28.12.06

സ്ക്കൂള്‍ കഥകള്‍-1.

ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന ദിവസം അമ്മയുണ്ടായിരുന്നു കൂടെ.
നേരിയ മഴയുമുണ്ടായിരുന്നു.
അമ്മമാരുടെ ബലപ്രയോഗത്തിലുടെയാണ്‌ പലരും ആദ്യദിനത്തില്‍ ക്ലാസ്സിലിരിക്കാന്‍ കൂട്ടാക്കിയത്‌. കരയുന്നത്‌ മോശമാണെന്ന്‌ അമ്മ പറഞ്ഞു തന്നിരുന്നു.
കുറച്ചു മാസങ്ങള്‍ നഴ്‌സറിയിലെ മുന്‍പരിചയവും ഉണ്ടായിരുന്നതുകൊണ്ട്‌ എനിക്ക്‌ ക്ലാസ്സിലിരിക്കാന്‍ വലിയ മടിയൊന്നുമുണ്ടായിരുന്നില്ല. മറിച്ചായിരുന്നു ഭൂരിപക്ഷത്തിന്റെയുമവസ്ഥ. അലമുറക്കാരുടെ അമ്മമാര്‍ ജനലിലൂടെ കണ്ണുരുട്ടി വശം കെട്ടു..

അന്ന്‌ ടീച്ചര്‍ ഒന്നും പഠിപ്പിച്ചിക്കാതെ കടലാസ്സില്‍ എന്തോ കുത്തിവരച്ചുകൊണ്ടിരുന്നു.
ക്ലാസ്‌ മുറിയുടെ ചുമരില്‍ സങ്കലനപ്പട്ടിക ഒട്ടിച്ചു വച്ചിരുന്നു. മുക്കാലി ബോര്‍ഡിനു താഴെ കൂജയും  നോക്കിക്കൊണ്ട്‌ ഞാന്‍ ഇരുന്നു.
അന്ന്‌ ക്ലാസ്സ്‌ നേരത്തെ വിട്ടു.

റാകിപറക്കുന്ന ചെമ്പരുന്തേ..., മൂളുന്ന വണ്ടേ..., മേരിക്കുണ്ടൊരു കുഞ്ഞാട്‌..., തുടങ്ങിയ പദ്യങ്ങള്‍ ഈണത്തില്‍ ചൊല്ലിത്തന്നിരുന്ന ആനി ടീച്ചര്‍ കുട്ടികളെ തല്ലുകയോ ചീത്ത പറയുകയോ ചെയ്തിരുന്നില്ല.

വിമാനത്തിന്റെ ശബ്ദം കേട്ടാല്‍,അതു കാണാന്‍ പുറത്തേക്കോടുന്ന ഞങ്ങളെ ടീച്ചര്‍ തടഞ്ഞിരുന്നുമില്ല.


രണ്ടാം ക്ലാസ്സിലെ നമ്പൂതിരിമാഷെ പക്ഷേ ഞങ്ങള്‍ക്ക്‌ അല്‍പം പേടിയുണ്ടായിരുന്നു.
ചെറുതാക്കി വെട്ടിയ നരച്ച മുടി യുള്ള മാഷിനെകണ്ടാല്‍ നല്ല പ്രായം തോന്നിക്കും.
ആഴ്ച്ചയിലൊരിക്കല്‍ നഖം, കൈപ്പത്തി, നാക്ക്‌`ഇത്യാദി അവയവങ്ങളുടെ വൃത്തി പരിശോധിക്കല്‍ മാഷുടെ ഒരു ഹോബിയായിരുന്നു.വൃത്തിയാക്കാന്‍ മറന്നുപോയവരുടെ പേടിയും . അവര്‍   പതുക്കെ ഓരോറൊ ബെഞ്ചായി പിന്‍ബഞ്ചിലേക്കുമാറും.
മുന്‍ബെഞ്ചില്‍ നിന്നും ആരംഭിക്കുന്ന പരിശോധന അടുത്തെത്തും മുന്‍പെ സ്വന്തം പല്ലുകള്‍ കൊണ്ട്‌ നഖങ്ങള്‍ കടിച്ചുതുപ്പിക്കളയാനുള്ള്ള സാവകാശം കണ്ടെത്തും .
നാവിനേയും  പല്ലിനാല്‍ അത്യാവശ്യം ശുചിയാക്കാന്‍ പിന്‍ബഞ്ചുകാര്‍ക്ക്‌ സമയം കിട്ടിയിരുന്നു.
(റാങ്കിന്റെ അടിസ്ഥാനത്തിലായിരുന്നില്ല അന്ന്‌ ഇരിപ്പിടങ്ങള്‍. തോന്നുന്നിടത്ത്‌ ഇരിക്കുകയാണ്‌ പതിവ്‌) .
മാഷ്‌ അത്യാവശം ചൂരല്‍ പ്രയോഗം നടത്തിയിരുന്നു. ചെവിയില്‍ പിടിച്ച്‌ 'പൂരം കാണിക്കുക' എന്നൊരു രസകരമായ(കാണുന്നവര്‍ക്ക്‌)ശിക്ഷാനടപടിയും മാഷിന്റെ മെനുവില്‍ ഉണ്ടായിരുന്നു.
ചെവിപിടിച്ച്‌ പതുക്കെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തുകൊണ്ട്‌ നിക്കറിനുപിന്നില്‍ ചൂരല്‍ കൊണ്ട്‌ പതിയെ പഞ്ചവാദ്യത്തിന്റെ താളത്തില്‍ കൊട്ടിക്കൊണ്ടിരിക്കും.മാഷിന്റെ വക വായ്ത്താരിയും ഉണ്ടാവും കൂടെ.
എന്നാലും അധികം വേദനിപ്പിക്കാറില്ല.

ശിക്ഷാവിധികളില്‍ അഗ്രഗണ്യന്‍ പക്ഷെ ,നാലം ക്ലാസ്സിലെ ക്ളാസ്സു മാഷായ രാഘവന്‍ മാഷായിരുന്നു. അന്ന്‌ ബാലന്‍.കെ നായര്‍ കഴിഞ്ഞാല്‍ അടുത്തയാളായിട്ടാണ്‌ ഞങ്ങള്‍  അദ്ദേഹത്തെ കണ്ടിരുന്നത്‌.
ഞാന്‍ കന്നി അടി ഏറ്റുവാങ്ങിയതും രാഘവന്‍ മാഷുടെ കയ്യില്‍ നിന്നായിരുന്നു.
അടിയുടെ ആഘാതം കുറക്കാന്‍ രണ്ടു നിക്കര്‍ ധരിച്ചായിരുന്നു ചില വിദ്വാന്മാര്‍(ഞാനല്ല) ക്ലാസ്സില്‍ വന്നിരുന്നത്‌ എന്നോര്‍ക്കുന്നു. എല്ലാവര്‍ക്കും രാഘവന്‍ മാഷ്‌ പേടിസ്വപ്നമായിരുന്നു.

ബോര്‍ഡില്‍ ചില കണക്കുകളും മറ്റും ഇട്ടു തന്ന്‌ അത്യാവശ്യം ഉറങ്ങാനും മാഷ്‌ സമയം കണ്ടെത്തും.
ആ വേളകളില്‍ മേശപ്പുരത്തു സ്ഥാപിക്കപ്പെടുന്ന ഒരു ജോടി നഗ്നപാദങ്ങള്‍ കണ്ടുകൊണ്ടിരിക്കാന്‍ ഞങ്ങള്‍ ബാദ്ധ്യസ്ഥരായിരുന്നു. തന്റെ ആത്മ മിത്രമായ ചൂരലിനു പണികൊടുക്കാനായി  ബഹളമുണ്ടാക്കുന്നവരെ ലക്ഷ്യമിട്ട് രാഘവന്‍ മാഷ്‌ ക്ലാസ്സിലേക്കു വരുന്നത്‌ ഒച്ചയുണ്ടാക്കാതെ മാര്‍ജ്ജാരനടയോടെയാണ്‌.

പക്ഷേ, പൂച്ചക്കണ്ണാണെങ്കിലും  മൂന്ന്  ബി  ക്ലാസ്സിലെ ക്ലാസ്സ്‌ ടീച്ചറായ സുമതിടീച്ചര്‍ വരുന്നത്‌ മാര്‍ജ്ജാര നടയായിട്ടല്ല. കറുത്ത ചെരിപ്പിന്റെ അറ്റം കാലിന്റെ ഉപ്പൂറ്റിയില്‍ ടപ്‌,ടാപ്‌ എന്ന്‌ താളാത്മകമായി തട്ടിച്ച്‌ ആയിരുന്നു. പലവട്ടം ശ്രമിച്ചിട്ടും എനിക്കാ ശബ്ദം ഉണ്ടാക്കാന്‍ പറ്റിയില്ല. നല്ല വെളുത്ത നിറമായിരുന്നു റ്റീച്ചറിന്‌. പലതരം പൂക്കളുടെ പടമുള്ള  ഭംഗിയുള്ള സാരി ധരിച്ചാണ്‌ ടീച്ചര്‍ ക്ലാസ്സില്‍ വരിക. സെന്റിന്റെ മണവും കൂടെ വരും. മണം പിടിക്കേണ്ടതുള്ളതിനാല്‍ എനിക്ക്  നമസ്തേ ടീച്ചര്‍ എന്നു ശരിയായി പറയാന്‍ സാധിക്കാറില്ല. 

ക്ലാസ്സില്‍ സംസാരിച്ചിരിക്കുന്നവരെയും ഉറങ്ങുന്നവരേയും   ചോക്കു കഷ്ണം പൊട്ടിച്ച്‌ എറിയുകയായിരുന്നു ടീച്ചറുടെ വിനോദം.
ഉദ്ദേശിച്ച ആളുടെ മേല്‍ കൊണ്ടാല്‍ ടീച്ചര്‍ പുഞ്ചിരിക്കും.  അതിനായി  ചിലര്‍  ശരീരത്തെ ചോക്കില്‍ കൊള്ളിക്കുകയും ചെയ്യും. ഒന്നിലധികം കഷ്ണങ്ങള്‍ കിട്ടുക അഭിമാനജനകമായിരുന്നു പലര്‍ക്കും.

അരക്കൊല്ലപ്പരീക്ഷക്ക്‌ ഏറ്റവും  കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിയതിന്‌ ടീച്ചര്‍ എനിക്ക്‌ ഒരു പേനയുടെ റീഫില്‍ തന്നു.  എനിക്കു കിട്ടിയ ആദ്യ സമ്മാനമായിരുന്നു അത്.
" 3-എ ക്ലാസില്‍ ചെയ്തപോലെ  സീനറിയോ ഫ്ളവേഴ്സിന്റേ ചിത്രങ്ങളോ  നിങ്ങള്‍ക്ക് ചുമരില്‍ ഒട്ടിച്ചുകൂടെ?"-ടീച്ചര്‍ ഒരു ദിവസം ചോദിച്ചു. സീനറി എന്നാലെന്തെന്ന്  ആര്‍ക്കും മനസ്സിലായില്ല എങ്കിലും
3 എ ക്കാരുടെ  മുന്നില്‍ അഭിമാനം വ്രണപ്പെടാതിരിക്കാന്‍ 'പീക്കിരിസുരേഷ്‌' പിറ്റേ ദിവസം തന്നെ അലുമിനിയം പെട്ടി നിറച്ച്‌ ചിത്രങ്ങള്‍ കൊണ്ടു വന്നു.
ആവേശഭരിതരായ ഞങ്ങള്‍ കലാകാരന്മാര്‍ ഉച്ചഭക്ഷണ ഇടവേളയില്‍ എതാനും പിടി ചോറിന്‍ വറ്റുകളുടെ സഹായത്തോടെ (പലര്‍ക്കും അന്ന് വിശപ്പ് മാറിയില്ല!) യുദ്ധകാലാടിസ്ഥാനതില്‍  ചിത്രങ്ങള്‍ ചുമരു നിറയെ അതൊരു ചുമരാണെന്ന് തിരിച്ചറിയാനാവാത്ത വിധത്തില്‍ പതിച്ചു വച്ചു. ഉച്ചക്കുശേെഷം ക്ലാസ്സിലെത്തിയ ടീച്ചര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങളെ അഭിനന്ദിക്കുന്നതിനു പകരം അമ്പരക്കുകയും പിന്നെ വളരെ പ്രത്യേകമായ ഒരു പുഞ്ചിരിപൊഴിക്കുകയുമാണുണ്ടായത്‌.


'അമ്പിളി അമ്മാവന്‍' എന്ന കുട്ടികളുടെ മാസികയിലെ കഥകളില്‍ നിന്നും വെട്ടിയെടുത്ത ഇളം നീല നിറത്തിലുള്ള രാജാവിന്റെയും മന്ത്രിയുടേയും വിക്രമാദിത്യന്റെയും വേതാളത്തിന്റെയും, പിന്നെ രത്ന സിംഹന്‍,   ഗുണപാലന്‍, ലോഭമിത്രന്‍ എന്നൊക്കെ പേരുള്ള പാളത്താറുടുത്ത ഗ്രാമീണ കഥാപാത്രങ്ങളുടേതുമൊക്കെ ചിത്രങ്ങള്‍ ചുമരില്‍ നിന്നും പറിച്ചു  മാറ്റുമ്പോഴും റ്റീച്ചര്‍ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. ടീച്ചറെ പുഞ്ചിരിക്കാന്‍ സഹായിച്ചു കൊണ്ട് ഞങ്ങളും ചുമര്‍ വെടിപ്പാക്കി.
സുരേഷുമാത്രം പുഞ്ചിരിച്ചില്ല.

അധിക വായന

25.12.06

ഓര്‍മ്മചില്ലകള്‍


സ്മരണയുടെ ഇളം കാറ്റുകൊണ്ട്‌ ഓര്‍മ്മചില്ലകള്‍ കുലുക്കിവീഴ്‌ത്തട്ടെ ഞാന്‍. വാടിയ ഇലകള്‍ക്ക്‌ ഒപ്പം വല്ലപ്പൊഴും ഇത്തിരി പുഷ്പങ്ങള്‍ വീണുകിട്ടിയെങ്കില്‍...

26.11.06

കുട്ടിക്കാലത്തെ മഴ

മഴയെ ഒഴിവാക്കി ഒരിക്കലും ബാല്യകാലത്തെ സ്മരിക്കാനാവില്ല.

പുതുമഴ വേനലില്‍ പെട്ടെന്നാണ്‌പെയ്യുക.
ഇടവപ്പാതി പക്ഷെ വിഷാദാത്തോടെ നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കും., കുറേനേരം.

തുലാമഴയുടെ വരവ്‌ സ്ക്കൂള്‍ വിട്ടുവരുമ്പോഴാവും. ഇടിയും , മിന്നലും, കാറ്റും , ഒക്കെകൂടി ചേര്‍ന്ന്‌ ..

വീടെത്തുമ്പോഴേക്കും നനഞ്ഞു കുളിച്ചിട്ടുണ്ടാവും.

സന്ധ്യക്കു പെയ്യുന്ന ഒരു തരം മഴയുണ്ട്‌ .

കളിച്ച്‌ തളരുന്ന നേരത്താണതു വരിക.
ആദ്യം ഒരു തണുത്ത കാറ്റ്‌.

പിന്നെ ദുരെ നിന്നുള്ള നേരിയ ഇരമ്പം കേട്ട്‌ മാനത്തേക്കു നോക്കിയാല്‍ ,കൊച്ചു മേഘങ്ങള്‍ ധൃതിയില്‍ ഓടി വരുന്നത്‌ കാണാം.

, ചരലുപോലെ മഴത്തുള്ളികള്‍ വീശിയെറിഞ്ഞുകൊണ്ട്‌. ..

പെട്ടെന്നാണു മാനം ഇരുളുക.

രാത്രി മഴ പെയ്ത്‌ കരന്റ്‌പോയാല്‍ ,നേരത്തെ കിടക്കാം എന്നൊരു ഗുണം കൂടിയുണ്ട്‌.

ചെവിയില്‍ കൈപ്പത്തി ചേര്‍ത്തു വച്ച്‌ , മഴ നമ്മോടു സംസാരിക്കുന്നതും, പാടുന്നതും ചിരിക്കുന്നതും, പിറുപിറുക്കുന്നതും കേട്ടുകൊണ്ട്‌.. , തണുപ്പേറ്റ്‌ , മൂടിപ്പുതച്ച്‌ കിടക്കാനെന്തു രസമായിരുന്നു.

കുട്ടിക്കാലത്ത്‌ മഴയെ ശപിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ , പെയ്താലും കുറ്റം, പെയ്തില്ലെങ്കിലും കുറ്റം.

18.11.06

മദിരാശിമരം

വല്ലപ്പോഴും തൃശ്ശൂര്‍-എറണാകുളം പഴയ ദേശീയപാതയിലൂടെ യാത്രചെയ്യുമ്പോള്‍, ഒല്ലൂര്‍ കവല കഴിഞ്ഞാല്‍ ഇടത്തോട്ടു അറിയാതെ നോക്കിപ്പോകും.
ബാല്യത്തിലെ എന്റെ പഴയ പള്ളിക്കൂടത്തിന്റെ പുറകുവശം കാണാം അവിടെ.
ഇപ്പോള്‍ അവിടെയും  ഒരു പ്രവേശനകവാടം ഉണ്ട്‌.
വഴിയില്‍കാണുന്നവരില്‍ പരിചിതമായ മുഖങ്ങള്‍ വെറുതെ പരതും.മുതിര്‍ന്നതിനുശേഷം അവിടത്തെ പഴയ സഹപാഠികളെയാരെയും കണ്ടിട്ടില്ല.കണ്ടാൽ തിരിച്ചറിയുമോ?
(അക്കാലത്തു ഒല്ലൂരായിരുന്നു താമസം. പിന്നീടാണു വിയ്യൂരിലേക്കു മാറിയത്‌.)
ആ  സാധാരണ സര്‍ക്കാര്‍ പള്ളിക്കൂടത്തിന്റെ ലാളിത്യത്തിനു തണല്‍ വിരിച്ച്‌, പടര്‍ന്ന് പന്തലിച്ച വലിയരണ്ട്‌ മദിരാശിമരങ്ങളുണ്ടായിരുന്നു ,പനംകുറ്റിച്ചിറ യു. പി. സ്കൂള്‍ മുറ്റത്ത്‌.
നിറയെ മദിരാശിക്കായ്കള്‍ വീണുകിടക്കുന്ന ആ മുറ്റത്തായിരുന്നു ഞാന്‍ ഗോട്ടികളിച്ചിരുന്നതും, വലിയ വേരുകല്‍ക്കിടയില്‍ ഒളിച്ചു കളിച്ചിരുന്നതും ഓടിക്കളിച്ചിരുന്നതും, വീണുമുട്ടുപൊട്ടിയതും, ചളിവെള്ളത്തില്‍ വീണു കരഞ്ഞതും,    മദിരാശിമരത്തിൽ മുഖം അമര്ത്തി കരച്ചിൽ അടക്കിയതും. ....

രസമായിരുന്നു, വഴിയിലെ കല്ലുകള്‍ പന്തുപോലെ തട്ടിയുരുട്ടിയുരുട്ടി.., കുടതിരിച്ച്‌ തിരിച്ച്‌., ചളിവെള്ളത്തില്‍ കാല്‍കുതിര്‍ത്ത്‌., കൊണ്ടുള്ള എന്റെ സ്കൂളിലേക്കുള്ള യാത്രകള്‍.
രാജുവും ഷാജനുമൊക്കെ പുസ്തകം കക്ഷത്ത്‌ വച്ച്‌ ഗോലിയിട്ടുകളിച്ചുരസിച്ചാണു സ്കൂളിലേക്ക്‌ നടന്നുവരുന്നത്‌.
ക്ലാസ്സ്‌ ലീഡറായതുകൊണ്ട്‌ എനിക്ക്‌ ക്ലാസ്സില്‍ വൈകിയെത്താന്‍ പറ്റില്ല.
അക്കാലത്ത്‌ അവിടെ L.P. ക്ലാസ്സുകാര്‍ക്ക്‌ ഉപ്പുമാവു വിതരണമുണ്ടായിരുന്നു.
ഒരു 11 മണിയാവുമ്പോള്‍ ഉപ്പുമാവുണ്ടാക്കാന്‍ സഹായിക്കാന്‍  അന്നത്തെ കുട്ടികളിലെ ആജാനു ബാഹുവായ  ലോറന്‍സ്‌ കുട്ടികളുടെ അസൂയാകടാക്ഷങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട്‌ ക്ലാസ്സിനു പുറത്തേക്കു പോവും.( മാഷിന്റെ, ചൂരൽ ഭീതിയിൽ നിന്നും   രക്ഷപ്പെടുന്നതിന്റെ  .!).
മിക്കവാറും പരീക്ഷക്കൊക്കെ 'സമ്പൂജ്യന്‍'അയിരുന്ന ലോറന്‍സിനു എന്റെ 50/50 കാണുമ്പോള്‍ ദേഷ്യം വരും.
"ക്ടാവേ, നിന്റെ മാര്‍ക്കീന്നേ അഞ്ചു മാര്‍ക്കാ കള്‍ഞ്ഞാ എന്റെ മാര്‍ക്കായി. പോട, ഒരു പഠിപ്പുകാരന്‍ !. നീയൊക്കെ പഠിച്ചു പഠിച്ച്‌ ബീയേക്കാരനാവ്‌ !!.".
( ഇന്ത്യന്‍ പ്രസിഡന്റ്‌ കഴിഞ്ഞാല്‍ അടുത്തപദവിയാണ്‌ 'B.A'ക്കാരന്‍ എന്ന് അവൻ ഉറച്ചു വിശ്വസിച്ചിരുന്നു.)
രണ്ടാം ക്ലാസ്സിന്റെ പിന്നിലെ ഡോക്ടറുടെ പറമ്പില്‍ ഒരു മാവുണ്ട്‌.
ഉച്ചയ്ക്കു ഞാന്‍ വീട്ടില്‍പ്പോയി ഊ ണു കഴിച്ചു തിരിച്ചുവരുമ്പൊള്‍ പരമേശ്വരനും കൂട്ടരും മാവില്‍ കല്ലെറിയുന്നത്‌ കാണാം.
വല്ലപ്പൊഴും വീണു കിട്ടുന്ന ഒരു മാങ്ങാകഷ്ണം പരമേശ്വരന്‍ എനിക്കു തരും.പോക്കറ്റിൽ നിന്നും അല്പം ഉപ്പും. മദിരാശി കായ്കള്‍ തരാറുണ്ടെങ്കിലും അതു കഴിക്കാന്‍ കൊള്ളാവുന്നതാണെന്ന് എനിക്ക്‌ തോന്നിയിരുന്നില്ല.
പരമേശ്വരന്റെ അച്ചന്‍ നേരത്തേ മരിച്ചുപോയിരുന്നു.
ഹോട്ടലില്‍ പാത്രം കഴുകലായിരുന്നു പിന്നെ അവന്റെ അമ്മക്ക്‌.
മിക്ക ദിവസവും സ്കൂളിലേക്കുള്ള യാത്രയില്‍ പരമേശ്വരന്‍ വഴിയില്‍ വച്ചു ഒപ്പം കൂടും. പിഞ്ഞിത്തുടങ്ങിയ ഇളം നീല ഷര്‍ട്ടും നിക്കറുമാണ്‌ സ്ഥിരം വേഷം.
പുസ്തകങ്ങള്‍ ഇലാസ്റ്റിക്‌ നാടയിട്ട്‌ തോളില്‍ വച്ചാണ്‌ വരവ്‌.
(വലയും ഇലാസ്റ്റിക്‌ നാടയുമൊക്കെയാണ്‌ അന്നത്തെ പാവപ്പെട്ടവരുടെ ബാഗ്‌.) .
തോളിള്‍ കൈയിട്ട്‌, നടക്കുമ്പോള്‍ അവന്‍ ജയന്റെ സിനിമാകഥകള്‍ പറഞ്ഞു തരും.
ഉച്ചക്ക്‌ മദിരാശിത്തണലില്‍ വലിയ വേരില്‍ ഇരുന്ന് താഴെവീണ മദിരാശിക്കായകള്‍ തിന്നുകൊണ്ടാണ്‌ കഥയുടെ ബാക്കിപറയാറ്‌.
ഒരിക്കല്‍ ഒരു അവധി കഴിഞ്ഞ്‌ അല്‍പം വൈകി സ്കൂളിലെത്തിയപ്പൊള്‍, മുറ്റം നിറയെ കിടക്കുന്ന കായ്കള്‍ക്കു മീതെ ,മദിരാശിമുത്തശ്ശി വീണു കിടക്കുന്നതാണു കണ്ടത്‌.
മരം വെട്ടുകാരുടെ അടുത്ത്‌ വെയിലത്ത്‌ കായ്കള്‍ പെറുക്കികൊണ്ടു നിന്ന പരമേശ്വരന്‍ ഓടിവന്നു.
"ആന വന്നിട്ടാത്രെ തടികൊണ്ടോണത്‌. പിന്നെ ദേ ഇതു കണ്ടോ?" .
കൈ നിവര്‍ത്തിക്കാണിച്ചപ്പോള്‍ ഒരു കുഞ്ഞു കിളിക്കുഞ്ഞ്‌.
"ഇത്രേം പൊക്കത്തീന്നു വീണിട്ടും ഇതു ചത്തിട്ടില്ല്യ."
തുടരും ....
********* ******** ******** *****
നേരം വെളുത്തത്‌ അറിഞ്ഞില്ല. സ്ക്കൂളുള്ള ദിവസം അമ്മ വിളിച്ചുണര്‍ത്താറാണ്‌ പതിവ്‌. ഏണിറ്റപ്പൊള്‍ 8 മണികഴിഞ്ഞു.
പിന്നിലെ ഉമ്മറത്തു വന്നിരുന്നിട്ടാണ്‌ കണ്ണു മുഴുവന്‍ തുറന്നത്‌. അവിടെ കുറച്ചു നേരം ഇരുന്നു. എന്തോ ഒരു വല്ലായ്മ.
ഉമിക്കരിയെടുത്ത്‌ പല്ലു തേച്ചുകൊണ്ടിരിക്കുമ്പോള്‍ ഇന്നലത്തെ സ്വപ്നത്തെക്കുറിച്ചോര്‍ത്തു. ഒര്‍ത്തപ്പൊഴേ സങ്കടം വരുന്നു..
-- അമ്മയുടെ കയ്യും പിടിച്ചു അമ്പലതില്‍ ഉത്സവത്തിനു പോയതായിരുന്നു.
ഒരു തിരക്കു കഴിഞ്ഞു നോക്കുമ്പൊള്‍ കൂടെ വന്നവരാരെയും കാണനില്ല!.
തിരക്കിലൂടെ ഓടി മതില്‍ക്കെട്ടിനുപുറത്തു വന്നുനൊക്കിയപ്പൊ അതു പരിചയമില്ലാത്ത എതോ ഒരു സ്ഥലം !.
അമ്മയെ വിളിച്ച്‌ ഓട്ടം തുടങ്ങിയപ്പൊളതാ, ഒരാന കുത്താന്‍ വരണു.
സര്‍വശക്തിയും സംഭരിച്ച്‌ ഓടി.
അമ്പലക്കുളം കഴിഞ്ഞു മുളംക്കൂട്ടത്തിലൂടെ..,
പുല്ലാനി പൊന്തയിലൂടെ...
കണ്ണടച്ചോടിയതാണ്‌ കുഴപ്പായത്‌! . കണ്ണുതുറന്നുനോക്കിയപ്പോ എന്താ കഥ! .
വേറെ എതൊ ഭാഷ സംസാരിക്കുന്ന എതൊ ആളുകളുള്ള ഒരു സ്ഥലം !.
എത്ര കരഞ്ഞിട്ടും ഒരാളും നോക്കുന്നില്ല. !--
സ്വപ്‌നമാണെന്നറിഞ്ഞിട്ടും കരച്ചില്‍ വരണു.
അമ്മയുടെ അടുത്തു നില്‍ക്കാന്‍ തോന്നി.
മുഖം എത്രശോകഭാവത്തില്‍ ആക്കീട്ടും അമ്മ നോക്കണില്ല്യ.
മുറ്റത്തിരുന്ന്‌ അമ്മ മീന്‍ നന്നാക്കുന്നതും നോക്കി വാഴത്തണ്ടിലിരിക്കുന്ന ഒരു കാക്ക മാത്രം ഇടക്ക്‌ ചെരിഞ്ഞു നൊക്കണുണ്ട്‌.
അമ്മ ചോദിച്ചാല്‍ പറയായിരുന്നു, ഇന്നലത്തെ സ്വപ്നത്തെ പറ്റി.
"വേഗം പല്ലുതേക്കടാ ചെക്കാ. കാപ്പി പച്ചെള്ളായിണ്ടാവും".
അമ്മക്കു ദേഷ്യം വരുന്നതിനു മുന്‍പ്‌ ഒറ്റവലിക്ക്‌ കാപ്പികുടിച്ച്‌ ഉമ്മറത്തു പോയി 'മാതൃഭൂമി'യില്‍ കണ്ണോടിച്ചു.
സിനിമാപരസ്യങ്ങളൊക്കെ ഇന്നു കുറവാണല്ലോ?.
ഇന്നു ശനിയാഴ്ച്ചയാണല്ലേ. സ്ക്കൂളില്‍ പോണ്ട.
കുറച്ചു കൂടി കിടന്നാലോ?. വേണ്ട. ഷാജിയും ഷാഫിയുമുണ്ടെങ്കില്‍ കളിക്കാമായിരുന്നു.തലോരിലെ 'നല്ല സ്കൂളില്‍' ആണ്‌ അവര്‍ പഠിക്കുന്നത്‌.പക്ഷേ,5 മണിയായാലെ ഷാജിയുടെ അമ്മ അവനെയും അനിയനേയും കളിക്കന്‍ വിടുള്ളൂ, റ്റ്യൂഷനൊക്കെ കഴിഞ്ഞ്‌.
പുതിയ 'പൂമ്പാറ്റ' ഷാജി നാളെയെ വായിക്ക്ക്കാന്‍ തരുള്ളൂ.
വേറെയൊന്നും വായക്കാനില്ല . ഇനി എന്തു ചെയ്യും?.
തുരുമിച്ച്ച ജനലഴിയിലൂടെ പുറത്തേക്ക് നോക്കിനിന്നു .
മുന്‍പില്‍ കുറച്ചപ്പുറത്ത്‌ സലേഷിന്റെ വീടുകാണാം.
കഴിഞ്ഞ മാസമാണ്‌ സലേഷിന്റെ വീട്ടുകാര്‍ സ്ഥലം മാറി പോയത്‌. അവര്‍ പൊയപ്പോള്‍ ഉള്ളില്‍ എന്തോ പറിച്ചുമാറ്റുന്നതുപോലെ തോന്നിയിരുന്നു.അതിനു പുറകിൽ ദൂരെ നരച്ച  തെങ്ങുകൾക്ക് പിന്നിൽ ഓട്ടുകമ്പനിയുടെ പുക കാണാം.
മുൻപ് അതിന്റെ അപ്പുറത്ത്‌ , സ്കൂള്‍മുറ്റത്തെ മദിരാശിമരത്തിന്റെ തുമ്പ്‌ കാണാമായിരുന്നു.
ഇപ്പോല്‍ അതില്ല. ആ മദിരാശി മരം വെട്ടിയപ്പോഴാണു പരമേശ്വരന്‌ കിളികുഞ്ഞിനെ വീണു കിട്ടിയത്‌. അന്ന് ബെല്ലടിച്ചപ്പോള്‍  അതിനെ രണ്ടാം ക്ലാസ്സിനു പിന്നിലെ മാവിഞ്ചുവട്ടില്‍ കൊണ്ടുവച്ചു എന്നോര്‍ക്കുന്നു.
അതിന്‌ കൊക്കിലൂടെ അല്‍പം വെള്ളവും ഇറ്റിച്ചു കൊടുത്തിരുന്നു.
ഉച്ചഭക്ഷണസമയത്ത്‌ അവന്‍ അതിനെ നോക്കാന്‍ പോയപ്പോള്‍ എന്താണു കണ്ടത്‌....?
ഞാന്‍ ചോദിച്ചില്ല. പരമേശ്വരന്‍ പറഞ്ഞുമില്ല.
തുടരും.....

6.11.06

വിവാഹവാര്‍ഷികം

നവമ്പര്‍-6. ഇന്ന്‌ ഞങ്ങളുടെ ആദ്യവിവാഹവാര്‍ഷികം. കുറഞ്ഞത്‌ 100 വാര്‍ഷികമെങ്കിലും ഒരുമിച്ചുണ്ടാകുമെന്നാണ്‌ വിശ്വാസം. കനവെല്ലാം കതിരാകുവന്‍..,പരസ്പരമൂന്നുവടികളായി.., കോര്‍ത്തകൈകളുമായി അയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട്‌ നിലാവിന്റെ ശര്‍ക്കര നുണയുവാന്‍...

31.10.06


കേരളത്തിന്‌ അന്‍പതാം പിറന്നാളാശംസകള്‍!
മലയാളനാടിന്‌ എന്റെ നമോവാകം.

ഗോകര്‍ണം മുതല്‍ പാറശ്ശാലവരെയുള്ള ഈ ഭാര്‍ഗവഭൂമിയുടെ അതിരിനെ മലയാളിയുടെ വിശ്വപൌരത്വം ലോകം മുഴുവന്‍ ഇപ്പോള്‍ വ്യാപിപ്പിച്ചിരിക്കുന്നു.

ഈ മനോഹരതീരത്തിന്റെ, കവികള്‍ എത്രയും പാടിപ്പുകഴ്ത്തിയ ചാരുതയെക്കുറിച്ച്‌, വര്‍ണിക്കേണ്ടതില്ല.


ഒന്നു പറയാതിരിക്കാനാവില്ല, .

ഇതിലും മനോഹരമായ കായലും കടല്‍തീരവും അരുവികളും മലകളും ഉള്ള വേറെയും നാടുകള്‍ ഉണ്ടാകാം, ലോകത്ത്‌.

പക്ഷേ, ഇതെല്ലാം ഒരുമിച്ചൊരിടത്ത്‌..,

ഉണ്ടാവില്ല, സമശീതോഷ്ണമേഖലയില്‍, സഹ്യനില്‍ തലവച്ച്‌, അറബിക്കടല്ക്കാറ്റേറ്റുറങ്ങുന്ന എന്റെ കേരളത്തിലല്ലാതെ..


21.10.06

തൃശ്ശിവപെരൂര്‍-1


തൃശ്ശിവപെരൂര്‍..

സാംസ്കാരികതലസ്ഥാനത്തിനു ഒത്തനടുക്ക്‌ തേക്കിന്‍ കാട്‌ മൈതാനം...

ചുറ്റുമുള്ള പ്രദക്ഷിണ വഴിയിലൂടെ അനുസ്യൂതം വലം വയ്ക്കുന്ന വാഹനങ്ങളുടെ ബഹളതില്‍ നിന്നകന്ന് ധ്യാനനിമഗ്നനായി, നടുവില്‍ വടക്കും നാഥന്‍.

മൈതാനത്തിന്റെ പേരിപ്പോള്‍ 'വടക്കും നാഥന്‍ ക്ഷേത്രമൈതാനം' എന്നാക്കി മാറ്റിയിട്ടുണ്ടെങ്കിലും നാട്ടുകാര്‍ക്കിപ്പൊഴും മൈതാനം 'തേക്കിന്‍ കാടും' 'പൂരപ്പറമ്പും' തന്നെ .

പഴയ പ്രൌഢി നിലനിര്‍ത്താന്‍ നട്ടുപിടിപ്പിച്ച തേക്കിന്‍ തയ്യുകള്‍ വളര്‍ന്നു മരങ്ങളായിരിക്കുന്നു.

തുലാമഴയുടെ കനിവില്‍ എങ്ങും പച്ചപ്പ്‌.

ഉച്ചവെയിലടങ്ങിയാല്‍ കാറ്റുകൊള്ളാനെത്തുന്നവരുടെ തിരക്കായി.

തൊട്ടടുത്ത പാര്‍ക്കിനേക്കള്‍ ജനത്തിനിഷ്ടം ഈ വിശാലതയാണ്‌.

ഇവിടത്തെ ഏതെങ്കിലും ഒരു മരത്തണലില്‍ ഒരിക്കലെങ്കിലുമിരിക്കാത്ത തൃശ്ശൂര്‍ക്കാരുണ്ടാവില്ല.

മരത്തണലില്‍ സുഖമായി കിടന്നുറങ്ങുന്നവരുമുണ്ട്‌.തെക്കുഭാഗത്ത്‌ ചീട്ടുകളിക്കൂട്ടങ്ങള്‍ സജീവമാകുന്നു.
പണം വച്ചുള്ള കളിയിവിടെയില്ല.നിര്‍ദോഷകരമയ കളിക്കാണാന്‍ മാത്രമായി നഗരത്തിലെത്തുന്നവരുമുണ്ട്‌!.

ഗോപുരനടയില്‍നിന്ന് തെക്കോട്ടുള്ള ഇറക്കത്ത്‌ പ്രദക്ഷിണ വഴിയിലേക്ക്‌ നോക്കിയിരുന്നാല്‍ സമയം പോകുന്നതറിയില്ല.
പൂരക്കാലത്ത്‌ തെരുവു സര്‍ക്കസ്സുകാരും കൈ നോട്ടക്കാരുടെയും തിരക്കാണിവിടെ.

തെക്കെനടയിലേക്കു നോക്കിക്കൊണ്ട്‌ നില്‍ക്കുന്ന ശക്തന്‍ തമ്പുരാന്റെ പ്രതിമയുടെ ചുവടെ നിന്നാണ്‌ കുട്ടിക്കാലത്ത്‌ അച്ഛന്റെ കൈ പിടിച്ച്‌ ആദ്യമായി കുടമാറ്റം കണ്ടത്‌ .
കിഴക്കോട്ട്‌ നോക്കിയാല്‍ അകാശത്തിലേക്കു തല നീട്ടുന്ന പുത്തന്‍പള്ളി.
ചരിത്രമുറങ്ങുന്ന വിദ്യാര്‍ത്ഥി കോര്‍ണര്‍ വഴി പറ്റിഞ്ഞാറോട്ട്‌ നടന്ന് പടിഞ്ഞാറെഗോപുരനടയില്‍ ആല്‍ത്തറയിലെത്തുമ്പോള്‍ തൊഴുതു മടങ്ങുന്ന കാറ്റിന്റെ ചന്ദനഗന്ധം..

പൂരത്തിന്റെ ഒര്‍മകള്‍ ചെവിയില്‍ ഇലഞ്ഞിത്തറമേളമുയര്‍ത്തുന്നു.

മൈതാനത്ത്‌ സി.എം.എസ്സിന്റെ ഭാഗത്ത്‌ യുവാക്കള്‍ ക്രിക്കറ്റ്‌ കളിക്കുന്നു.

പണ്ടു പഠിച്ച സ്കൂളിനെ നോക്കുമ്പോള്‍ ഓര്‍മകളുടെ ആരവം..

നഗരത്തിന്റെ മുഖം പതുക്കെ മാറിവരുന്നു. വെടിക്കെട്ടിനെ പേടിക്കാതെ കൂറ്റന്‍ കെട്ടിടങ്ങള്‍ ഉയരുന്നു.
മൈതാനത്തിനു മാത്രം മാറ്റമില്ല.

മൈതാനം മോടിപിടിപ്പിക്കുന്നതിനായി കോര്‍പ്പറേഷന്റെ പുതിയ കൂറ്റന്‍ വിളക്കുകാലുകള്‍ മാത്രം പരിഷ്കാരം ചൊരിഞ്ഞു നില്‍പ്പുണ്ട്‌.

ആകാശത്തു സാന്ധ്യമേഘങ്ങള്‍ കുടമാറ്റത്തിനൊരുങ്ങുന്നു..
ഇനി മടങ്ങാം.

2.10.06

മഴവില്ല്


ഒരു ഓണക്കാലത്തായിരുന്നു ഉണ്ണിക്കുട്ടന്‍ ആദ്യമായി മഴവില്ല് കാണുന്നത്‌..
ഒരു കുഞ്ഞുമഴതോര്‍ന്നപ്പൊള്‍., പെയ്ത്തുവെള്ളത്തില്‍ നനഞ്ഞു പോയ കടലാസു വഞ്ചി തിരികെയെടുക്കാന്‍ നോക്കിയപ്പോളാണു.. വെള്ളതില്‍ ചായം കലക്കിയപോലെ ,ഒരു വില്ല്.!,
ആകാശത്തു നോക്കിയപ്പോള്‍ ,തൊടിക്കപ്പുറതുനിന്നും തുടങ്ങി ദൂരെ മദിരാശി മരത്തിനപ്പുറത്തേക്കും നീണ്ട്‌..ഇളം വെയിലില്‍ കടും നീല ആകാശച്ചെരുവിലൊരു മഴവില്ല്.

അതില്‍ നിറയെ ഊഞ്ഞാലാടുന്ന ഇളം മേഘക്കുഞ്ഞുങ്ങള്‍..
ദൈവത്തിന്റെ അടയാളമാണു മഴവില്ലെന്ന് അച്ചമ്മ പറഞ്ഞു തന്നിട്ടുണ്ട്‌..

ക്ലാസ്സില്‍ പഠിക്കുന്ന ബാബുവിന്റെ കൈയിലുള്ള ചോക്കു പെന്‍സിലിലേതുപോലെ
അതില്‍ നിറയെ നിറങ്ങള്‍.

നോക്കി നോക്കി നില്‍ക്കെ മഴവില്‍കുരുന്ന് മെല്ലെ മെല്ലെ അലിയാന്‍ തുടങ്ങി.
"പോവല്ലെ, പോവല്ലെ ഞാനിത്‌ അമ്മേനെ കാണിച്ചു കൊടുക്കട്ടെ".
പക്ഷെ ഉണ്ണിക്കുട്ടനോടു പിണങ്ങി മഴവില്ലലിഞ്ഞലിഞ്ഞു ഒരുമഴതുള്ളിയായി മണ്ണില്‍ വീണു.
"റ്റാറ്റാ..ഇനിയും വരണേ..".
താഴെ കളിവഞ്ചി അപ്പോഴേക്കും കുതിര്‍ന്നു പോയിരുന്നു.
അവന്‍ ഒന്നുകൂടെ ആകാശത്തേക്കു നോക്കി. നിറഞ്ഞ കണ്‍കോണിലപ്പൊഴും ഉണ്ടായിരുന്നു മഴവില്ലിന്റെ ഒരു പൊട്ട്‌.

1.10.06

പാതയോരങ്ങളില്‍,വാകമരങ്ങള്‍ ചുവപ്പാര്‍ന്ന സായാഹ്നക്കുടകള്‍ ചൂടിയ പകലിനുശേഷം,സ്‌ നേഹം പോലെ ലഹരിപൂണ്ട തണുപ്പിന്റെ കുത്തിനോവിക്കലുമേറ്റ്‌ ,നിലാവിന്റെ വെണ്മ പുളയുന്നതും നോക്കിക്കിടക്കുമ്പോള്‍,ഞാനറിയുന്നു.,ഞാനലിയുന്നു.. വാക്കിന്റെ വളപ്പൊട്ടുകള്‍ മനസ്സിലുടഞ്ഞു പോകാതെ പകര്‍ത്താന്‍ കഴിഞ്ഞെങ്കില്‍...
അക്ഷരം- ആനന്ദം, അനന്ദം,അലിവ്‌,അറിവ്‌,അമ്മ,അനുഗ്രഹം.
അക്ഷരപ്പൊട്ടുകള്‍ ഒട്ടിച്ചു ചേര്‍ത്ത്‌ എന്റെ ഭാഷയെ അണിയിക്കാനായെങ്കില്‍..,
ഉള്ളിന്നുള്ളം ചുട്ടുപൊള്ളുമ്പോള്‍, കുളിരു ചൊരിയുകയും,ഉള്ളിന്നുള്ളം തണുത്തുറയുമ്പോള്‍ കനലു ചൊരിയുകയും ചെയ്യുന്ന വാക്കുകള്‍ കിട്ടിയിരുന്നെങ്കില്‍,..

21.9.06

ഓര്‍മ്മ


'ഓര്‍മ്മ'..,

അര്‍ത്ഥവും സംഗീതവും ഉള്ള മനോഹരമായ പദം.
ഓര്‍മ്മയെ കുറിച്ചോര്‍ക്കുമ്പോള്‍ അനശ്വരനായ മലയാളത്തിന്റെ പ്രിയ കവിയുടെ (എന്‍.എന്‍.കക്കാട്‌) വാക്കുകളോര്‍മ്മയിലെത്തും..

"ചിന്ത തന്‍ കൊടുങ്കാറ്റുകുലുക്കി വീഴിപ്പൂ ത-
ന്നന്തരംഗത്തില്‍ ശാന്തിസൂനങ്ങള്‍ മൃദുലങ്ങള്‍
ആവിധം കാലത്തിന്റെകൊമ്പില്‍ നിന്നോരോ
വെള്ളിപ്പൂവുകള്‍കൊഴിയുവതോര്‍മ ചെന്നെടുക്കുന്നു."

ഉറങ്ങുന്ന മരക്കൊമ്പില്‍ നിന്നും തെറിച്ചുവീണ പറവക്കൂട്ടം പോലെ ,കവിയുടെ വാക്കുകള്‍ കാലത്തിലേക്കു വീണുപോയിരിക്കുന്നു; കാലത്തിനു സൂക്ഷിക്കാന്‍ വേണ്ടി..,

ഏകാന്തതയില്‍ ആര്‍ദ്രമായി തഴുകുന്ന ഗ്രുഹാതുരസ്മരണകളുടെ മയില്‍പ്പീലിസ്പര്‍ശം...

ഇളംകാറ്റില്‍ താഴേക്ക്‌ ഇത്തിരിചെരിഞ്ഞുവീഴുന്ന വാകപ്പൂവുകളെ പോലെ., ഭൂതകാലതിലേക്കു ചരിഞ്ഞുവീഴുന്ന സ്മരണകള്‍.

'നൊസ്റ്റാള്‍ജിയ' ഓരൊ മലയാളിയുടേയും പ്രീയപ്പെട്ട വികാരമാകുന്നതെന്തുകൊണ്ടാകും.?.

18.9.06

മേഘമല്‍ ഹാര്‍

(എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എഴുതിയ എന്റെ ആദ്യത്തെ കവിത എന്ന നിലക്ക്‌, കുറവുകളേറെയുണ്ടെങ്കിലും, എനിക്ക്‌ പ്രീയപ്പെട്ടതാണ്‌ 'മേഘമല്‌ഹാര്‍'.എനിക്കും ഒരു കവിതയെഴുതാന്‍ പറ്റുമോ എന്ന വെല്ലുവിളിയില്‍, കണ്ണുപൊള്ളിച്ച ചില ഭൂതകാലക്കാഴ്ചകളുടെ കനലുകളൂതിയൂതി ഉള്ളുരുക്കി എഴുതിയതാണിത്‌. ബ്ലോഗിന്റെ പേരും അതാകാമെന്നു തോന്നി.)സിമെന്റു ബഞ്ചിന്റെ നിറമുള്ള ഈ പാര്‍ക്കിനു മുന്നിലെ 
കുഴിഞ്ഞ കണ്ണുള്ള  അന്ധഗായകനു 'താന്‍സെന്റെ' സ്വരം .

 ആ കണ്ണിലെ  വയലറ്റ്‌ നിറമാണു മേഘമല്‍ ഹാര്‍ രാഗത്തിന്ന്..

നീലക്കൊടുവേലിതേടിയലയുന്ന വേനല്‍പക്ഷിയുടെ രാഗം..
മുള്ളില്‍ നെഞ്ഞമര്‍ത്തിപാടിയ കുയിലിന്റെ പെയ്തൊഴിഞ്ഞപാട്ട്
തലക്കു മീതെ മീതെ തീക്കണ്ണുമായി ഗഗനഹൃദയം ജ്വലിക്കുന്നു..,
കനലുചൊരിയുന്ന കാറ്റിനുഹരിചന്ദനഗന്ധം നഷ്ടമായതെന്ന്?


ശൂലം തറഞ്ഞ നാവുമായി പീലിക്കാവടിയണിഞ്ഞ ബാല്യം...
കണ്ണീരില്‍ക്കുതിര്‍ന്ന മയില്‍പ്പീലിക്കണ്ണുകളുമായി
തെരുവുതിണ്ണയിലുറങ്ങുന്ന കുഞ്ഞുമോഹങ്ങള്‍  ...

ഇപ്പോള്‍ ; എന്റെയീപെരുവിരല്‍ത്തുമ്പുരുകിത്തീരുമ്പൊള്‍,
മനസ്സുപകര്‍ത്താനൊരു മേഘക്കീറു തരിക,

മാരിവില്ലു കുലക്കുവാനൊരു മിന്നല്‍ക്കൊടിയും..

വറുതിയുടെ തോടു പൊട്ടിച്ച്‌ ,കരിമേഘം തകര്‍ത്ത്‌,
അനാഥസ്വപ്നത്തിലെ തോരാതാരാട്ടിന്നീണമായി,പെയ്തിറങ്ങുക

നിനക്കായി കുഴിഞ്ഞു  താണ കണ്ണുകള്‍  തടാകങ്ങള്‍ ..

9.9.06

'ബൂലോഗം'

'ബൂലോഗം'എന്ന മലയാളം ബ്ലോഗ്‌ ഉലകത്തില്‍ ഇനി ഞങ്ങളും...

നിന്‍ നിഗൂഡതയുടെ വിസ്മയതീരങ്ങളിലെന്റെ വാങ്മയമൊരുതിരയായ്‌ ചാന്‍ചാടട്ടെ

എന്റെ നാട്‌..

'എന്റെ നാട്‌..
ആറ്റുവഞ്ഞിയും നാട്ടുപുന്നയും കൈതയും നിരന്നപുഴയുടെ തീരത്തിനിപ്പുറം,
പൂചെംബാന്‍ വയലും കടന്ന്, ഇളം വെയിലിന്റെ തോളിലേറി വരുന്നകാറ്റില്‍,
പുഴയിലേക്ക്‌ ഇത്തിരി ചാഞ്ഞു വീഴുന്നകണിക്കൊന്നപ്പൂക്കള്‍..
ചുവന്നുനീണ്ട ഇത്തിള്‍പ്പൂക്കള്‍, കാട്ടുനാരകപ്പൂക്കള്‍, പുന്നപ്പൂക്കള്‍, പിന്നെ നെല്ലിമരത്തിനിപ്പുറം ആകശതിലേക്കു കൈനീട്ടിയ പാരിജാതം .
ഇലഞ്ഞിയില്‍ പടര്‍ന്ന തിപ്പലി,കാട്ടുമുല്ലപ്പൊന്തയും പാണലും, കുന്നിവള്ളിയും, മരോട്ടിയും, ചെംബഴങ്ങള്‍ തൂങ്ങുന്ന കോവലും...
പിന്നെ.. നീര്‍മരുത്‌, മലവാക..പൂങ്കുലള്‍ നിറഞ്ഞ അശോകത്തിനുതാഴെ, വള്ളിപ്പന്തലില്‍ പറ്റര്‍ന്നുകയറാന്‍ തിരക്കുകൂട്ടുന്ന വെള്ളപ്പൂക്കള്‍ വിടരുന്ന വള്ളിപ്പടര്‍പ്പുകള്‍..
പുഴയുടെ മീതെ മഴക്കാലം പെയ്യുന്നു..

ഞങ്ങള്‍


മിഴികളില്‍ നിറകതിരായി സ്‌ നേഹം ,മൊഴികളില്‍ സംഗീതമായി .
മൃദുകര സ്പര്‍ശനം പോലും, മധുരമൊരനുഭൂതിയായി.
ചിരികളില്‍ മണിനാദമായി സ്‌ നേഹം, അനുപദം ഒരു താളമായി .
കരളിന്‍ തുടിപ്പുകള്‍ പോലും ഇണക്കിളികള്‍ തന്‍ കുറുമൊഴിയായി .

ഒരു വാക്കില്‍ തേന്‍ കണമായി സ്‌ നേഹം ,ഒരു നോക്കിലുത്സവമായി .
തളിരുകള്‍ക്കിടയിലെ പൂക്കള്‍ പ്രേമലിഖിതത്തിന്‍ പൊന്‍ലിപിയായി..
കടപ്പാട്‌: 'യവനിക'യിലെ സുന്ദരമായ ഗാനം.

Related Posts with Thumbnails