സ്വാഗതം .സുധീര്‍.

15.11.08

രായിരനെല്ലൂര്‍ മലകയറ്റം





വളാഞ്ചേരി പട്ടാമ്പി റൂട്ടില്‍ അര മണിക്കൂര്‍ യാത്ര ചെയ്താല്‍ തിരുവേഗപ്പുറ എന്ന സ്ഥലത്തെത്തും. ഇതിനടുത്താണ്‌ നാരായണത്തു ഭ്രാന്തനാല്‍ അറിയപ്പെടുന്ന രായിരനെല്ലൂര്‍ മല  പണ്ടു പണ്ടു പന്തിരുകുല പെരുമയുടെ പഴയ നാളുകളില്‍, മലക്കു മുകളില്‍ വച്ച് നാറാണത്തുഭ്രാന്തന്‌ ദേവീദര്‍ശനമുണ്ടായെന്നു പറയപ്പെടുന്ന ദിവസമായ തുലാം ഒന്നിന്‌ എല്ലാ വര്‍ഷവും ഈ മല കയറുവാൻ ധാരാളം ജനങ്ങള്‍ എത്തുക പതിവാണ്. .
പണ്ടു മുതല്‍ക്കേ വേദപണ്ഠിതന്മാർക്ക്‌ പേരുകേട്ട സ്ഥലമാണ്‌ തിരുവേഗപ്പുറ.
പണ്ട്‌.. പണ്ട്‌, ചെർപ്പുളശ്ശേരിക്കടുത്തുള്ള ചെത്തല്ലൂര്‍ഗ്രാമത്തിലെ നാരായണമംഗലം മനയില്‍നിന്ന്‌ വേദപഠനത്തിനാണ്‌ നാറാണത്തുഭ്രാന്തന്‍ രായിരനെല്ലൂര്‍മലക്കടുത്തുള്ള തിരുവേഗപ്പുറ എന്ന സ്ഥലത്തെത്തിയതെന്ന് പറയപ്പെടുന്നു. 'നാരായണ മംഗലത്ത്‌ 'ലോപിച്ചാണ്‌ 'നാറാണത്ത്‌' ആയത്‌!. (ഒന്നാം തരം പേരുകളെ ലോപിപ്പിച്ച്‌ ലോപിപ്പിച്ച്‌ ഒരു പരുവമാക്കുക എന്നത്‌ നമ്മുടെ പൂർവ്വ സൂരികളുടെ ഒരു ഹോബിയായിരുന്നു എന്നു തോന്നിയിട്ടുണ്ട്‌. 'രണരാഘവനെല്ലൂര്‍' എന്ന ഒന്നാം തരക്കാരനെയാണ്‌ രായിരനെല്ലൂര്‍ എന്നാക്കികളഞ്ഞത്‌!. കഷ്ടം തന്നെ!.)

 ഞാനും ചങ്ങാതിയും കൂടി  തുലാം ഒന്നിന്‌ ട്രെയിനില്‍ കുറ്റിപ്പുറം  സ്റ്റേഷനിലിറങ്ങി, വളാഞ്ചേരി വന്ന്‌ പട്ടാമ്പിറൂട്ടില്‍ തിരുവേഗപ്പുറക്ക്‌ അടുത്തുള്ള ഒന്നാം മല എന്നയിടത്ത്‌  ബസ് ഇറങ്ങി. പ്രശാന്തസുന്ദരമായ ഗ്രാമീണ ക്കാഴ്ചകൾ കണ്ട്  യാത്രചെയ്യാൻ  ബസിനെ ക്കാൾ നല്ല വാഹനമില്ല!
അവിടെ നിന്നു നോക്കിയപ്പോള്‍ കണ്ടു ; ജനത്തിരക്കിനിടയിലൂടെ ദൂരെ തലയുയർത്തിക്കൊണ്ട്‌ നില്‍ക്കുന്ന രായിരനെല്ലൂര്‍ മലയെ . താഴ്വാരത്തിലെ വള്ളുവനാടന്‍   പ്രകൃതി ഭംഗി  നിറഞ്ഞ ഗ്രാമീണ വെട്ടു വഴിയിലൂടെ പതുക്കെ നടന്നുതുടങ്ങി , മുകളിലേക്ക് .
മലയിലേക്കുള്ള ഇടുങ്ങിയ വഴിയുടെ സിംഹഭാഗവും കയ്യടക്കി കരിമ്പും   പൊരിയും മുറുക്കും ഈത്തപ്പഴവും ജിലേബിയും മറ്റും കാട്ടി പ്രലോഭിപ്പിച്ചുകൊണ്ടിരുന്ന വഴിവാണിഭക്കാരെ തൃണവല്‍ഗണിച്ച്‌ ഞങ്ങൾ മല കയറുവാന്‍    തുടങ്ങി. ആബാലവൃദ്ധം ജനങ്ങള്‍ മല കയറിയിറങ്ങുന്ന കാഴ്ച നമ്മെ സന്തോഷമുണ്ടാക്കുന്ന ഒന്നാണ് . ( കുറഞ്ഞത്‌ നമ്മുടെ മലകയറ്റം തുടങ്ങുന്നതു വരേയ്ക്കെങ്കിലും !).
തെക്കുഭാഗത്തുകൂടെ കയറി പടിഞ്ഞാറു ഭാഗത്തൂടെ ഇറങ്ങുന്നതാണ്‌ നല്ലതെന്ന്‌പഴമക്കാര്‍ പറഞ്ഞു. പക്ഷെ ഞങ്ങള്‍ 'മുന്‍പേ ഗമിക്കുന്ന ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം' എന്ന മട്ടില്‍ ഒരു ദിശ നോക്കി നടന്നു.രായിരനെല്ലൂര്‍ മല  'മിനി ശബരിമല' പോലെയെന്നു ചിലര്‍  പറഞ്ഞു. പക്ഷേ ആരുടെ പേരില്‍ ശരണം വിളിക്കണമെന്ന കണ്‍ഫൂഷ്യന്‍കാരണമാകാം ആരും ശരണം വിളിക്കുന്നുണ്ടായിരുന്നില്ല. ശബരിമല   കയറാന്‍ സമ്മതിക്കാത്തതിന്റെ പ്രതിഷേധം   എന്ന വണ്ണം   ധാരാളം സ്ത്രീകള്‍  കുട്ടികളെയും  കൊണ്ടു  രണ്ടും കല്പിച്ചു മല കയറുന്നുണ്ടായിരുന്നു.

 മലകയറ്റക്കാരില്‍ കൂടുതലും ചെറുപ്പക്കാരായിരുന്നു എന്ന് തോന്നി.   ചിലര്‍ കരിമ്പിന്‍ കഷണം മൃഗീയമായി കടിച്ചു പറിച്ചാണ്‌ നടന്നിരുന്നത്‌. മറ്റു ചിലര്‍ കരിമ്പു വടി തന്നെ കുത്തിപ്പിടിച്ചു നടക്കുന്നതു കണ്ടു. അവ പലതും പക്ഷെ ,മല കയറും തോറും ചെറുതായി വരുകയും മുകളിലെത്തുമ്പോഴേക്കും ഇല്ലാതാവുകയും ചെയ്തിരുന്നു എന്നത് വസ്തുത !. കാട്ടു പുല്ലുകളും കല്ലുകളും  നിറഞ്ഞതാണെങ്കിലും വലിയ കുഴപ്പമില്ലാത്ത വഴി മുന്നിലുള്ളപ്പോള്‍ ചില വിദ്വാന്മാര്‍ പാറകളിൽ അള്ളിപ്പിടിച്ചു കേറുന്നതു കണ്ടു!. മുകളിലേക്കു കയറാനും ഇറങ്ങാനും ഒരേ വഴിയാണ്‌ പലരും തിരഞ്ഞെടുത്തത് എന്നത്‌ പലര്‍ക്കും ഒരു പ്രശ്നമായിരുന്നു.താഴോട്ടു ടോപ്‌ ഗീറില്‍ വരുന്നവര്‍ക്ക് വേണ്ടി ഞങ്ങള്‍ 'മല കയറ്റക്കാര്‍ക്ക്' പലപ്പോഴും ഒതുങ്ങി മാറേണ്ടിയും  വന്നു.
താഴോട്ടുള്ള വരവില്‍ നിയന്ത്രണം നഷ്ടപെടുന്ന ചില 'അബല'കളെ സഹായിക്കാനും ചിലര്‍ സമയം കണ്ടെത്തി എന്നത് പ്രസ്താവ്യമത്രേ  .
വെള്ളക്കുപ്പി എടുക്കാന്‍ മറന്നത്  ചെറിയ പ്രശ്നമായി തോന്നി . ഈ വഴി മൊത്തം നാരാണതു  ഭ്രാന്തന്‍ ദിവസേന കല്ലുരുട്ടിക്കയറ്റിയതാണല്ലോ എന്നോര്‍ത്തപ്പോള്‍ പക്ഷെ, ക്ഷീണം പമ്പ കടന്ന്‌ ശബരി മലയും കടന്നു എവിടെയ്ക്കോ പോയി..
കിതപ്പു മറയ്ക്കാനെന്ന വ്യാജേനെ വഴിയില്‍ നിന്ന്‌ ചിത്രങ്ങള്‍ പകര്‍ത്തുന്നവരെയും, ഫോട്ടോ ഏടുക്കാനെന്ന വ്യാജേന വഴിയില്‍ നിന്ന്‌ കിതപ്പാറ്റുന്നവരെയും, സീനറി നോക്കുന്നവരെയും, കയറിയ സ്പീഡില്‍ ഇറങ്ങാന്‍  പറ്റാതെ കുത്തനെയുള്ള ഇറക്കത്തിൽ നിശ്ചലരായി നിന്നു പരിസരം വീക്ഷിക്കുന്നതായി ഭാവിക്കുന്ന   വല്ല്യമ്മമാരെയും മറികടന്ന്‌ ഞങ്ങള്‍ മുകളിലേക്കു തന്നെ കയറി. പിന്നെയും കയറി... കയറിക്കൊണ്ടേയിരുന്നു. . .
കുറേയെത്തിയപ്പോള്‍ അതാ ഒരു കൊച്ചുകിണര്‍ !. കഷ്ടിച്ച്‌ രണ്ടോ, മൂന്നോ അടി താഴ്ചയില്‍ തെളിഞ്ഞ വെള്ളം!.കുന്നിന്‍ മുകളിൽ ഒരുക്ഷേത്രമുണ്ടത്രേ, എങ്കിൽ ക്ഷേത്രത്തിലേക്ക്  ജലമെടുക്കുന്നത്  ഇവിടെ നിന്നായിരിക്കും .പ്രതീക്ഷ തെറ്റിയില്ല. ശുദ്ധജലം . ദാഹം മാറ്റി മുഖം കഴുകി കുറച്ചു നടന്നപ്പോഴേക്കും മുകള്‍പ്പരപ്പെത്തി.  'അമ്പട ഞാനേ' എന്ന മട്ടില്‍ പരിസരം വീക്ഷിച്ചു.
മുകൾപരപ്പിലെ വിശാലതയിൽ എത്തിയപ്പോൾ നല്ല വെയില്  ആയിരുന്നു ‍. ഏതാണ്ട്‌ ഈ  സമയത്താണ്‌ നാറാണത്തിന്‌ ദേവീദര്‍ശനമുണ്ടായതെന്നു പറയപ്പെടുന്നു. ഒരു ആൽ മരത്തണലിലേക്ക്  മാറി നിന്നു.
അവിടെ  ഒരു ചെറിയ ക്ഷേത്രം  ഉണ്ട് .ക്ഷേത്രത്തില്‍ ശ്രീകോവിലിന്‌ മേല്ക്കൂരയില്ല  എന്നത്    പ്രത്യേകത  ആയി തോന്നി. എന്നാൽ ശ്രീകോവിൽ ഒഴിച്ചുള്ള ഭാഗത്തെല്ലാം മേൽക്കൂരയുണ്ട്‌ !.
മഴയും മഞ്ഞും വെയിലും കൊണ്ട്‌ പ്രകൃതിയോട്‌ താദാത്മ്യം പ്രാപിച്ചുകൊണ്ട്‌ നിൽക്കുന്ന ദേവി..!.

നാറാണത്ത്‌ ഭ്രാന്തനാണ്‌ ദേവീ വിഗ്രഹത്തെ പ്രതിഷ്ടിച്ചതെന്ന്‌ പറയപ്പെടുന്നു.
മലമുകളിൽ 5- 6 ഏക്കറോളം സ്ഥലമുണ്ട്‌. കേറിച്ചെല്ലുന്നിടത്ത്‌ തന്നെ ആണ്  ഈ ദുര്‍ഗാക്ഷേത്രം . അവിടെ ദര്‍ശനത്തിന്‌ നില്‍ക്കുന്നവരുടെ ഒരു ഗംഭീര ക്യൂ!. 'ക്യു 'നില്‍ക്കാന്‍  ആയിരുന്നെങ്കില്‍  ഈ  മല കയറി വരേണ്ട  ആവശ്യമില്ലല്ലോ എന്നോര്‍ത്ത  ഞാനും സുഹൃത്തും ശുദ്ധവായു ശ്വസിച്ച് ആൽത്തറയിലിരുന്നു  അല്പനേരം. തുലാം ഒന്നിനു അതിരാവിലേ സൂര്യോദയത്തിനു മുന്‍പ്‌  ക്ഷേത്രത്തില്‍ പൂജയുണ്ട്‌. ആ സമയത്തും നല്ല തിരക്കാണത്രേ. അതിരാവിലെ മല കയറുന്നതിന്റെ ഹരം അറിയാനായില്ല എന്നതില്‍ അല്പം നിരാശ തോന്നാതിരുന്നില്ല . അത്  മാറ്റാൻ , ഉള്ള സമയം സ്ഥലം ചുറ്റി ക്കാണാന്‍   തിരുമാനിച്ചു.


നാലുപാടും പച്ചപ്പ് . മുകളിൽ നീലാകാശം, സൂര്യൻ. കുറച്ചു കൂടി മരങ്ങൾ  ആവാമായിരുന്നു എന്ന് തോന്നി. മുകളില്‍ നിന്നു താഴേക്കു നോക്കി. വൃക്ഷത്തലപ്പുകൾക്കപ്പുറം   പച്ചപ്പാടം , ദൂരെ ഒരു കൊച്ചു വീട് .  പുകക്കുഴലിൽ നിന്ന് അല്പം പുക ഉയരുന്നുണ്ട്. ദൂരെ നിന്നു  നോക്കുമ്പോൾ അകലത്തിനോടു വല്ലാത്തൊരടുപ്പം തോന്നും. ചുറ്റും  രായിരനെല്ലൂര്‍മലയുടെ സംരക്ഷകരെന്നോണം നില്‍ക്കുന്ന കുന്നുകള്‍ കാണാം. ഭ്രാന്താചലം, മുത്തശ്ശിയാർക്കുന്ന്‌ , ചളമ്പ്രകുന്ന്‌, പടവെട്ടിക്കുന്ന്‌, എന്നീ നാല്‌ ചെറുകുന്നുകള്‍ . തൂതപ്പുഴ  വടക്കുഭാഗത്തുകൂടെ ഒഴുകി ഈ പ്രദേശത്തെ വലം വച്ച്‌ പടിഞ്ഞാറോട്ടു ഒഴുകി ഈ പ്രദേശത്തിന്റെ തെക്കുഭാഗത്തുകൂടെ ഒഴുകി വരുന്ന ഭാരതപ്പുഴയുമായി കൂട്ടുകടവിൽ വച്ച്‌ ചേരുന്നു.
ഇവിടെ  നിന്നാണ്   താഴേക്കു കല്ലുകള്‍     ഉരുട്ടിയിട്ട്  നാറാണത്തു കൈ കൊട്ടി ചിരിച്ചിരുന്നത് .
കുറച്ചുമാറി ഒരു മൂലയില്‍ കല്ലുരുട്ടിയിടാനൊരുങ്ങി നില്‍ക്കുന്ന നാറാണത്ത്‌ ഭ്രാന്തന്റെ ഇരുപതടിയോളം പൊക്കമുള്ള പ്രതിമ കണ്ടു .




മലകേറിവന്നപ്പോഴത്തെ മൂഡിനു എന്തോ, അപ്പോഴേക്കും മാറ്റം വന്നിരുന്നു.മനോരാജ്യം വാരികയിൽ കരുവാറ്റ ചന്ദ്രന്റെ നിരവധി വർഷങ്ങളോളം പ്രസിദ്ധീകരിച്ച  ചിത്രക്കഥയിലൂടെ ആണ്  കുട്ടിക്കാലത്ത്  നാറാണത്ത്‌ ഭ്രാന്തനെ അറിഞ്ഞത്. പിന്നീട്  കവി മധുസൂദനൻ നായരിലൂടെ ഭ്രാന്തന്‍  ഉള്ളിലൊരു തിതിരിയായെരിഞ്ഞു .
ശാന്ത ഗംഭീരനായി നില്‍ക്കുന്ന പ്രതിമയുടെ അടുത്തു നിന്നപ്പോൾ പണ്ടു കേട്ട് മറന്ന 'പറയിപെറ്റ പന്തിരുകുലപ്പെരുമ'യിലേക്ക്‌ മനസ്സു മടങ്ങി. വിവിധ ജാതികളില്‍ വളര്‍ന്ന, പാക്കനാര്‍ . നാറാണത്ത്‌`,രചകന്‍ , പാണനാര്‍ , വള്ളുവന്‍ , അകവൂര്‍ ചാത്തന്‍ , വടുതല നായര്‍  , ഉപ്പുകുറ്റന്‍ , തച്ചന്‍ , കാരയ്ക്കലമ്മ, വായില്ലകുന്നിലപ്പന്‍ ...
വിഭിന്ന ജാതികളില്‍ വളര്‍ന്ന ഇവരെല്ലാം അഗ്നിഹോത്രിയുടെ ഇല്ലത്ത്‌ വരരുചിയുടെ ശ്രാദ്ധമൂട്ടാൻ (അന്നത്തെ സാമൂഹ്യ വ്യവസ്ഥയിലും )നില്‍ക്കുന്ന ഉജ്ജ്വല ദൃശ്യം മനസ്സില്‍ തെളിഞ്ഞു....., ഒപ്പം,
'വാഴ്‌വിന്‍ ചെതുമ്പിച്ച വാതിലുകളടയുന്ന,

പാഴ്‌നിഴല്‍ പുറ്റുകള്‍ കിതപ്പാറ്റിയുടയുന്ന,

ചിറകെട്ടി കേവലത ധ്യാനത്തിലുറയുന്ന,

ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌, നേരു ചികയുന്ന', കവി മധുസൂദനൻ നായരുടെ 'നാറാണത്ത്‌ ഭ്രാന്തൻ'  ചിത്രവും.

അന്ന്.. , ചുടുകാട്ടില്‍ വച്ച്‌ ദേവി വാങ്ങാനായി നിര്‍ബന്ധിച്ച വരത്തെ അരുചിയോടെ തള്ളിക്കളഞ്ഞ വരരുചീപുത്രൻ , വലതുകാലിലെ മന്ത്‌ ഇടതുകാലിലേയ്ക്കു മാറ്റിവാങ്ങിക്കൊണ്ട്‌`, അനിവരതം സ്വാര്‍ഥ മോഹങ്ങളുടെ കല്ലുകളുരുട്ടിക്കേറ്റുന്ന സമൂഹത്തിനോട്‌ പറയാന്‍ ശ്രമിച്ച കാര്യങ്ങൾക്ക്‌ ഇന്നാണ്‌ കൂടുതൽ പ്രസക്തി എന്നു തോന്നി.-   വെട്ടുപാതയ്ക്ക് പുറത്ത് കൂടെ ചരിക്കുന്നവരെ നോക്കി അറിവില്ലായ്മയുടെ കല്ലെടുത്തെറിഞ്ഞ്‌ സമൂഹം ഇന്നും ചിരിക്കു ന്നുണ്ടല്ലോ,.. ഭ്രാന്തൻ ,ഭ്രാന്തൻ.. !!.

താഴ്‌വരയിലേക്ക്‌ ഗാംഭീര്യതോടെ നോക്കുന്ന ശില്‍പത്തിന്റെ പശ്ചാത്തലമായി നീലവാനില്‍വെണ്മേഘങ്ങളെ കണ്ടപ്പോൾ വീണ്ടും ഓര്‍ത്തു ആ വരികൾ...

'കോയ്മയുടെ കോലങ്ങലെരിയുന്ന ജീവിത-

ച്ചുടലക്കു കൂട്ടിരിക്കുമ്പോൾ,

കോവിലുകളെല്ലാമൊതുങ്ങുന്ന കോവിലില്‍

കഴകത്തിനെത്തി നില്‍ക്കുമ്പോള്‍

കോലായിലീക്കാലമൊരു മന്തുകാലുമായ്‌ തീക്കായുവാനിരിക്കുന്നു,

ചീര്‍ത്ത കൂനന്‍ കിനാക്കള്‍തന്‍ കുന്നിലേക്കീ, മേഘകാമങ്ങള്‍ കല്ലുരുട്ടുന്നു.' .
ഈ  .

ഇവിടെ   അടുത്തു തന്നെയുള്ള മറ്റൊരു സ്ഥലമാണ് ഭ്രാന്താചലം.  ഭ്രാന്തനെ കെട്ടിയിട്ടതെന്ന് കരുതപ്പെടുന്ന ചങ്ങലയും അത് കെട്ടിയിട്ട കാഞ്ഞിരമരവും മറ്റും ഇപ്പോഴും അവിടെ  കാണാം ..       
...പിന്നെയും കുറേ കഴിഞ്ഞ്‌..., മദ്ധ്യാഹ്ന തീക്ഷണത കഴിഞ്ഞ്‌, വെയിൽ  ചാഞ്ഞു ,മെല്ലെ മലയിറങ്ങുമ്പോൾ വീണ്ടും മനസ്സില്‍ അലയടിച്ചുണർന്നു, കവിയുടെ മുഴങ്ങുന്ന ശബ്ദം...
പൊട്ടിവലിയുയുന്ന നിശയെട്ടുമുപശാന്തിയുടെ ,

മൊട്ടുകള്‍ തിരഞ്ഞു നടകൊള്‍കേ,

ഓര്‍മയിലൊരൂടുവഴി വരരുചിപ്പഴമയുടെ

നേര്‍വരയിലേക്കു തിരിയുന്നു..


വാല്‍കഷണം:- ഭാരതപ്പുഴയുടെയും, പെരിയാറിന്റെയും തീരത്തായി ചിതറിക്കിടക്കുന്ന പന്തിരുകുലത്തിലെ പിന്‌ഗാമികളെന്നവകാശപ്പെടുന്ന 9 തറവാട്ടുകാരുടെ ജീന്‍ മാപ്പിംഗ്‌ പഠനം തിരുവന്തപുരത്തെ R.G.C.B.T യിലെ DNA വിദഗ്ദ്ധർ നടത്തുന്നുവത്രേ . വംശങ്ങള്‍   തമ്മില്‍ ജനിതക ബന്ധമുണ്ടോ എന്നറിയാന്‍.
കീഴ്ജാതിക്കാരിൽ ചിലരെല്ലാം ഓരോരോ മേഖലകളിൽ തെളിഞ്ഞു വന്നപ്പോൾ പിതൃത്വം ബ്രാഹ്മണനിരിക്കട്ടെ എന്നായതാണ്‌ പന്തിരുകുല സങ്കൽപമെന്ന്‌ എം.ടി. 'പെരുംതച്ചനിൽ' പറയുന്നു . ഫലം എന്തെന്നറിയാന്‍ മനസ്സില്‍ ആകാംക്ഷ .പന്തിരുകുലസങ്കൽപ്പം ഐതിഹ്യമോ അതോ ചരിത്രമോ? ഐതിഹ്യമെന്ന്‌ മനസ്സുപറയുമ്പോൾ ചരിത്രമാകട്ടെയെന്ന്‌ ഹൃദയം പറയുന്നു...
പന്തിരുകുലത്തിലെ ഒന്നാമന്റെ സ്ഥലമായ വേമഞ്ചേരി മനയും രണ്ടാമന്റെ സ്ഥലമായ ഈരാറ്റിങ്ങൾ മനയും പട്ടാമ്പിയിൽ നിന്നും 8 കി.മീ. തെക്കുപടിഞ്ഞാറായുള്ള തൃത്താല എന്ന ഗ്രാമത്തിനടുത്താണ്‌. നാറാണത്ത്‌ ഭ്രാന്തന്റെ മനയും ഇതിനടുത്തായതിനാൽ ചരിത്ര കുതുകികൾക്ക്‌ പന്തിരു കുല പിതാവായ വരരുചിയുടെ യാത്രയുടെ റൂട്‌ മാപ്പ്‌ കണ്ടെത്താവുന്നതാണ്‌. :)
വാലറ്റം:
ചിത്രം 3-ല്‍ നാറാണത്തിന്റെ അനുഗൃഹം തൊപ്പിയില്‍ എറ്റുവാങ്ങാനായി നില്‍ക്കുന്നത്‌ ലേഖകന്‍.
Related Posts with Thumbnails