷ്ടായി പോസ്റ്റ്‌........എന്‍റെ കുഞ്ഞു ബ്ലോഗില്‍ ''അവള്‍ ''ഇരിപ്പുണ്ട് സ്വാഗതം.........]

ആസാദ്‌ പറഞ്ഞു... മറുപടി

തുമ്പപ്പൂ , മുക്കുറ്റി പ്പൂ , കുംബളപ്പൂ , മത്താപ്പൂ , ഒടിച്ചു കുത്തിപ്പൂ , ചെമ്പരത്തിപ്പൂ , അലരിപ്പൂ , ചെമ്പരത്തിപ്പൂ , പൂവാങ്കുരുന്നില , കയ്യുണ്ണി , കറുക , ഉഴിഞ്ഞ ,നിലപ്പന , കൃഷ്ണകാന്തി , നളനീലി , കണ്ണാന്തളി , കിളിപ്പൂ , കാക്കപ്പൂവ് ,കലമ്പോട്ടി ,കദളി ,കായാമ്പൂ , കോളാമ്പിപ്പൂ , നെല്ലിപ്പൂ ,അരിപ്പൂ ,


ഓര്‍മ്മകള്‍ മയില്‍ പീലി വിടര്‍ത്തുന്നു. ഓര്‍മ്മിപ്പിച്ചതിനു നന്ദി...

faisalbabu പറഞ്ഞു... മറുപടി

അതി വിദൂരമല്ലാത്ത ഭാവിയില്‍ ഓണവും ,മാവേലിയും ,തുമ്പപ്പൂ വും ,മൊക്കെ ഫേസ്ബുക്കിലും ,ബ്ലോഗിലുമൊക്കെ ഭാവി തലമുറ തിരയെണ്ടിവരുമോ ?

ശ്രീ പറഞ്ഞു... മറുപടി

അതെയതെ, ഇന്നത്തെ തലമുറയിലെ കുട്ടികളോടൊക്കെ എന്തെങ്കിലും പറഞ്ഞു പിടിച്ചു നില്‍ക്കുക എന്നത് എളുപ്പമല്ല.

:)

സാമൂസ് -Samus പറഞ്ഞു... മറുപടി

Kollattoo....

http://lekhaken.blogspot.com

.

സുഗന്ധി പറഞ്ഞു... മറുപടി

മനോഹരമാ‍യ ചിത്രം..
ആരാണിക്കൊച്ചു തലയ്ക്കകത്തിത്ര കലമ്പൽ കൂട്ടാൻ
എന്തിനാണി കുഞ്ഞുകണ്ണുകൾക്കിത്ര വിസ്മയം
അതിശയത്തോണിയിറക്കുമാറ്റു വക്കിൽ
നിന്റെ കാഴ്ചകളെനിക്കും തരൂ കുഞ്ഞുപൂക്കളെ

Related Posts with Thumbnails