സ്വാഗതം .സുധീര്‍.

29.8.10

ഒരു പുഴയുടെ അന്ത്യം

                                   മഴക്കാലത്ത്‌ നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴയുടെ വന്യ സൌ ന്ദര്യം കണ്ടിട്ടുണ്ടോ? തീരം തകര്‍ത്ത്‌ കുത്തിയൊഴുകി ആര്‍ത്തലച്ച്‌...
എതാനും ആഴ്ചകള്‍ മാത്രമേ നിളയങ്ങനെ നിറഞ്ഞൊഴുകൂ. പിന്നെ വീണ്ടും പഴയ കോലത്തിലാകും പുഴ . ഒഴുക്കു നിലച്ച്‌, വറ്റി വരണ്ട്‌, കുണ്ടും കുഴിയുമായി...
ഹിമാലയത്തില്‍ നിന്നും മഞ്ഞുരുകിവരുന്നതുവഴി ജലസമൃദ്ധിയുള്ള ഉത്തരേന്ത്യന്‍ നദികളെ പോലെ വര്‍ഷം മുഴുവന്‍ കേരളത്തിലെ നദികളില്‍ വെള്ളമുണ്ടാകാറില്ല. ജലത്തിനായി മഴയെ മാത്രം ആശ്രയിക്കുന്നതാണല്ലോ കേരളത്തിലെ നദികള്‍. പൊതുവെ വരണ്ട പ്രദേശമായ തമിഴ്‌നാട്‌, പാലക്കാട്‌ പ്രദേശങ്ങളിലൂടെ കുറേ ദൂരം ഒഴുകുന്നതുകൊണ്ടുമാകാം ഭാരതപ്പുഴയില്‍ വര്‍ഷം മുഴുവന്‍ പണ്ടുമുതല്‍കെ ഒഴുക്കു കുറവാണ്‌. പക്ഷേ, മഴ ധാരാളം പെയ്യുന്ന കേരളത്തിലെ, നീളം കൂടിയ രണ്ടാമത്തെ നദിയായ ഭാരതപ്പുഴ മിക്കപ്പോഴും വറ്റിവരണ്ടിരിക്കുന്നതിനു കാരണം മനുഷ്യന്റെ ക്രൂരമായ ഇടപെടലുകള്‍ തന്നെ.
ഷൊര്‍ണൂരിലെ മേല്‍പാലത്തിലുടെ വേനല്‍ക്കാലത്ത്‌ ഒരിക്കലെങ്കിലും കടന്നു പോയിട്ടുള്ളവര്‍ മറക്കാനിടയില്ല, കാടും പടലും പിടിച്ച്‌, ഒരു ചാലു പോലെ കിടക്കുന്ന, നമ്മുടെ ദക്ഷിണ ഗംഗയെ!. മണലെടുത്ത കുഴികളാല്‍ വികൃതമാക്കപ്പെട്ട ഈ നദിയുടെ പാലത്തിനടുത്ത്‌ കോണ്‍ക്രീറ്റ്‌ തൂണിന്റെ അസ്ഥിവാരം വരെ പുറത്തുകാണുന്ന രീതിയില്‍ അപകടകരമായ അവസ്ഥയിലാണ്‌ മണലെടുപ്പ്‌ നടന്നിരിക്കുന്നത്‌. ഒരേ സ്ഥലത്തുനിന്നും വീണ്ടും വീണ്ടും മണലെടുക്കുന്നതും അവ അനിയന്ത്രിതമായ അളവിലാകുന്നതും നദിയില്‍ കുഴികളും കയങ്ങളും സൃഷ്ടിക്കുന്നു. അധികൃതരുടെ കണ്ണുവെട്ടിച്ചുള്ള നീക്കമാകുമ്പോള്‍ ഇക്കാര്യത്തില്‍ മണലെടുപ്പുകാര്‍ ഒട്ടും ശ്രദ്ധിക്കാറുമില്ല. ചുഴികളും കയങ്ങളും പുഴയില്‍ കുളിക്കുന്നത്‌ പലപ്പോഴും അപകടകരമാക്കുന്നു  മാത്രമല്ല ഇവ ഒഴുക്കു കുറയ്ക്കുകയും ചെയ്യുന്നു. ഒഴുകി വരുന്ന അഴുക്കും ചെളിയും മണ്ണും, മനുഷ്യന്‍ നിക്ഷേപിക്കുന്ന മറ്റു മാലിന്യങ്ങളും ഈ കുഴികളില്‍ അടിഞ്ഞു കൂടുന്നു. വളക്കൂറുള്ള ഈ കുഴികളില്‍ പുല്ലും സസ്യങ്ങളും കുറ്റിച്ചെടികളും ഇടതൂര്‍ന്നു വളരുന്നത്‌ പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ഇങ്ങിനെ രൂപപ്പെടുന്ന 'ചെറുദ്വീപുകള്‍' നിറയെ കാണാം, ഭാരതപ്പുഴയില്‍. തുടര്‍ച്ചയായി ഒഴുകുന്നതിനു പകരം കാടും പടലും പിടിച്ച കുറ്റിക്കാട്ടിനിടയിലൂടെ ഒഴുകുന്ന നിര്‍ച്ചാലുകളായൊ അഴുക്കു ചാല്‍ മാത്രമായോ ഭാരതപ്പുഴ പലയിടത്തും മാറുന്നത്‌ ഇത്തരം തടസ്സങ്ങള്‍ മൂലമാണ്‌. ഒഴുക്കില്ലെങ്കില്‍ പുഴ പുഴയാവില്ല; കുളമോ തടാകമോ മത്രമേ ആവുന്നുള്ളൂ. അതുപോലെതന്നെ പുഴയെ പുഴ ആക്കുന്ന മറ്റൊരു നിര്‍ണയക ഘടകമാണ്‌ മണല്‍. അതാണ്‌ മനുഷ്യന്റെ നിരന്തര ചൂഷണം മൂലം ഇല്ലാതായി വരുന്നത്‌

          ...ഒരു കാലത്ത്‌, കവി വര്‍ണ്ണനയിലൂടെയെങ്കിലും നാമറിഞ്ഞിട്ടുള്ളപോലെ, നവോഢയായും, കാമുകിയായും, പ്രണയിനിയായും യൌവ്വനയുക്തയായും ഒക്കെ ഒഴുകിയിരുന്ന നിള, ഇപ്പോള്‍ വയസ്സിയായിരിക്കുന്നുവെങ്കിലും,തന്റെ ഈ അവസ്തയിലുള്ള അമര്‍ഷം തീര്‍ക്കാനെന്നവണ്ണം, നല്ല മഴക്കാലത്ത്‌ മുന്‍ കാലങ്ങളെപ്പോലെ ഒരിക്കല്‍ കൂടി കുത്തിയൊഴുകാറുണ്ട്‌,സര്‍വ്വശക്തിയും സംഭരിച്ച്‌.. എന്നാല്‍ നേരത്തെ പറഞ്ഞ കാര്യങ്ങളാല്‍ ഗതി തടസ്സപ്പെടുന്നതോടെ, നീളക്ക്‌ തീരം തകര്‍ത്തൊഴുകേണ്ടി വരുന്നു. ഇത്‌ തീരത്തെ വളക്കൂറുള്ള എക്കല്‍ മണ്ണ്‌ വ്യാപകമായി പുഴയില്‍ കലരാനിടയാക്കുന്നു. ഇതു വീണ്ടും നദീമദ്ധ്യത്തിലെ 'ചെറുകാടു'കളുകളുടേയും തടസ്സങ്ങളുടേയും വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഇടയാക്കുന്നുള്ളൂ. ഇത്‌ പ്രശ്നങ്ങള്‍ വീണ്ടും ഗുരുതരമാക്കുന്നു.

നിയന്ത്രണാതീതമായ മണലെടുപ്പ്‌ നദിയുടെ അടിത്തട്ടിന്റെ നിരപ്പു താഴ്ത്തിയിട്ടുണ്ട്‌. നദിയുടെ അടിത്തട്ടിന്റെ നിരപ്പ്‌ സമുദ്ര നിരപ്പിനേക്കാള്‍ താഴുന്നതോടെ, അറബിക്കടലില്‍ നിന്നുള്ള ഉപ്പ്‌ 70,000 പേരോളം കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഈ പുഴവെള്ളത്തില്‍ കലരുന്നതിനു ഇടയാകുന്നു. ഇപ്പോള്‍ തന്നെ നിളയുടെ പരിസരപ്രദേശങ്ങളിലെ കിണറുകളിലൊക്കെ അല്‍പാല്‍പമായി ഉപ്പുവെള്ളം കലര്‍ന്നു തുടങ്ങിയിരിക്കുന്നു.
മണല്‍ കൊള്ള:-
നാട്ടുവഴികളേയും നഗരവീഥികളേയും കിടിലം കൊള്ളിച്ചു കൊണ്ട്‌.., ചിലപ്പോഴൊക്കെ എതാനും മനുഷ്യജീവനുകളെയും അപഹരിച്ച്‌, ചീറിപ്പാഞ്ഞു കൊണ്ടിരിക്കുന്ന'ടിപ്പര്‍' (റിപ്പര്‍) ലോറികള്‍, അവയുടെ യാത്രയുടെ തുടക്കമിടുന്നതു തന്നെ നദിയുടെ മാറുപിളര്‍ന്നുകൊണ്ടാണ്‌. ലോറികളിലും, റ്റിപ്പറുകളിലും,വള്ളങ്ങളിലും, കാളവണ്ടികളിലും, തലച്ചുമടായും അധികൃതരുടെ കണ്ണുവെട്ടിച്ച്‌ പലരും മണല്‍ നിരന്തരം കടത്തുന്നുണ്ട്‌. സ്ത്രീകളും കുട്ടികളുമൊക്കെ തലച്ചുമടായി പുഴയില്‍ നിന്നും അല്‍പാല്‍പമായി പരസ്യമായി മണല്‍ കടത്തികൊണ്ടുപോകുമ്പോള്‍ അവയേക്കാള്‍ എത്രയധികമാണ്‌ അര്‍ദ്ധരാത്രിയിലെ രഹസ്യമായുള്ള ലോറികളിലെ മണല്‍ കടത്ത്‌. അനധികൃത മണല്‍ കടത്തിനെതിരെ ശക്തമായ നിയമങ്ങള്‍ നമുക്കുണ്ട്‌. നിരവധി മണല്‍ ലോറികള്‍ ദിനം പ്രതി പിടിച്ചെടുത്തുകൊണ്ടിരിക്കുന്നുമുണ്ട്‌. പക്ഷെ ഇതിന്‌ പ്രായോഗിക തടസ്സങ്ങള്‍ പലതുമുണ്ട്‌. ഓരോ കടവില്‍ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മണലിന്റെ അളവ്‌ ഭീകരമാണ്‌.റവന്യു അധികൃതരുടേയും പോലിസിന്റേയും ശക്തമായ നടപടികള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മണല്‍ കൊള്ള ഇതിലും ഭീകരമായേനെ. ചില സമീപവാസികളുടെയും സാധാരണക്കാരുടെയും, തല്‍പരകക്ഷികളുടെയും സഹകരണമില്ലെങ്കില്‍ മണല്‍ മാഫിയക്ക്‌ ഇവിടെ തഴച്ചു വളരാനാകുമായിരുന്നില്ല തന്നെ. സാമ്പത്തികമായ നേട്ടം മാത്രം ലക്ഷ്യമാകുമ്പോള്‍ നിയമലംഘനം ഒരു പ്രശ്നമാകുന്നില്ല പലര്‍ക്കും.
..അവരറിയുന്നില്ല .. തങ്ങള്‍ക്ക്‌ കുടിവെള്ളം തരുന്ന., തങ്ങളുടെ കൃഷി സ്ഥലങ്ങളെ ഫലഭൂയിഷ്ഠമാകുന്ന, പുഴയാണ്‌ നശിക്കുന്നതെന്ന്‌., കുട്ടിക്കാലത്ത്‌ നീന്തിത്തുടിച്ചു രസിച്ചിരുന്ന പുഴയാണ്‌ ഇല്ലാതാകുന്നതെന്ന്‌..., തങ്ങളുടെ പിതൃക്കളുടെ ചിതാഭസ്മമലിഞ്ഞു ചേര്‍ന്ന, മണല്‍ തരികളാണ്‌ തങ്ങള്‍ക്ക്‌ നഷ്ടമാകുന്നതെന്ന്‌..., മണല്‍ ലോറിയിലെ മണല്‍കൂനയില്‍ നിന്നും യാത്രയിലുടനീളം താഴേക്കു ഇറ്റിറ്റുവിഴുന്നത്‌ പുഴയുടെ കണ്ണു നീരാണെന്ന്‌...

മണല്‍ കൊള്ള നദിയുടെ മരണത്തിന്‌ എത്രമാത്രം കാരണമാകുന്നുവെന്ന്‌ പലര്‍ക്കും അറിഞ്ഞുകൂട എന്നതാണ്‌ ഒരു വസ്തുത.
പുഴയെ സംബന്ധിച്ച്‌ ജലത്തിനെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ്‌ മണലും. പ്രകൃതിയുടെ എ ത്രയോ വര്‍ഷത്തെ നിരന്തര പ്രവര്‍ത്തനം കൊണ്ടാണ്‌ നദിയില്‍ മണല്‍ രൂപം കോള്ളുന്നത്‌.അടിത്തട്ടില്‍ ഒരു സ്പോഞ്ചു പോലെ ജലത്തെ വലിച്ചെടുത്ത്‌ സംരക്ഷിച്ചു നിര്‍ത്തി പുഴയുടെ ആര്‍ദ്രത നിലനിര്‍ത്തുന്നത്‌ മണല്‍തട്ടാണ്‌. ഒരു സംരക്ഷണ കവചം പോലെ അത്‌ ജലത്തെ പുഴയില്‍ നിലനിര്‍ത്തുന്നു. മണല്‍ത്തട്ടിനു മുകളിലൂടെ ഒഴുകുന്നതിനോടൊപ്പം ഒരു അടിപ്പുഴകൂടി ഇങ്ങിനെ ഒഴുകുന്നുണ്ട്‌. മുകളിലെ ജലം വറ്റിയാലും ഒഴുകികൊണ്ടേയിരിക്കുന്ന ഈ 'അടിപ്പുഴ'യാണ്‌ പരിസരപ്രദേശങ്ങളെ ആര്‍ദ്രമാക്കുന്നത്‌. ഇതാണ്‌ മണലെടുപ്പിലൂടെ പൂര്‍ണ്ണമായും നഷ്ടമാകുന്നത്‌.
സ്വന്തം വീടൊഴികെ ഏതുസ്ഥലത്തെയും കുപ്പതൊട്ടിയായി കാണുന്ന കേരളീയര്‍ ഭാരതപ്പുഴയേയും വെറുതെ വിടാറില്ല. ഇവക്കു പുറമേ രാസമാലിന്യങ്ങളും നാം നിര്‍ബാധം പുഴയിലേക്ക്‌ ഒഴുക്കിവിടുന്നു. ( ഭാരതത്തിനു പുറത്ത്‌ എതെങ്കിലും രാജ്യത്ത്‌ ജനങ്ങള്‍ പുഴയെ കുപ്പത്തൊട്ടിയായി കാണുമെന്ന്‌ തോന്നുന്നുണ്ടോ?. നാടിന്റെ അഭിമാനമായാണ്‌ പാശ്ചാത്യ ജനത നദികളെ കാണുന്നത്‌.) ഈ മലിന്യങ്ങളെയൊക്കെ ഒരു പരിധി വരെ വിഘടിപ്പിച്ച്‌ ജലത്തിനു ജീവന്‍ നല്‍കുന്നതും അടിത്തട്ടിനെ ശുദ്ധിയോടെ സംരക്ഷിക്കുകയും ചെയ്യുന്ന, പുഴയുടെ അടിത്തട്ടിലെ സൂക്ഷ്മ ജലസസ്യങ്ങളും ചെറു ജിവികളുമടങ്ങുന്ന ഒരു 'ഇക്കോവ്യൂഹ'ത്തിന്റെ നിലനില്‍പ്പ്‌ പുഴയിലെ മണല്‍ത്തട്ടിനെയാണ്‌ ആശ്രയിച്ചിരിക്കുന്നത്‌. മണല്‍ ഇല്ലാതാകുന്നതോടെ പുഴയുടെ ഈ ജൈവ ചൈതന്യം നഷ്ടമാകുന്നു. നദി ദുര്‍ഗന്ധ പൂരിതമാകുന്നു. ഇതും നദിയുടെ നാശത്തില്‍ പങ്കു വഹിക്കുന്നു.

തീരത്തോടു ചേര്‍ന്നുള്ള മണല്‍ ത്തിട്ട മല്‍സ്യങ്ങളും മട്ടും പ്രജനനത്തിന്‌ തിരഞ്ഞെടുക്കുന്ന ഇടമാണ്‌. മണല്‍ത്തിട്ട നശിക്കുന്നതോടെ പുഴയിലെ മല്‍സ്യസമ്പത്ത്‌ പതിന്മടങ്ങ്‌ ഇടിയുന്നു. ഇടിഞ്ഞിരിക്കുന്നു. അത് കൊണ്ടു തന്നെ കൊറ്റി കളെയും      പക്ഷികളെയുമൊന്നും ഇപ്പോള്‍ ഇവിടെ കാണാറേയില്ല. പുഴകള്‍ മനുഷ്യനു വേണ്ടി മാത്രമല്ല പ്രകൃതിയിലെ മറ്റു ജീവ സമൂഹത്തിന്റെയും കൂടിയാണെന്ന വസ്തുത മനുഷ്യന്‍ ഇനിയും തിരിച്ചറിയുന്നില്ല.

മാനവ സംസ്കാരം ഉടലെടുത്ത കാലം മുതല്‍ക്കേ നദിയുമായി മനുഷ്യന്‌ അഭേദ്യമായ ബന്ധമുണ്ടായിരുന്നു. എല്ലാ മാനവ സംസ്കാരങ്ങളും ഉടലെടുത്തത്‌ നദീതടങ്ങളിലാണ്‌. കുടിവെള്ളത്തിനും കൃഷിക്കും ഗതാഗതത്തിനും ചരക്കുകടത്തുന്നതിനുമൊക്കെ ഉപയോഗിച്ചുപോന്നിരുന്ന നദിയെ പൂര്‍വികന്മാര്‍ ബഹുമാനത്തോടെയാണ്‌ നോക്കികണ്ടിരുന്നത്‌, സംരക്ഷിച്ചു പോന്നിരുന്നത്‌. നദിയെ ദേവിയായും അമ്മയായും കണ്ടിരുന്നവരായിരുന്ന ഭാരതീയര്‍ എന്നാണ്‌ നദിയെ ക്രൂരമായി നശിപ്പിക്കാന്‍ ആരംഭിച്ചത്‌?. നാഗരികതയുടെ കളിത്തൊട്ടിലായിരുന്ന പുഴ എന്നു മുതലാണ്‌ കുപ്പത്തൊട്ടിയായത്‌?. മനുഷ്യന്‍ നാഗരികന്‍ ആയതു മുതല്‍ക്കെ എന്നുപറയാം..
പശ്ചിമഘട്ടത്തിലെ ആനമലയില്‍ നിന്നു ജനിച്ച്‌ പാലക്കാട്‌,തൃശ്ശൂര്‍, മലപ്പുറം ജില്ലകള്‍ക്ക്‌ ദാഹജലം നല്‍കി 209 കിലോ മീറ്റര്‍ താണ്ടി പൊന്നാനിയില്‍ വച്ച്‌ അറബിക്കടലില്‍ പതിക്കുന്ന നിളക്ക്‌ 6186 ച.കി.മീ വിസ്തൃതമായ നദീതടമുണ്ട്‌. 175-ഓളം വില്ലേജുകളിലായി 773 ച.കി.മീ പ്രദേശത്തെയാണ്‌ നിള ഫലഭൂയിഷ്ഠമാക്കുന്നത്‌. നിലവിലുള്ള മലമ്പുഴ ഡാം ,വാളയാര്‍ ഡാം ,മംഗലം ഡാം,പോത്തുണ്ടി ഡാം, മീങ്കര ഡാം,ചുള്ളിയാര്‍ ഡാം എന്നിവ കൂടാതെ 2 അണക്കെട്ടുകള്‍കൂടി ഭാരതപ്പുഴയില്‍ പണിതു വരുന്നു. 70,000/- ഓളം ജനങ്ങള്‍ക്ക്‌കുടിനീരു നല്‍കുന്നതും പാലക്കാട്‌ ജില്ലയെ കേരളത്തിന്റെ നെല്ലറയായി നിലനിര്‍ത്തുന്നതും ഭാരതപ്പുഴയാണെന്നതിനാല്‍ കൃഷിക്കും ജലസേചനത്തിനുമായി അണക്കെട്ടുകള്‍ നിര്‍മിക്കുന്നത്‌ ചൂഷണമായി കരുതാനാവില്ല.
പക്ഷേ മനുഷ്യന്റെ കണ്ണ്‌ ജലത്തിനപ്പുറം കടന്ന്‌ മണല്‍ സമ്പത്തിലേക്കി അയതോടെ ചിത്രം മാറി.
കേരളീയ രീതിയിലുള്ള ഗൃഹ നിര്‍മ്മാണ രീതിക്കുപകരം കെട്ടിട നിര്‍മാണത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട അസംസ്കൃത വസ്തുവായി മണല്‍ മാറിയതോടെ അല്‍പ്പാല്‍പ്പമായി നമ്മുടെ പുഴകളില്‍ നിന്നു മണല്‍ അപ്രത്യക്ഷമായി തുടങ്ങി. അതിലുപരി, അശാസ്ത്രീയമായ രീതിയിലുള്ള മണലെടുപ്പ്‌ എല്ലാ നദികളെയും പോലെ ഭാരതപ്പുഴയെയും നാശത്തിലേക്കു നയിച്ചു. മണല്‍ ഖനനത്തിനു നിയന്ത്രണം വരുന്നതിനു മുന്‍പും പിന്‍പും അപരിഷ്‌കൃതമായ രീതിയിലുള്ള മണല്‍ ഖനനം ഇവിടെ തുടര്‍ന്നു പോന്നു.മണല്‍ ഖനനം നിയന്ത്രിക്കേണ്ടിയിരിക്കുന്നു.
മണലെടുക്കാതെ കെട്ടിടങ്ങളെങ്ങിനെ പണിയും ?,തൊഴിലാളികള്‍ക്ക്‌ തൊഴില്‍ വേണ്ടേ? നിരവധി ചോദ്യങ്ങള്‍ ഇത്തരുണത്തില്‍ ഉയര്‍ന്നുവരും.ഭിത്തിയില്‍ വിള്ളലുകള്‍ ഉണ്ടാകാതിരിക്കാനും ഉറപ്പിനും ശുദ്ധമായ പുഴമണലിനു പകരം നില്‍ക്കാന്‍ തല്‍ക്കാലം മറ്റൊന്നില്ല . അശാസ്ത്രീയമായി അനിയന്ത്രിതമായി പുഴയില്‍ നിന്നും മണലെടുക്കുന്നതാണ്‌ കുഴപ്പം.

കേരളത്തിന്റെ ഒരു സാംസ്കാരിക ചിഹ്നം തന്നെയായിരുന്നു ഭാരതപ്പുഴ. പണ്ട്‌ 'പേരാര്‍ ' എന്ന ദ്രാവിഡ നാമായിരുന്ന പുഴക്ക്‌. പിന്നെ ഭാരതപ്പുഴ, നിള എന്നൊക്കെ യുള്ള സംസ്കൃത നാമങ്ങളും കിട്ടി. പണ്ട്‌ പണ്ട്‌, മഹേന്ദ്ര പല്ലവ ചക്രവര്‍ത്തിയുടെ കാലത്ത്‌ ഭാരതപ്പുഴയുടെ തീരങ്ങളിലെക്ക്‌ നടന്ന ഒരു സാംസ്കാരിക പാലായനം കലാപാരമ്പര്യമുള്ളവരുടെ ജനവാസം ഭാരതപ്പുഴയുടെ സമീപം ഉടലെടുത്തതിനു കാരണമായിരിക്കാം എന്ന്‌ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. കുഞ്ചന്‍ , തുഞ്ചന്‍ , എം.ടി,വി.കെ.എന്‍ , എം.ഗോവിന്ദന്‍ , സി. രാധാകൃഷ്ണന്‍ തുടങ്ങി എത്ര എത്ര സാഹിത്യകാരന്മാരെ പ്രചോദിപ്പിച്ച നദിയാണ്‌ നിള..
വിശാലമായ് മണല്‍ പരപ്പില്‍ ആകാശം  നോക്കി നക്ഷത്രങ്ങളോട് സല്ലപിക്കാന്‍ ഇനി ആവില്ല. വള്ളത്തോളിന്റെ കലാമണ്ഡലം സ്ഥിതി ചെയ്യുന്നതും ഈ പുളിനത്തിന്റെ കുളിര്‍മ്മയേറ്റിട്ടാണ്‌. പണ്ടുപണ്ട്‌ സാമൂതിരിയുടെ സൈന്യബലത്തിനു മുന്നില്‍ ഈയാം പാറ്റകളെപോലെ വെട്ടിമരിച്ചിരുന്ന വള്ളുവക്കോനാതിരിയുടെ ചാവേറുകള്‍ ചുവപ്പിച്ച മാമാങ്കനാളുകളുടെ സ്മരണ ഉണര്‍ത്താറുള്ള മണല്‍ തട്ട്‌ ഇനി എത്ര നാള്‍?. ഗ്രുഹാതുരയായി നിള ഇപ്പൊഴും ഒഴുകുന്നു..,.. ഉറങ്ങുന്നു.., നിലാവില്‍ വെട്ടിത്തിളങ്ങുന്ന പുഴമണല്‍തീരത്തേയും വെണ്‍താരകങ്ങള്‍ മുഖം മിനുക്കുന്ന ജലപ്പരപ്പിനെയും സ്വപ്നം കണ്ടുകൊണ്ട്‌...
ഈ നദിക്കിനി എത്രനാള്‍ അയുസ്സുണ്ട്‌?.. തീരത്തില്‍ അവശേഷിച്ചതില്‍ നിന്നു കൈക്കുമ്പിളിലെടുത്ത അല്‍പം മണല്‍തരികള്‍ വിരലിനിടയിലൂടെ ഊര്‍ന്നു വീഴുമ്പോള്‍ മനസ്സില്‍ , മലയാളത്തിന്റെ യുവകവി മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ ചിലമ്പിച്ചു ..
'..എന്റെ പൈക്കന്നിനു നീര്‍ക്കൊടുക്കാതെ,
എന്റെ പൊന്മാനിനു മീനു നല്‍കാതെ,
എന്റെ മണ്ണിരകള്‍ക്കു ചാലു നല്‍കാതെ,
കുസൃതിക്കുരുന്നുകള്‍ ജലകേളിയാടാതെ,
കുപ്പിവളത്തരുണി മുങ്ങി നീരാടാതെ,
ആറ്റുവഞ്ഞിക്കുരുന്നിനുമ്മ നല്‍കീടാതെ,
എന്തിന്നു പുഴയെന്ന പേരുമാത്രം..
...........
ഇനി വരും നൂറ്റാണ്ടിലൊരു പുസ്തകത്താളില്‍,
പുഴയെന്ന പേരെന്റെ ചരിതപാഠം..'
......
ഈ പുഴയുടെ ആയുസ്സു നീട്ടികിട്ടാനെന്തെങ്കിലും വഴിയുണ്ടോ ?. ഒറ്റമൂലികള്‍ ഒന്നും തന്നെയില്ല എന്നതാണ്‌ വാസ്തവം.
എങ്കിലും ചിലതൊക്കെ നമ്മള്‍ക്ക്‌ ചെയ്യാനാകും എന്നു തോന്നുന്നു.
1) മണലെടുപ്പിന്റെ അളവു കുറക്കുകയും വ്യക്തമായ ഇടവേളകളില്‍ മാത്രം നിശ്ചിത ഇടങ്ങളില്‍ നിന്നും നിയന്ത്രിതമായി മണലെടുപ്പു നടത്തുക. ഇപ്പോള്‍ തന്നെ ഇത്തരത്തില്‍ നിയമമുള്ളതാണ്‌. ഇതു ശരിയായി നടപ്പില്‍ വരുത്തിയാല്‍ മതിയാകും.
2) തീരങ്ങളില്‍ കണ്ടല്‍ ക്കാടുകള്‍ വച്ചുപിടിപ്പിച്ചോ, തീരങ്ങള്‍ ഭിത്തി കെട്ടിയോ സംരക്ഷിക്കുക. പുഴ കൈയ്യേറ്റം തടയുക.
3)പുഴ യില്‍ നിന്നുള്ള മണലെടുപ്പിനു പകരം കേരളത്തിലെ വിവിധ അണക്കെട്ടുകളില്‍ അടിഞ്ഞു കിടക്കുന്ന മണല്‍ എടുത്ത്‌ ഉപയോഗയോഗ്യമാക്കുന്നത്‌ സര്‍ക്കാറിന്‌ സാമ്പത്തിക ലാഭം കൂടി നേടിത്തരുന്നതും പുഴയെ രക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയുമാണ്‌ . ഇതു വഴി ജലസംഭരണിയുടെ സംഭരണ ശേഷി കുടുകയും ചെയ്യും. സര്‍ക്കാര്‍ തലത്തില്‍ ഇതു സമ്പന്ധിച്ച്‌ നടപടികള്‍ നടന്നു വരുന്നതായി അറിയുന്നു. ഏതാണ്ട്‌ 10 കൊല്ലത്തോളം പുഴമണലെടുപ്പ്‌ ഉപേക്ഷിക്കാന്‍ മാത്രമുള്ള മണല്‍ നമ്മുടെ അണക്കെട്ടുകളില്‍ ഉണ്ടെന്നു പറയപ്പെടുന്നു. ഈ സമയം കൊണ്ട്‌ ഭാരതപ്പുഴ കുറച്ചൊക്കെ ഭേദപ്പെട്ട നിലയില്‍ എത്തിയിരിക്കും.
4) കടല്‍ മണലിന്റെ ഉപയോഗവും പരിഗണിക്കാവുന്നതാണ്‌. പല രാജ്യങ്ങളും ഇത്‌ സുരക്ഷിതമായി ഉപയോഗിക്കുന്നുണ്ട്‌. സമുദ്രത്തിന്റെ അടിത്തട്ട്‌ ഇളക്കിമറിച്ചുകൊണ്ടുള്ള പാരിസ്ഥിതിക പ്രശ്നമുണ്ടാക്കാതെ സുരക്ഷിതമായി മണലെടുക്കാനുള്ള സാങ്കേതിക വിദ്യ അവരില്‍ നിന്നും ലഭ്യമാക്കണം. ഇതേക്കുറിച്ച്‌വിശദമായ പഠനങ്ങളും നടത്തേണ്ടതുണ്ട്‌.
5)M-sand പോലുള്ള കൃത്രിമ മണലിന്റെ സാധ്യതകളും ഉപയോഗിക്കാവുന്നതാണ്‌.
6) പല രാജ്യങ്ങളിലും ഉള്ളതുപോലെ കെട്ടിട നിര്‍മിതിയില്‍ സ്റ്റീലും മറ്റും ഉപയോഗിച്ചുള്ള structure ഉപയോഗിക്കുന്ന രീതി ഇവിടേയും നടപ്പിലാക്കാവുന്നതാണ്‌. ഗൃഹ നിര്‍മിതിയില്‍ ബേക്കര്‍ , നിര്‍മിതി, തുടങ്ങീ, മണലിന്റെ അളവു പരമവധി കുറച്ചു കൊണ്ടുള്ള നിര്‍മ്മാണരീതികളും അവലംബിക്കാവുന്നതാണ്‌.
എന്നാല്‍ ഏറ്റവും പ്രധാനമായി വേണ്ടത്‌ ജനങ്ങളില്‍ മണലെടുപ്പിനെതിരെയുള്ള അവബോധവും നമ്മുടെ നദികളെ നമ്മള്‍ തന്നെ സംരക്ഷിക്കുന്ന സംസ്കാരവും വളര്‍ത്തിയെടുക്കുക എന്നതാണ്‌.
എങ്കില്‍ കുറച്ചു കാലം കൂടി പേരാറും പെരിയാറും കേരളത്തിന്റെ ഐശ്വര്യമായി നമ്മോടൊപ്പം ഉണ്ടാകുമെന്നു നമ്മള്‍ക്കു പ്രതീക്ഷിക്കാം. അല്ലെങ്കില്‍ .,...
..ഇനി വരും നാളിലൊരു പുസ്തകത്താളില്‍ ...

32 അഭിപ്രായങ്ങള്‍ ഇതുവരെ കിട്ടി. നിങ്ങളും പറയൂ:

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

നശിച്ചുകൊണ്ടിരിക്കുന്ന നിളയുടെ ആത്മശാന്തിക്കുവേണ്ടി.
-സുധീര്‍ (മേഘമല്‍ ഹാര്‍)

ശ്രീ പറഞ്ഞു... മറുപടി

നല്ലൊരു പോസ്റ്റ്!

Lathika subhash പറഞ്ഞു... മറുപടി

സുധീർ,

ആ കമന്റിലൂടെയാണ് ഞാൻ ഇവിടെയെത്തിയത്. പ്രശ്നങ്ങൾ മാത്രമല്ല, പരിഹാരവും കൊടുത്തിരിക്കുന്നു.എക്കാലത്തേയും നമ്മുടെ അഭിമാനമെന്നു കരുതുന്ന നിളയെ രക്ഷിക്കാനാവട്ടെ. നല്ല പോസ്റ്റ്.നന്ദി.

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

ഇന്ന് നമുക്ക് പലതും നഷ്ടമായിക്കൊണ്ടിരിക്കുന്നു.
മനുഷ്യന്റെ ആര്‍ത്തി ഒരു പരിധിവരെ എല്ലാത്തിനും കാരണം. നഷ്ടപ്പെടലിന്റെ വഴിയും അതിനുള്ള പരിഹാരവും നിര്‍ദേശിക്കുന്ന വിശദമായ പോസ്റ്റ്‌.
ആശംസകള്‍.

smitha adharsh പറഞ്ഞു... മറുപടി

കഴിഞ്ഞ തവണ,നാട്ടില്‍ പോയപ്പോള്‍ ഭാരതപ്പുഴ കണ്ടു സത്യത്തില്‍ സങ്കടം വന്നു.തിരുവില്വാമലയിലെ അമ്മേടെ വീടിനടുത്തുള്ള ഭാരതപ്പുഴയില്‍ വര്‍ഷത്തില്‍ അഞ്ച് - ആറ് തവണയെങ്കിലും കളിക്കാനും,കുളിക്കാനും അവസരം കിട്ടിയിരുന്ന എന്‍റെ ബാല്യം ഞാന്‍ ഓര്‍ത്ത്‌ പോകാറുണ്ട്.ഇനി പക്ഷെ,ഭാരതപ്പുഴയുടെ ഭൂതകാല ഗര്‍വ്വില്‍ നമുക്ക് സമാധാനിക്കാം.പോസ്റ്റില്‍ പറഞ്ഞത് പോലെ പുഴയുടെ ആസന്ന മരണം മുന്‍കൂട്ടി കണ്ടുകൊണ്ട് എന്തെങ്കിലും പ്രധിവിധി ഉടന്‍ ചെയ്തെ പറ്റൂ..ശുഭാപ്തി വിശ്വാസം ഉള്ളതുകൊണ്ട്,നമുക്ക് നല്ലത് മാത്രം പ്രതീക്ഷിക്കാം അല്ലെ?പോസ്റ്റ്‌ വളരെ നന്നായി എന്ന് എടുത്തു പറയേണ്ടതില്ലല്ലോ..
ഒരു ഓഫ്‌: ചേറൂരിലാ എന്‍റെ വീട്.നമ്മള്‍ മുന്‍പ് ഒരിയ്ക്കല്‍ പരിചയപ്പെട്ടിരുന്നു.ആ സഞ്ചാരിയും,ഈ സഞ്ചാരിയും സെയിം..സെയിം..തിരിച്ചറിഞ്ഞതില്‍ സന്തോഷം.

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

@ സ്മിത
സഞ്ചാരി എന്റെയും നാട്ടുകാരനാണെന്ന് അറിഞ്ഞതില്‍ സന്തോഷം.

അശ്വതി പറഞ്ഞു... മറുപടി

ഈ പുഴ ഒരിക്കലും നശിക്കാതിരിക്കട്ടെ

Mr. Cool പറഞ്ഞു... മറുപടി

very good post. especially the painting..
keep writing.

ഹംസ പറഞ്ഞു... മറുപടി

പുഴയുടെ അന്ത്യം എങ്ങനെ സംഭവിക്കുന്നു എന്നു കുന്തിപ്പുഴയുടെ തീരത്ത് താമസിക്കുന്ന ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്.
പ്രസക്തമായ പോസ്റ്റ് . അഭിനന്ദനങ്ങള്‍ ..

Jishad Cronic പറഞ്ഞു... മറുപടി

നല്ല പോസ്റ്റ്...അഭിനന്ദനങ്ങള്‍.

Umesh Pilicode പറഞ്ഞു... മറുപടി

നന്നായി എഴുതി.

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

പോസ്റ്റിന്റെ ലിങ്ക് അഗ്രഗേടരില്‍ ലിസ്റ്റ് ചെയ്തു കാണുന്നില്ല. എന്താണാവോ..

Sukanya പറഞ്ഞു... മറുപടി

പുഴയെന്ന കൂട്ടുകാരിയെ കുറിച്ച് ഞാനും എഴുതി. നിന്നയിടം കുഴിചിട്ടെന്തു നേടാന്‍ എന്ന്.
ആരുടെയെങ്കിലും കണ്ണ് തുറപ്പിക്കാനായാല്‍ അത്രയും നല്ലത്. പുഴയ്ക്ക് വേണ്ടിയുള്ള പരിശ്രമത്തിനു എന്റെയും ആശംസകള്‍

ശ്രീനാഥന്‍ പറഞ്ഞു... മറുപടി

നിളയുടെ പ്രിതോവസ്ഥയിലുള്ള സുധീറിന്റെ ഉൽക്കണ്ഠയിൽ പങ്കു ചേരുന്നു, തീർച്ചയായും നിർദ്ദേശങ്ങൾ പരിഗണിക്കപ്പെടേണ്ടതാണ്. കറുത്ത പ്രതലം വായനക്ക് തടസ്സമാണോ എന്നൊരു സംശയം

krishnakumar513 പറഞ്ഞു... മറുപടി

ഇന്നാണു ഈ വഴി വരുന്നത്. നന്നായിരിക്കുന്നു,സുധീർ.കാലികപ്രസക്തമായ ലേഖനം.അഭിനന്ദനങ്ങൾ...

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു... മറുപടി

ഇങ്ങനെ ഒരാൾ ഇവിടെ വന്നുപോയി! ഇനിയും ഇടയ്ക്കിടെ വരും.

എഴുത്തും പടോംക്ക കൊള്ളാം. ആശംസകൾ!

Anaswayanadan പറഞ്ഞു... മറുപടി

നന്നായി എനിക്കും ഉണ്ട് മേഘമല്‍ഹാര്‍ എന്നൊരു ബ്ലോഗ്‌
വായിക്കണം അഭിപ്രായം പറയണം

റശീദ് പുന്നശ്ശേരി പറഞ്ഞു... മറുപടി

പുഴകള്‍ ഓരോന്നും മ്ര്തിയടയുന്നു.
നല്ല പോസ്റ്റ്‌

ഒഴാക്കന്‍. പറഞ്ഞു... മറുപടി

പാവം പുഴ....

SUJITH KAYYUR പറഞ്ഞു... മറുപടി

ith nalla soochanayaanu. bharathapuzhaye samrakshikkaa saamoohya mathil aavashyamaanu.athu nammude paarambarya vaahiyaanu enna kaaryam marakkaruth.

Anil cheleri kumaran പറഞ്ഞു... മറുപടി

ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ട് ഈ പോസ്റ്റിന് വേണ്ടി. അഭിനന്ദനങ്ങള്‍.

Asok Sadan പറഞ്ഞു... മറുപടി

പ്രസക്തമായ പോസ്റ്റ്‌. ഒരു കാലത്ത് നിളയുടെ മുകളിലൂടെ പക്ഷീന്ദ്രന്‍ പോലും പറക്കുവാന്‍ ഭയപ്പെട്ടിരുന്നു. അത്രയായിരുന്നു പുഴയുടെ രൌദ്ര ഭാവം. പക്ഷെ ഇന്ന്..........

എന്‍റെ പുതിയ ഷോട്ട് ഫിലിം കാണുവാന്‍ താങ്കളെ എന്‍റെ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു.

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

അഭിപ്രായങ്ങള്‍ എഴുതിയവര്‍ക്കെല്ലാം നന്ദി .

എന്‍.ബി.സുരേഷ് പറഞ്ഞു... മറുപടി

അംബ പേരാറേ നീ മാറിപ്പോമോ
ആകുലമാമൊരഴുക്കുചാലായ്

എന്ന് ഇടശ്ശേരി കുറ്റിപ്പുറം പാലം എന്ന കവിതയിൽ എഴുതിയത് 50 വർഷങ്ങൾക്ക് മുൻപ് ആണ്.

എത്ര ശരിയായിരിക്കുന്നു. ഓരോ തവണ നിളയുടെ തീരത്തുകൂടി യാത്ര ചെയ്യുമ്പോഴും ഉദകക്രിയയ്ക്ക് നേരമായി എന്ന് മനസ്സിൽ കരുതും..

മനുഷ്യൻ എത്ര ക്രൂരനായ ഒരു ജന്തുവാണ് എന്നും കരുതും.

നല്ല വിശദമായ കുറിപ്പ്. പക്ഷേ താങ്കൾ എപ്പൊഴും കവിതയിലേക്ക് പോകുമ്പോൾ മധുസൂദനൻ നായരും മുരുകൻ കാട്ടാക്കടയും ഒക്കെയാണ് വരുന്നത്. നിളയെക്കുറിച്ച് പറയുമ്പോൾ ഇടശ്ശേരിയും പിയും സച്ചിദാനന്ദനുമൊക്കെ വന്നുകൂടെ?

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

.@ സുരേഷേ ,
രായിരമംഗലം മലകയറ്റം എന്ന എന്റെ പോസ്റ്റിലെ വിഷയം മധുസൂദന്‍ നായരുടെ വരികളെ സാധൂകരിക്കുന്നു. കക്കാടിന്റെ 2 വരികളും മുന്‍പൊരു പോസ്റ്റില്‍ ഉണ്ട്ട് . നിളയെ കുറിച്ച് നിരവധി കവികളും കഥകാരന്മാരും എഴുതിയിടുള്ളതാണ്. പുഴയുടെ ആത്മഗതം എന്നരീതിയില്‍ എടുത്തപ്പോള്‍ കാട്ടാക്കടയുടെ വരികളാണ് ഓര്‍മ്മവന്നത്. അത്രയേ ഉള്ളൂ. മഹാകവികളുറെ വരികള്‍ അത്രയൊന്നും കാണാപാഠം അറിയില്ലെന്നത് വേറൊരു വസ്തുത.
നിളക്കൊരു ആശ്വാസമായിരുന്നു സര്‍ക്കാരിന്റെ ഡാം മണലെടുപ്പ് തിരുമാനം.
ഡാമുകളിലെ മണല്‍ എടുപ്പ് ഫല പ്രദമായില്ലെന്ന് ഇപ്പോള്‍ സംസ്ഥാന ധനമന്ത്രി .എന്ത് കൊണ്ടെന്നു മന്ത്രി പറഞ്ഞില്ല. കഷ്ടം.

pradeepramanattukara പറഞ്ഞു... മറുപടി

നിളയിപ്പോള്‍ മണലൂറ്റുകാരുടെ കയ്കളിലാണ് . നല്ല രചന

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

നിളക്കിനിയാത്മശാന്തി...

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

ഇപ്പോള്‍ ഇതാ അണക്കെട്ടുകളിലെ മണലെടുപ്പ് 'നോക്കുകൂലി' ആവശ്യപ്പെട്ട തൊഴിലാളികള്‍ അട്ടിമറിച്ചിരിക്കുന്നു !. കേരളം ഇതും അര്‍ഹിക്കുന്നു....

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

മണല്‍ വാരലിന്റെ അവസാന ഇര . ഷൊര്‍ ണൂരിലെ ഭാരത പ്പുഴക്ക്‌ കുറുകെയുള്ള പഴയ പാലവും തകര്‍ന്നു വീണിരിക്കുന്നു .
.

സുധീഷരാമൻ പറഞ്ഞു... മറുപടി

നല്ല ഒരു ലേഖനം അഭിനന്തനങ്ങൾ ..........ഇങ്ങനെ എല്ലാറ്റിനും മനുഷ്യൻ കണ്ണടച്ചാൽ പത്തോ അമ്പതോ കൊല്ലം കഴിയുമ്പോൾ എന്ത് ചെയ്യും. ഇനിയെങ്കിലും ഇതിനെതിരെ പൊതുസമൂഹം ഉണർന്നെങ്കിൽ നമ്മുടെ തോടും പുഴയും എല്ലാം നശിച്ച് നാമവിശേഷമാകും. മാധ്യമങ്ങൾ ക്ക് വളരെ വലിയ ഒരു പങ്ക നിർവ്വഹിക്കാൻ കഴിയും ഇതിനെതിരെ. ആലപ്പുഴ കണ്ട് കേരളം കണ്ട് ഒരു മദാമ “ഈ സ്വർഗ്ഗത്തെ ആരാണിങ്ങനെ യാക്കിയത്”.സത്യമല്ലെ അത്..................ശാസ്ത്രം വികസിക്കുന്നു എന്ന് പറയുമ്പോൾ തന്നെ പ്രകൃതിനശിക്കുന്നു,മനുഷ്യന് രോഗങ്ങൾ കൂടുന്നു.ഇങ്ങനെ യുള്ള ശാസ്ത്ര വിക്സനം എന്തിനാണ് അല്ലെങ്കിൽ ശാസ്ത്രം വികസിക്കുന്നത് എന്തിനാണ്...............ഇതിനെതിരെ ഒരു സ്ഥിരം കൂട്ടായ്മ രൂപപ്പെട്ടിരുന്നെങ്കിൽ,പ്രവൃത്തിക്കാൻ ക്ഴിയുന്ന ഒന്ന്..................

സുധീഷരാമൻ പറഞ്ഞു... മറുപടി

നല്ല ഒരു ലേഖനം അഭിനന്തനങ്ങൾ ..........ഇങ്ങനെ എല്ലാറ്റിനും മനുഷ്യൻ കണ്ണടച്ചാൽ പത്തോ അമ്പതോ കൊല്ലം കഴിയുമ്പോൾ എന്ത് ചെയ്യും. ഇനിയെങ്കിലും ഇതിനെതിരെ പൊതുസമൂഹം ഉണർന്നെങ്കിൽ നമ്മുടെ തോടും പുഴയും എല്ലാം നശിച്ച് നാമവിശേഷമാകും. മാധ്യമങ്ങൾ ക്ക് വളരെ വലിയ ഒരു പങ്ക നിർവ്വഹിക്കാൻ കഴിയും ഇതിനെതിരെ. കേരളം കണ്ട് ഒരു മദാമ “ഈ സ്വർഗ്ഗത്തെ ആരാണിങ്ങനെ യാക്കിയത്”.സത്യമല്ലെ അത്..................ശാസ്ത്രം വികസിക്കുന്നു എന്ന് പറയുമ്പോൾ തന്നെ പ്രകൃതിനശിക്കുന്നു,മനുഷ്യന് രോഗങ്ങൾ കൂടുന്നു.ഇങ്ങനെ യുള്ള ശാസ്ത്ര വിക്സനം എന്തിനാണ് അല്ലെങ്കിൽ ശാസ്ത്രം വികസിക്കുന്നത് ആർക്കുവേണ്ടിയാണ്
...............ഇതിനെതിരെ ഒരു സ്ഥിരം കൂട്ടായ്മ രൂപപ്പെട്ടിരുന്നെങ്കിൽ,പ്രവൃത്തിക്കാൻ ക്ഴിയുന്ന ഒന്ന്..................

അജ്ഞാതന്‍ പറഞ്ഞു... മറുപടി

phentermine price phentermine online india - phentermine online+yahoo

Related Posts with Thumbnails