31.10.06


കേരളത്തിന്‌ അന്‍പതാം പിറന്നാളാശംസകള്‍!
മലയാളനാടിന്‌ എന്റെ നമോവാകം.

ഗോകര്‍ണം മുതല്‍ പാറശ്ശാലവരെയുള്ള ഈ ഭാര്‍ഗവഭൂമിയുടെ അതിരിനെ മലയാളിയുടെ വിശ്വപൌരത്വം ലോകം മുഴുവന്‍ ഇപ്പോള്‍ വ്യാപിപ്പിച്ചിരിക്കുന്നു.

ഈ മനോഹരതീരത്തിന്റെ, കവികള്‍ എത്രയും പാടിപ്പുകഴ്ത്തിയ ചാരുതയെക്കുറിച്ച്‌, വര്‍ണിക്കേണ്ടതില്ല.


ഒന്നു പറയാതിരിക്കാനാവില്ല, .

ഇതിലും മനോഹരമായ കായലും കടല്‍തീരവും അരുവികളും മലകളും ഉള്ള വേറെയും നാടുകള്‍ ഉണ്ടാകാം, ലോകത്ത്‌.

പക്ഷേ, ഇതെല്ലാം ഒരുമിച്ചൊരിടത്ത്‌..,

ഉണ്ടാവില്ല, സമശീതോഷ്ണമേഖലയില്‍, സഹ്യനില്‍ തലവച്ച്‌, അറബിക്കടല്ക്കാറ്റേറ്റുറങ്ങുന്ന എന്റെ കേരളത്തിലല്ലാതെ..


21.10.06

തൃശ്ശിവപെരൂര്‍-1


തൃശ്ശിവപെരൂര്‍..

സാംസ്കാരികതലസ്ഥാനത്തിനു ഒത്തനടുക്ക്‌ തേക്കിന്‍ കാട്‌ മൈതാനം...

ചുറ്റുമുള്ള പ്രദക്ഷിണ വഴിയിലൂടെ അനുസ്യൂതം വലം വയ്ക്കുന്ന വാഹനങ്ങളുടെ ബഹളതില്‍ നിന്നകന്ന് ധ്യാനനിമഗ്നനായി, നടുവില്‍ വടക്കും നാഥന്‍.

മൈതാനത്തിന്റെ പേരിപ്പോള്‍ 'വടക്കും നാഥന്‍ ക്ഷേത്രമൈതാനം' എന്നാക്കി മാറ്റിയിട്ടുണ്ടെങ്കിലും നാട്ടുകാര്‍ക്കിപ്പൊഴും മൈതാനം 'തേക്കിന്‍ കാടും' 'പൂരപ്പറമ്പും' തന്നെ .

പഴയ പ്രൌഢി നിലനിര്‍ത്താന്‍ നട്ടുപിടിപ്പിച്ച തേക്കിന്‍ തയ്യുകള്‍ വളര്‍ന്നു മരങ്ങളായിരിക്കുന്നു.

തുലാമഴയുടെ കനിവില്‍ എങ്ങും പച്ചപ്പ്‌.

ഉച്ചവെയിലടങ്ങിയാല്‍ കാറ്റുകൊള്ളാനെത്തുന്നവരുടെ തിരക്കായി.

തൊട്ടടുത്ത പാര്‍ക്കിനേക്കള്‍ ജനത്തിനിഷ്ടം ഈ വിശാലതയാണ്‌.

ഇവിടത്തെ ഏതെങ്കിലും ഒരു മരത്തണലില്‍ ഒരിക്കലെങ്കിലുമിരിക്കാത്ത തൃശ്ശൂര്‍ക്കാരുണ്ടാവില്ല.

മരത്തണലില്‍ സുഖമായി കിടന്നുറങ്ങുന്നവരുമുണ്ട്‌.തെക്കുഭാഗത്ത്‌ ചീട്ടുകളിക്കൂട്ടങ്ങള്‍ സജീവമാകുന്നു.
പണം വച്ചുള്ള കളിയിവിടെയില്ല.നിര്‍ദോഷകരമയ കളിക്കാണാന്‍ മാത്രമായി നഗരത്തിലെത്തുന്നവരുമുണ്ട്‌!.

ഗോപുരനടയില്‍നിന്ന് തെക്കോട്ടുള്ള ഇറക്കത്ത്‌ പ്രദക്ഷിണ വഴിയിലേക്ക്‌ നോക്കിയിരുന്നാല്‍ സമയം പോകുന്നതറിയില്ല.
പൂരക്കാലത്ത്‌ തെരുവു സര്‍ക്കസ്സുകാരും കൈ നോട്ടക്കാരുടെയും തിരക്കാണിവിടെ.

തെക്കെനടയിലേക്കു നോക്കിക്കൊണ്ട്‌ നില്‍ക്കുന്ന ശക്തന്‍ തമ്പുരാന്റെ പ്രതിമയുടെ ചുവടെ നിന്നാണ്‌ കുട്ടിക്കാലത്ത്‌ അച്ഛന്റെ കൈ പിടിച്ച്‌ ആദ്യമായി കുടമാറ്റം കണ്ടത്‌ .
കിഴക്കോട്ട്‌ നോക്കിയാല്‍ അകാശത്തിലേക്കു തല നീട്ടുന്ന പുത്തന്‍പള്ളി.
ചരിത്രമുറങ്ങുന്ന വിദ്യാര്‍ത്ഥി കോര്‍ണര്‍ വഴി പറ്റിഞ്ഞാറോട്ട്‌ നടന്ന് പടിഞ്ഞാറെഗോപുരനടയില്‍ ആല്‍ത്തറയിലെത്തുമ്പോള്‍ തൊഴുതു മടങ്ങുന്ന കാറ്റിന്റെ ചന്ദനഗന്ധം..

പൂരത്തിന്റെ ഒര്‍മകള്‍ ചെവിയില്‍ ഇലഞ്ഞിത്തറമേളമുയര്‍ത്തുന്നു.

മൈതാനത്ത്‌ സി.എം.എസ്സിന്റെ ഭാഗത്ത്‌ യുവാക്കള്‍ ക്രിക്കറ്റ്‌ കളിക്കുന്നു.

പണ്ടു പഠിച്ച സ്കൂളിനെ നോക്കുമ്പോള്‍ ഓര്‍മകളുടെ ആരവം..

നഗരത്തിന്റെ മുഖം പതുക്കെ മാറിവരുന്നു. വെടിക്കെട്ടിനെ പേടിക്കാതെ കൂറ്റന്‍ കെട്ടിടങ്ങള്‍ ഉയരുന്നു.
മൈതാനത്തിനു മാത്രം മാറ്റമില്ല.

മൈതാനം മോടിപിടിപ്പിക്കുന്നതിനായി കോര്‍പ്പറേഷന്റെ പുതിയ കൂറ്റന്‍ വിളക്കുകാലുകള്‍ മാത്രം പരിഷ്കാരം ചൊരിഞ്ഞു നില്‍പ്പുണ്ട്‌.

ആകാശത്തു സാന്ധ്യമേഘങ്ങള്‍ കുടമാറ്റത്തിനൊരുങ്ങുന്നു..
ഇനി മടങ്ങാം.

2.10.06

മഴവില്ല്


ഒരു ഓണക്കാലത്തായിരുന്നു ഉണ്ണിക്കുട്ടന്‍ ആദ്യമായി മഴവില്ല് കാണുന്നത്‌..
ഒരു കുഞ്ഞുമഴതോര്‍ന്നപ്പൊള്‍., പെയ്ത്തുവെള്ളത്തില്‍ നനഞ്ഞു പോയ കടലാസു വഞ്ചി തിരികെയെടുക്കാന്‍ നോക്കിയപ്പോളാണു.. വെള്ളതില്‍ ചായം കലക്കിയപോലെ ,ഒരു വില്ല്.!,
ആകാശത്തു നോക്കിയപ്പോള്‍ ,തൊടിക്കപ്പുറതുനിന്നും തുടങ്ങി ദൂരെ മദിരാശി മരത്തിനപ്പുറത്തേക്കും നീണ്ട്‌..ഇളം വെയിലില്‍ കടും നീല ആകാശച്ചെരുവിലൊരു മഴവില്ല്.

അതില്‍ നിറയെ ഊഞ്ഞാലാടുന്ന ഇളം മേഘക്കുഞ്ഞുങ്ങള്‍..
ദൈവത്തിന്റെ അടയാളമാണു മഴവില്ലെന്ന് അച്ചമ്മ പറഞ്ഞു തന്നിട്ടുണ്ട്‌..

ക്ലാസ്സില്‍ പഠിക്കുന്ന ബാബുവിന്റെ കൈയിലുള്ള ചോക്കു പെന്‍സിലിലേതുപോലെ
അതില്‍ നിറയെ നിറങ്ങള്‍.

നോക്കി നോക്കി നില്‍ക്കെ മഴവില്‍കുരുന്ന് മെല്ലെ മെല്ലെ അലിയാന്‍ തുടങ്ങി.
"പോവല്ലെ, പോവല്ലെ ഞാനിത്‌ അമ്മേനെ കാണിച്ചു കൊടുക്കട്ടെ".
പക്ഷെ ഉണ്ണിക്കുട്ടനോടു പിണങ്ങി മഴവില്ലലിഞ്ഞലിഞ്ഞു ഒരുമഴതുള്ളിയായി മണ്ണില്‍ വീണു.
"റ്റാറ്റാ..ഇനിയും വരണേ..".
താഴെ കളിവഞ്ചി അപ്പോഴേക്കും കുതിര്‍ന്നു പോയിരുന്നു.
അവന്‍ ഒന്നുകൂടെ ആകാശത്തേക്കു നോക്കി. നിറഞ്ഞ കണ്‍കോണിലപ്പൊഴും ഉണ്ടായിരുന്നു മഴവില്ലിന്റെ ഒരു പൊട്ട്‌.

1.10.06

പാതയോരങ്ങളില്‍,വാകമരങ്ങള്‍ ചുവപ്പാര്‍ന്ന സായാഹ്നക്കുടകള്‍ ചൂടിയ പകലിനുശേഷം,സ്‌ നേഹം പോലെ ലഹരിപൂണ്ട തണുപ്പിന്റെ കുത്തിനോവിക്കലുമേറ്റ്‌ ,നിലാവിന്റെ വെണ്മ പുളയുന്നതും നോക്കിക്കിടക്കുമ്പോള്‍,ഞാനറിയുന്നു.,ഞാനലിയുന്നു.. വാക്കിന്റെ വളപ്പൊട്ടുകള്‍ മനസ്സിലുടഞ്ഞു പോകാതെ പകര്‍ത്താന്‍ കഴിഞ്ഞെങ്കില്‍...
അക്ഷരം- ആനന്ദം, അനന്ദം,അലിവ്‌,അറിവ്‌,അമ്മ,അനുഗ്രഹം.
അക്ഷരപ്പൊട്ടുകള്‍ ഒട്ടിച്ചു ചേര്‍ത്ത്‌ എന്റെ ഭാഷയെ അണിയിക്കാനായെങ്കില്‍..,
ഉള്ളിന്നുള്ളം ചുട്ടുപൊള്ളുമ്പോള്‍, കുളിരു ചൊരിയുകയും,ഉള്ളിന്നുള്ളം തണുത്തുറയുമ്പോള്‍ കനലു ചൊരിയുകയും ചെയ്യുന്ന വാക്കുകള്‍ കിട്ടിയിരുന്നെങ്കില്‍,..
Related Posts with Thumbnails