സ്വാഗതം .സുധീര്‍.To read the blog properly,Download and install/paste the malayalam font http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf in WINDOWs font folder now!

28.12.06

സ്ക്കൂള്‍ കഥകള്‍-1.

ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന ദിവസം അമ്മയുണ്ടായിരുന്നു കൂടെ.
നേരിയ മഴയുമുണ്ടായിരുന്നു.
അമ്മമാരുടെ ബലപ്രയോഗത്തിലുടെയാണ്‌ പലരും ആദ്യദിനത്തില്‍ ക്ലാസ്സിലിരിക്കാന്‍ കൂട്ടാക്കിയത്‌. കരയുന്നത്‌ മോശമാണെന്ന്‌ അമ്മ പറഞ്ഞു തന്നിരുന്നു.
കുറച്ചു മാസങ്ങള്‍ നഴ്‌സറിയിലെ മുന്‍പരിചയവും ഉണ്ടായിരുന്നതുകൊണ്ട്‌ എനിക്ക്‌ ക്ലാസ്സിലിരിക്കാന്‍ വലിയ മടിയൊന്നുമുണ്ടായിരുന്നില്ല.
മറിച്ചായിരുന്നു ഭൂരിപക്ഷത്തിന്റെയുമവസ്ഥ..
അലമുറക്കാരുടെ അമ്മമാര്‍ ജനലിലൂടെ കണ്ണുരുട്ടി വശം കെട്ടു..

അന്ന്‌ ടീച്ചര്‍ ഒന്നും പഠിപ്പിച്ചില്ല.
കടലാസ്സില്‍ എന്തോ കുത്തിവരച്ചുകൊണ്ടിരുന്നു.
ക്ലാസ്‌ മുറിയുടെ ചുമരില്‍ സങ്കലനപ്പട്ടിക ഒട്ടിച്ചു വച്ചിരുന്നു.
മുക്കാലി ബോര്‍ഡിനു താഴെ കൂജയുമുണ്ടായിരുന്നു.
ഞാന്‍ അതും നോക്കിക്കൊണ്ട്‌ ഇരുന്നു.
അന്ന്‌ ക്ലാസ്സ്‌ നേരത്തെ വിട്ടു.

റാകിപറക്കുന്ന ചെമ്പരുന്തേ..., മൂളുന്ന വണ്ടേ..., മേരിക്കുണ്ടൊരു കുഞ്ഞാട്‌..., തുടങ്ങിയ പദ്യങ്ങള്‍ ഈണത്തില്‍ ചൊല്ലിത്തന്നിരുന്ന ആനി ടീച്ചര്‍ കുട്ടികളെ തല്ലുകയോ ചീത്ത പറയുകയോ ചെയ്തിരുന്നില്ല.

വിമാനത്തിന്റെ ശബ്ദം കേട്ടാല്‍,അതു കാണാന്‍ പുറത്തേക്കോടുന്ന ഞങ്ങളെ ടീച്ചര്‍ തടഞ്ഞിരുന്നില്ല.


രണ്ടാം ക്ലാസ്സിലെ നമ്പൂതിരിമാഷെ പക്ഷേ ഞങ്ങള്‍ക്ക്‌ അല്‍പം പേടിയുണ്ടായിരുന്നു.
ചെറുതാക്കി വെട്ടിയ മാഷിന്റെ മുടി എല്ലാം നരച്ചിരുന്നു.
കണ്ടാല്‍ നല്ല പ്രായം തോന്നിക്കും.
ആഴ്ച്ചയിലൊരിക്കല്‍ നഖം, കൈപ്പത്തി, നാക്ക്‌`ഇത്യാദി അവയവങ്ങളുടെ വൃത്തി പരിശോധിക്കല്‍ മാഷുടെ ഒരു ഹോബിയായിരുന്നു.
വൃത്തിയാക്കാന്‍ മറന്നുപോയവര്‍ പതുക്കെ പിന്‍ബഞ്ചിലേക്കുമാറും.
മുന്‍ബെഞ്ചില്‍ നിന്നും ആരംഭിക്കുന്ന പരിശോധന അടുത്തെത്തും മുന്‍പെ സ്വന്തം പല്ലുകള്‍ കൊണ്ട്‌ നഖങ്ങള്‍ കടിച്ചുതുപ്പിക്കളയും.
നാവും പല്ലിനാല്‍ അത്യാവശ്യം ശുചിയാക്കാന്‍ പിന്‍ബഞ്ചുകാര്‍ക്ക്‌ സമയം കിട്ടിയിരുന്നു.
(റാങ്കിന്റെ അടിസ്ഥാനത്തിലായിരുന്നില്ല അന്ന്‌ ഇരിപ്പിടങ്ങള്‍.
തോന്നുന്നിടത്ത്‌ ഇരിക്കുകയാണ്‌ പതിവ്‌) .
മാഷ്‌ അത്യാവശം ചൂരല്‍ പ്രയോഗം നടത്തിയിരുന്നു.
ചെവിയില്‍ പിടിച്ച്‌ 'പൂരം കാണിക്കുക' എന്നൊരു രസകരമായ
(കാണുന്നവര്‍ക്ക്‌)
ശിക്ഷാനടപടിയും മാഷിന്റെ മെനുവില്‍ ഉണ്ടായിരുന്നു.
ചെവിപിടിച്ച്‌ പതുക്കെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തുകൊണ്ട്‌ നിക്കറിനുപിന്നില്‍ ചൂരല്‍ കൊണ്ട്‌ പതിയെ പഞ്ചവാദ്യത്തിന്റെ താളത്തില്‍ കൊട്ടിക്കൊണ്ടിരിക്കും.
മാഷിന്റെ വക വായ്ത്താരിയും ഉണ്ടാവും കൂടെ.
എന്നാലും അധികം വേദനിപ്പിക്കാറില്ല.

ശിക്ഷാവിധികളിലും അടിയിലും അഗ്രഗണ്യന്‍ പക്ഷെ ,നാലം ക്ലാസ്സിലെ രാഘവന്‍ മാഷായിരുന്നു.
അന്ന്‌ ബാലന്‍.കെ നായര്‍ കഴിഞ്ഞാല്‍ അടുത്തയാളായിട്ടാണ്‌ പലരും അദ്ദേഹത്തെ കണ്ടിരുന്നത്‌.
ഞാന്‍ കന്നി അടി ഏറ്റുവാങ്ങിയതും രാഘവന്‍ മാഷുടെ കയ്യില്‍ നിന്നായിരുന്നു.
അടിയുടെ ആഘാതം കുറക്കാന്‍ രണ്ടു നിക്കര്‍ ധരിച്ചായിരുന്നു ചില വിദ്വാന്മാര്‍(ഞാനല്ല) ക്ലാസ്സില്‍ വന്നിരുന്നത്‌ എന്നോര്‍ക്കുന്നു.
ആത്യാവശ്യം പഠിക്കുന്നവര്‍ക്ക്‌ ഒഴിച്ച്‌ എല്ലാവര്‍ക്കും രാഘവന്‍ മാഷ്‌ പേടിസ്വപ്നമായിരുന്നു.

ബോര്‍ഡില്‍ ചില കണക്കുകളും മറ്റും ഇട്ടു തന്ന്‌ അത്യാവശ്യം ഉറങ്ങാനും മാഷ്‌ സമയം കണ്ടെത്തും.
ആ വേളകളില്‍ മേശപ്പുരത്തു സ്ഥാപിക്കപ്പെടുന്ന നഗ്നപാദങ്ങള്‍ കണ്ടുകൊണ്ടിരിക്കാന്‍ ഞാങ്ങള്‍ ബാദ്ധ്യസ്ഥരായിരുന്നു.

രാഘവന്‍ മാഷ്‌ ക്ലാസ്സിലേക്കു വരുന്നത്‌ ഒച്ചയുണ്ടാക്കാതെ മാര്‍ജ്ജാരനടയോടെയാണ്‌.
സംസാരിച്ചു ബഹളമുണ്ടാക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു അത്‌ .

പക്ഷേ, മൂന്നാം ക്ലാസ്സിലെ ക്ലാസ്സ്‌ ടീച്ചറായ സുമതിടീച്ചര്‍ വരുന്നത്‌ , ചെരിപ്പിന്റെ അറ്റം കാലിന്റെ ഉപ്പൂറ്റിയില്‍ ടാപ്‌,ടാപ്‌ എന്ന്‌ താളാത്മകമായി തട്ടിച്ച്‌ ആയിരുന്നു.

നല്ല വെളുത്ത നിറമായിരുന്നു റ്റീച്ചറിന്‌. നല്ലഭംഗിയുള്ള സാരി ധരിച്ചാണ്‌ ടീച്ചര്‍ ക്ലാസ്സില്‍ വരിക.
സെന്റിന്റെ മണവുമുണ്ടാകും.


ക്ലാസ്സില്‍ സംസാരിച്ചിരിക്കുന്നവരെ ടീച്ചര്‍ ചോക്കു കഷ്ണം പൊട്ടിച്ച്‌ എറിയുമായിരുന്നു.
ഉദ്ദേശിച്ച ആളുടെ മേല്‍ കൊണ്ടാല്‍ ടീച്ചര്‍ പുഞ്ചിരിക്കും.
ഒന്നിലധികം കഷ്ണങ്ങള്‍ കിട്ടുക അഭിമാനജനകമായിരുന്നു പലര്‍ക്കും.

അരക്കൊല്ലപ്പരീക്ഷക്ക്‌ കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിയതിന്‌ സുമതി ടീച്ചര്‍ എനിക്ക്‌ ഒരു പേനയുടെ റീഫില്‍ തന്നു. സമ്മാനമായിട്ട്‌.

" 3-എ ക്ലാസില്‍ ചെയ്തപോലെ ഭംഗിയുള്ള ചിത്രങ്ങള്‍ നിങ്ങള്‍ക്ക്ക്ക്‌ ചുമരില്‍ ഒട്ടിച്ചുകൂടെ?"-ടീച്ചര്‍ ഒരു ദിവസം ചോദിച്ചു.
ഏതോ കുട്ടി വരച്ച പൂക്കളുടെ ചിത്രങ്ങളായിരുന്നു അവ.'
കുട്ടിസുരേഷ്‌' പിറ്റേ ദിവസം തന്നെ അലുമിനിയം പെട്ടി നിറച്ച്‌ ചിത്രങ്ങള്‍ കൊണ്ടു വന്നു.

ആവേശഭരിതരായ ഞങ്ങള്‍ കലാകാരന്മാര്‍ എതാനും പിടി ചോറിന്‍ വറ്റുകളുടെ സഹായത്തോടെ യുദ്ധകാലാടിസ്ഥാനതില്‍ ഉച്ചഭക്ഷണസമയത്ത്‌ ചിത്രങ്ങള്‍ ചുമരു നിറയെ പതിച്ചു.

ഉച്ചക്കുശേെഷം ക്ലാസ്സിലെത്തിയ ടീച്ചര്‍ ഞങ്ങളെ അഭിനന്ദിക്കുന്നതിനു പകരം അമ്പരക്കുകയും പിന്നെ വളരെ പ്രത്യേകമായ ഒരു പുഞ്ചിരിപൊഴിക്കുകയുമാണുണ്ടായത്‌.

കാരണം പിന്നീടാണ്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌.
'അമ്പിളി അമ്മാവന്‍' എന്ന കുട്ടികളുടെ മാസികയിലെ കഥകളില്‍ നിന്നും വെട്ടിയെടുത്ത ഇളം നീലനിറത്തിലുള്ള രാജാവിന്റെയും മന്ത്രിയുടേയും വിക്രമാദിത്യന്റെയും വേതാളത്തിന്റെയും, ഗ്രാമീണ കഥാപാത്രങ്ങളുടേതുമൊക്കെ ആയിരുന്നു ആ ചിത്രങ്ങള്‍ മുഴുവന്‍!!.

ചിത്രങ്ങള്‍ പറിച്ചെടുക്കുമ്പോഴും റ്റീച്ചര്‍ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.

സുരേഷുമാത്രം പുഞ്ചിരിച്ചില്ല.

അധിക വായന

25.12.06

ഓര്‍മ്മചില്ലകള്‍


സ്മരണയുടെ ഇളം കാറ്റുകൊണ്ട്‌ ഓര്‍മ്മചില്ലകള്‍ കുലുക്കിവീഴ്‌ത്തട്ടെ ഞാന്‍. വാടിയ ഇലകള്‍ക്ക്‌ ഒപ്പം വല്ലപ്പൊഴും ഇത്തിരി പുഷ്പങ്ങള്‍ വീണുകിട്ടിയെങ്കില്‍...
Related Posts with Thumbnails